Saturday, November 19, 2011

കലോത്സവത്തിനിടെ ബിജെപിക്കാര്‍ എസ്എഫ്ഐ നേതാവിനെ വെട്ടി

കൊടുങ്ങല്ലൂര്‍ : ഉപജില്ലാ കലോത്സവ വേദിക്ക് പുറത്ത് ബിജെപിക്കാര്‍ മുളക്പൊടി വിതറി എസ്എഫ്ഐ നേതാവിനെ വെട്ടി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കഴുത്തില്‍ വെട്ടേറ്റ എസ്എഫ്ഐ കൊടുങ്ങല്ലൂര്‍ ഏരിയ വൈസ് പ്രസിഡന്റ് ശാന്തിപുരം കാട്ടകത്ത് നൗഫലിനെ (20) ടികെഎസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തോപ്പില്‍ ലിജേഷി (24)നെയും മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പകല്‍ 4.30നാണ് മാരകായുധങ്ങളും മുളക്പൊടിയുമായെതിയ ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതിലകം ഒഎല്‍എഫ് ജിഎച്ച്എസില്‍ നടക്കുന്ന ഉപജില്ലാ സ്കൂള്‍ യുവജനോത്സവത്തിന്റെ സമാപന ദിനമായിരുന്നു വെള്ളിയാഴ്ച. കലോത്സവത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തിയ ബിജെപിക്കാര്‍ പ്രകോപനില്ലാതെയാണ് മതിലകം സെന്ററിന് സമീപം ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. എടവിലങ്ങില്‍ നിന്നാണ് അക്രമി സംഘം എത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം മുളകുപൊടി വിതറുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതിനിടെയാണ് നൗഫലിന്റെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിയത്. ലിജേഷിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇരുവരെയും മതിലകം റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡികെയര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനായ എടവിലങ്ങ് പുളിപ്പറമ്പില്‍ ഗോപിനാഥിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബിജെപി കയ്പമംഗലം നിയോജമണ്ഡലം വൈസ് പ്രസിഡന്റും എടവിലങ്ങ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പിടിഎ പ്രസിഡന്റും കൊലക്കേസ് പ്രതിയുമായിരുന്ന പുളിപ്പറമ്പില്‍ വിശ്വനാഥന്റെ മകനാണ് ഇയാള്‍ . കൊടുങ്ങല്ലൂര്‍ സിഐ നവാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ആക്രമത്തില്‍ ഡിവൈഎഫ്ഐ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

ചെങ്ങന്നൂര്‍ ഐടിഐയില്‍ എസ്എഫ്ഐക്കാരെ ആക്രമിച്ചു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ എബിവിപി-ആര്‍എസ്എസ് അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 15 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരികൃഷ്ണന്‍ (19), അനൂപ് (19), അംബരീഷ് (20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ന് ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിക്കിടെയാണ് മര്‍ദിച്ചത്.

ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അംബരീഷ് ഐടിഐയിലെ കഴിഞ്ഞവര്‍ഷത്തെ മാഗസിന്‍ പ്രദര്‍ശിപ്പിച്ചതാണ് എബിവിപിക്കാരെ പ്രകോപിതരാക്കിയത്. എസ്എഫ്ഐ യൂണിയന്‍ ഭരിക്കുന്ന ഇവിടെ മാഗസിന്‍ പുറത്തിറക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും എബിവിപി-കെഎസ്യു കൂട്ടുകെട്ട് നടത്തിയിരുന്നു. അംബരീഷിനെ മര്‍ദിച്ചതിനെ തടഞ്ഞ അനൂപ്, ഹരികൃഷ്ണന്‍ അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് എബിവിപിക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പുറത്തുനിന്നും ആര്‍എസ്എസുകാര്‍ ക്യാമ്പസില്‍ പ്രവേശിച്ചും മര്‍ദിച്ചു. അധ്യാപകര്‍ക്കും എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ക്യാമ്പസില്‍ എത്തിയെങ്കിലും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. ക്യാമ്പസിന് വെളിയില്‍ എത്തിയ പ്രവര്‍ത്തകരെ വീണ്ടും ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലി. എന്നാല്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറായില്ല.

ഗവ. ഐടിഐയിലെ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആക്രമണംമൂലം ഇലക്ഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ശനി, തിങ്കള്‍ , ദിവസങ്ങള്‍ ക്യാമ്പസിന് അവധിയായും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ എസ്എഫ്ഐ ഏരിയകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. എസ്എഫ്ഐ വിജയം ക്യാമ്പസില്‍ ഉറപ്പായതിനെ തുടര്‍ന്ന് എബിവിപി ആക്രമണം നടത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ ചെങ്ങന്നൂര്‍ ഏരിയസെക്രട്ടറി സിന്റോ, പ്രസിഡന്റ് ജയിംസ് സാമുവല്‍ എന്നിവര്‍ പറഞ്ഞു.

deshabhimani 191111

1 comment:

  1. ഉപജില്ലാ കലോത്സവ വേദിക്ക് പുറത്ത് ബിജെപിക്കാര്‍ മുളക്പൊടി വിതറി എസ്എഫ്ഐ നേതാവിനെ വെട്ടി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കഴുത്തില്‍ വെട്ടേറ്റ എസ്എഫ്ഐ കൊടുങ്ങല്ലൂര്‍ ഏരിയ വൈസ് പ്രസിഡന്റ് ശാന്തിപുരം കാട്ടകത്ത് നൗഫലിനെ (20) ടികെഎസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തോപ്പില്‍ ലിജേഷി (24)നെയും മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete