Friday, November 4, 2011

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കര്‍ഷകസംഘം

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മൊതക്കര ശശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കുംബത്തിന്റെ കടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളകര്‍ഷകസംഘം വയനാട് ജില്ലാകമ്മിറ്റി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.

വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര മല്ലിശ്ശേരിയില്‍ ശശി കടബാധ്യത മൂലമാണ് ആത്മഹത്യചെയ്തത്. കാര്‍ഷിക വിളകളായ ഇഞ്ചി, വാഴ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും രാസവളത്തിന്റെ വിലവര്‍ധനവും ഉല്‍പ്പാദന ചിലവ് വര്‍ധിപ്പിച്ചതും, ഇന്ധനവില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവുമെല്ലാം ജീവിത ചിലവുകള്‍ വര്‍ധിച്ചു. അനവസരത്തിലുള്ള കാറ്റും മഴയും വലിയതോതില്‍ കൃഷിനശിക്കാനിടയായതും തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കുകളുടെ സമ്മര്‍ദ്ദവും കൃഷിക്കാരെ കൂടുതല്‍ പ്രയാസം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍ സര്‍ഫാസി ആക്ട് ഉപയോഗിച്ച് പണയം വെച്ച ഭൂമി ലേലം ചെയ്യുന്നു.

കൃഷിനാശത്തിന് യഥാസമയം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാസവളത്തിന് സബ് സിഡി നല്‍കിയും കുറഞ്ഞ പലിശക്ക് വായ്പ നല്‍കിയും ദേശീയ തൊഴിലുറപ്പ് കാര്‍ഷിക മേഖലയില്‍ വിളവിറക്കാനും വിളവെടുപ്പിനും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണം. യോഗത്തില്‍ സി കെ സഹദേവന്‍ അധ്യക്ഷനായി. എം വേലായുധന്‍ , പി കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.

മഴ : നെഞ്ചില്‍ തീയുമായി നെല്‍കര്‍ഷകര്‍

കല്‍പ്പറ്റ: കനത്ത് പെയ്യുന്ന തുലാവര്‍ഷം നെല്‍കര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിടുന്നു. ശക്തമായി തുടരുന്ന മഴയില്‍ നെല്‍കൃഷി നശിക്കുമോ എന്ന ആശങ്ക കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. നെല്ല് കതിരിട്ട് സമയത്ത് പെയ്യുന്ന മഴ കാരണം പരാഗണം നടക്കാത്തതിനാല്‍ നെല്ല് പതിരായി പോകാന്‍ സാധ്യതയുണ്ടെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു.

നെല്‍കൃഷിയില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങികൊണ്ടിരിക്കുമ്പോഴും ഏറെ ത്യാഗം സഹിച്ച് വളരെ കുറച്ച് കര്‍ഷകര്‍ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. പലരും വായ്പയെടുത്താണ് കൃഷി നടത്തുന്നത്. കുടുംബശ്രീ നേതൃത്വത്തില്‍ സ്ത്രീകളും ചിലയിടങ്ങളില്‍ കൃഷി ഇറക്കിയിട്ടുണ്ട്. ഇത്തരക്കാരെയാണ് മഴ ദുരിതത്തിലാക്കുന്നത്. മഴ ഈ നിലയില്‍ തുടരുകയാണെങ്കില്‍ നെല്ല് പതിരാവുകയും ഉത്പാദനം കുറയുകയും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ തുടരുന്ന മഴ രണ്ട് ദിവസമായി കനത്തു. നെല്‍കൃഷിക്ക് മാത്രമല്ല പച്ചക്കറി കൃഷിക്കും മഴ തടസമാകുന്നുണ്ട്. സ്കൂളുകളിലും മറ്റും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും കൃഷി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

deshabhimani 041111

1 comment:

  1. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മൊതക്കര ശശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കുംബത്തിന്റെ കടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളകര്‍ഷകസംഘം വയനാട് ജില്ലാകമ്മിറ്റി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.

    ReplyDelete