Sunday, November 20, 2011

അശാസ്ത്രീയ പഠനരീതികള്‍ വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അശാസ്ത്രിയമായ പഠന രീതികള്‍  വിദ്യാര്‍ഥികളില്‍ മാനസികവും ശാരീരികവുമായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും, അധ്യാപനരീതിയും എന്ന വിഷയത്തില്‍  ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.  സ്‌കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ തലം വരെയുള്ള ക്ലാസുകളില്‍ ഇത്തരം അപചയം ഉണ്ടാകുന്നതായാണ് കണ്ടെത്തല്‍.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നതിന്റെ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനാരോഗ്യകരമായ ചുറ്റുപാടുകളാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകള്‍, എന്‍ജിനിയംറിംഗ് കോളജുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് വിദഗ്ധര്‍ പഠനം നടത്തിയത്. മാനസിക, ശാരീരിക പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ  തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍  എല്ലാ വര്‍ഷങ്ങളിലും വന്‍ വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്.

അധ്യാപകര്‍ പിന്‍തുടരുന്ന പരുക്കന്‍ അധ്യാപന രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. വിദ്യാലയങ്ങളില്‍ ഒരുകാരണവശാലും കടുത്ത ശിക്ഷ നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം.  കഠിനമായ ശിക്ഷകള്‍ കുട്ടികളില്‍ ഭയം ജനിപ്പിക്കുന്നു. സ്‌കൂളുകളിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ഇത് കുട്ടികളില്‍ പഠനത്തോട് വിരക്തി സൃഷ്ടിക്കുന്നു. ഇത് പ്രൊഫഷണല്‍ തലംവരെയുള്ള കുട്ടികളേയും ബാധിക്കുന്നു. ചൂരല്‍ പ്രയോഗം നടത്തുന്ന സ്‌കൂളുകളുടെ എണ്ണവും കുറവല്ല. അപരിഷ്‌കൃതമായ ശിക്ഷാരീതികള്‍ പഠനത്തിലുള്ള കുട്ടികളുടെ താല്‍പര്യം നഷ്ടപ്പെടുത്തുകയും കുട്ടികളില്‍ മാനസിക തകര്‍ച്ച സൃഷ്ടിക്കുകയും ചെയ്യുന്നു. സ്‌കൂളിലെ കടുത്ത ശിക്ഷകള്‍മൂലം മാനസിക പ്രശ്‌നങ്ങളുണ്ടായ നിരവധി കുട്ടികളെ ശിശുരോഗ വിദഗ്ധര്‍, മനശാസ്ത്ര വിദഗ്ധര്‍ എന്നിവരുടെ പരിചരണത്തിനായി  രക്ഷിതാക്കള്‍ കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ട് വെളിവാക്കുന്നു.

സ്‌കൂളുകളില്‍ കൊണ്ടുപോകുന്ന പഠനവസ്തുക്കളുടെ അമിതഭാരവും വിദ്യാര്‍ഥികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നടുവേദന, ബാക്ക് നെക് പെയ്ന്‍, ഡിസ്‌ക് പ്രശ്‌നങ്ങള്‍, നട്ടെല്ല് തേയ്മാനം, എല്ലുകളുടെ തേയ്മാനം എന്നീ അസുഖങ്ങള്‍ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതിന് കാരണം സ്‌കൂള്‍ ബാഗിന്റെ  അമിതഭാരമാണ്. ബാഗിന്റെ  ഭാരം കുട്ടിയുടെ ഭാരത്തിന്റെ പത്ത്  ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്  നിബന്ധന. എന്നാല്‍ ഇത്  മിക്കപ്പോഴും പാലിക്കപ്പെടാറില്ല. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ഗൃഹപാഠങ്ങള്‍  സ്‌കൂളില്‍ തന്നെ ചെയ്യണം. പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും സ്‌കൂളുകളില്‍ എര്‍പ്പെടുത്തണം.

പ്രത്യേകിച്ചും എല്‍ കെ ജി, യു കെ ജി ക്ലാസുകളില്‍ പുസ്തകം വയ്ക്കാനുള്ള സൗകര്യം ഒരുക്കണം. ഓരോ മൂന്നു മാസത്തേക്കും പ്രത്യേക നോട്ട് ബുക്കുകളും പുസ്തകങ്ങളും തയ്യാറാക്കിയാല്‍ ഭാരം മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയും. നോട്ടുബുക്കുകളും മറ്റും സ്‌കൂളില്‍ത്തന്നെ ഫയല്‍ചെയ്താല്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ ബാഗുകളുടെ ഭാരവും കുറയ്ക്കാം. അഞ്ചാം ക്ലാസ് മുതല്‍ ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിദ്യാഭ്യാസ പരിഷ്‌കാര സമിതി നേരത്തെതന്നെ ശുപാര്‍ശ ചെയ്തിരുന്നു. ഇതും സംസ്ഥാനത്ത് ഇനിയും നടപ്പാക്കിയിട്ടില്ല. സ്‌കൂളുകളിലും കോളജുകളിലും ബെഞ്ചുകള്‍ മാറ്റി കസേരകള്‍ നല്‍കണമെന്ന നിര്‍ദ്ദേശവും ഇനിയും നടപ്പാക്കിയിട്ടില്ല.

സൗകര്യപ്രദമായ ക്ലാസ് മുറികളും കളിസ്ഥലങ്ങളും സ്‌കൂളുകളില്‍ ഒരുക്കേണ്ടതും അനിവാര്യമാണ്. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം നാല്‍പ്പതില്‍ കൂടരുത്. ക്ലാസ് മുറിയുടെ വലിപ്പം ചുരുങ്ങിയത് 400 ചതുരശ്ര അടി ആയിരിക്കണം. എല്‍ പി സ്‌കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം വേണം. ആഴ്ച്ചയില്‍ നാല് മണിക്കുറെങ്കിലും കലാകായിക പരിപാടികള്‍ക്കായി നീക്കിവയ്ക്കണം. ബിഎഡ് കോഴ്‌സില്‍ ചെല്‍ഡ് സൈക്കോളജി (കുട്ടികളുടെ മനശാസ്ത്രം) വിശദമായി പഠിപ്പിക്കണം. അതിനായി സിലബസില്‍ മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വിദ്യാര്‍ഥികളിലെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഗണിച്ച് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കണം. സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റിയെടുത്ത് അധ്യാപക- വിദ്യാര്‍ഥി സൗഹൃദ വിദ്യാലയങ്ങളാക്കണം. സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കണം. പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പരീക്ഷയുടെ ഭാഗമായുണ്ടാകുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിന് കൗണ്‍സലിംഗ് നല്‍കണം. യോഗ ക്ലാസുകള്‍ മാസത്തിലൊരിക്കലെങ്കിലും സംഘടിപ്പിക്കണം.

സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായി അഭിമുഖ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച മേല്‍ക്കൈ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കെ ആര്‍ ഹരി janayugom 201111

1 comment:

  1. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അശാസ്ത്രിയമായ പഠന രീതികള്‍ വിദ്യാര്‍ഥികളില്‍ മാനസികവും ശാരീരികവുമായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും, അധ്യാപനരീതിയും എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സ്‌കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ തലം വരെയുള്ള ക്ലാസുകളില്‍ ഇത്തരം അപചയം ഉണ്ടാകുന്നതായാണ് കണ്ടെത്തല്‍.

    ReplyDelete