Tuesday, November 1, 2011

എം പി ഗംഗാധരന്‍ അന്തരിച്ചു


മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം പി ഗംഗാധരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പകല്‍ 2.20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗത്തെതുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

1934ല്‍ മലപ്പുറത്ത് രാമനാട്ടുകര ഐക്കരപ്പടി വെണ്ണായൂരില്‍ പി ശങ്കരപ്പണിക്കരുടെയും എം മാധവിയമ്മയുടെയും മകനായി ജനിച്ചു. എം കെ ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍ : അഡ്വ. ബിനേഷ്, രമേഷ് (എന്‍ജിനിയര്‍ , ദുബായ്), ബിന്ദു. മരുമക്കള്‍ : മല്ലിക, അഞ്ജു, ബിനോയ്. ഏറെ കാലമായി താമസിക്കുന്ന തിരുവനന്തപുരം പിടിപി നഗറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലിന് കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ആറുതവണ നിയമസഭാംഗമായിരുന്ന ഗംഗാധരന്‍ , രാഷ്ട്രീയത്തില്‍ കെ കരുണാകരന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. അഭിഭാഷകനായി എന്‍റോള്‍ ചെയ്തശേഷമാണ് സജീവരാഷ്ട്രീയത്തിലിറങ്ങിയത്. 1967ല്‍ കൊണ്ടോട്ടിയില്‍നിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. 1970ല്‍ നിലമ്പൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 70ല്‍ തന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിലും നിലമ്പൂര്‍ നിലനിര്‍ത്തി. പൊന്നാനി, പട്ടാമ്പി മണ്ഡലങ്ങളില്‍നിന്നായി ആറുതവണ നിയമസഭയിലെത്തി. "82 മുതല്‍ "86 വരെ ജലസേചനമന്ത്രിയായി. 2005ല്‍ എംഎല്‍എസ്ഥാനം രാജിവച്ച് കരുണാകരനൊപ്പം കോണ്‍ഗ്രസ് വിട്ടു. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന പ്രസിഡന്റായി. തുടര്‍ന്ന് ഡിഐസിയിലും എന്‍സിപിയിലും എത്തി. കരുണാകരനുപിന്നാലെ കോണ്‍ഗ്രസിലേക്ക് മടങ്ങി. കെടിഡിസി ചെയര്‍മാന്‍ , കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ , നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡര്‍ , എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

deshabhimani 011111

1 comment:

  1. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം പി ഗംഗാധരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പകല്‍ 2.20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗത്തെതുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

    ReplyDelete