Sunday, November 20, 2011

ജനസമ്പര്‍ക്ക പരിപാടി: ഊട്ടുപുര അടച്ച് വരാന്തയില്‍ കഞ്ഞി

ജനസമ്പര്‍ക്കത്തിന് ധൂര്‍ത്ത്: ധനവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രി തള്ളി

ജനസമ്പര്‍ക്കപരിപാടിയുടെ മറവില്‍ നിയന്ത്രണമില്ലാതെ പണം വിതരണം ചെയ്യുന്നതിനെതിരെ ധനവകുപ്പ് നല്‍കിയ മുന്നറിയിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ അനുഭവം മുന്‍നിര്‍ത്തി പൊതുപണം ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും മാനദണ്ഡങ്ങളും ധനവിനിയോഗചട്ടങ്ങളും മറികടന്ന് ആനുകൂല്യങ്ങള്‍ വാരിവിതറാന്‍ പാടില്ലെന്നും ധനവകുപ്പ് രേഖാമൂലം റവന്യൂവകുപ്പിനോട് നിര്‍ദേശിച്ചു. 16ന് ധനവകുപ്പ് നല്‍കിയ കത്ത് ഉടന്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തി. എന്നാല്‍ , ശനിയാഴ്ച എറണാകുളത്തെ ജനസമ്പര്‍ക്കത്തിലും എല്ലാ നിയന്ത്രണവും വിട്ട് പണം വിതരണംചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇവിടത്തെ പരിപാടി. മുന്‍കൂട്ടി വാങ്ങിയതിനുപുറമെ ആയിരക്കണക്കിന് അപേക്ഷകള്‍ മുഖ്യമന്ത്രി നേരിട്ട് വാങ്ങി ഉടന്‍ തീരുമാനമെടുക്കുന്നതാണ് എറണാകുളത്ത് കണ്ടത്.

അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പുവരുത്താതെ പണം വിതരണം ചെയ്യരുതെന്ന് ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. പണം വിതരണം ചെയ്യുന്നത് മുഖ്യമന്ത്രിയാണെങ്കിലും ഉത്തരം പറയേണ്ടത് ധനവകുപ്പാണ്. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ അരങ്ങേറുന്ന നടപടിക്രമങ്ങളുടെ ലംഘനം തങ്ങളെ കുരുക്കുമെന്നു കണ്ടാണ് ധനവകുപ്പിന്റെ മുന്‍കൂര്‍ ജാമ്യം. ചട്ടങ്ങള്‍ പാലിക്കാതെ ദുരിതാശ്വാസനിധിയില്‍നിന്ന് കോടിക്കണക്കിനു രൂപ വിതരണംചെയ്യുന്നത് അക്കൗണ്ടന്റ് ജനറലിന്റെ നടപടിക്ക് കാരണമാകുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയത് സ്വയരക്ഷയ്ക്കാണ്. തങ്ങള്‍ നേരത്തേ തന്നെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയെന്നുപറഞ്ഞ് രക്ഷപ്പെടാനാകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍ .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. പ്രകൃതിക്ഷോഭം, മറ്റു ദുരന്തങ്ങള്‍ , മാരകമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം നല്‍കുന്നു. വര്‍ഷം ഇരുപതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് അര്‍ഹത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സഹിതം വില്ലേജ് ഓഫീസര്‍ക്കോ തഹസീല്‍ദാര്‍ക്കോ കലക്ടര്‍ക്കോ സമര്‍പ്പിക്കണം. തഹസീല്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറാണ് പണം നല്‍കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യേണ്ടത്. 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് സഹായം. ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ സഹായം ലഭിക്കൂ. എന്നാല്‍ അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്ക് ഈ നിബന്ധന ബാധകമല്ല.

ബഹുജനസമ്പര്‍ക്കപരിപാടിയില്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍പറന്നു. ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ സര്‍ക്കാര്‍ ചട്ടങ്ങളും നിബന്ധനകളും വെല്ലുവിളിക്കുന്നത് ധനവകുപ്പിനെ അമ്പരപ്പിച്ചു. പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് രോഗികളും വൃദ്ധരും അടക്കമുള്ളവരെ ദിവസം മുഴുവന്‍ കാത്തുനിര്‍ത്തുന്ന ക്രൂരതയും വിമര്‍ശം ഉയര്‍ത്തി. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികളും ജനസമ്പര്‍ക്കവിനോദത്തിന്റെ ഇരകളായി. വികലാംഗ-വിധവാ പെന്‍ഷന്‍ , കുടുംബപെന്‍ഷന്‍ , വീട് നിര്‍മാണ സഹായം, പഠനസഹായം, പട്ടയം, ചികിത്സാസഹായം, റേഷന്‍കാര്‍ഡ് തുടങ്ങിയവയാണ് ജനസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യുന്നത്. ഇതിനായി ജില്ലകളിലെ ഭരണനിര്‍വഹണസംവിധാനമാകെ ദിവസങ്ങളോളം നിശ്ചലമാക്കുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് വിതരണം ചെയ്യാനായി ആയിരക്കണക്കിന് പാവങ്ങളുടെ ആനുകൂല്യങ്ങള്‍ മാസങ്ങളോളം പിടിച്ചുവയ്ക്കുന്നു. അപേക്ഷവാങ്ങിയശേഷം പിന്നീട് താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ചെന്ന് പണം കൈപ്പറ്റാന്‍ നിര്‍ദേശിച്ച് ആയിരക്കണക്കിനാളുകളെ തിരിച്ചയച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അനര്‍ഹരെ കൂട്ടത്തോടെ എത്തിച്ച് പണം കൊടുപ്പിച്ചു.

ജനസമ്പര്‍ക്കം: ശയ്യാവലംബരും കാത്തുകിടന്നത് മണിക്കൂറുകള്‍

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് 16 വര്‍ഷമായി ഒരേ കിടപ്പിലായ മൂവാറ്റുപുഴ ആയവന കളപ്പുരയ്ക്കല്‍ ഗിരീഷിന് (43) പരസഹായമില്ലാതെ വശങ്ങളിലേക്ക് തിരിയാന്‍പോലുമാകില്ല. ഇടുപ്പെല്ലു തകര്‍ന്ന നെട്ടൂര്‍ കൈതക്കത്തറയില്‍ കെ സി കുഞ്ഞന്‍വാവ (83) പ്രായത്തിന്റെ അവശതകൂടി പേറി ശയ്യാവലംബിയായിട്ട് വര്‍ഷങ്ങളായി. അതുപോലെ എത്രയോപേര്‍ കലക്ടറേറ്റ് വളപ്പിലെ പൊള്ളുന്ന ചൂടുസഹിച്ച് മണിക്കൂറുകളായി ആംബുലന്‍സ് വാനുകളില്‍ കാത്തുകിടപ്പായിരുന്നു. ചുറ്റും മിന്നുന്ന ക്യാമറകളെ സാക്ഷിയാക്കി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ദുരിതാശ്വാസത്തിന്റെ ആശ്വാസവും പ്രതീക്ഷിച്ച്. ജില്ലയുടെ കിഴക്കേയറ്റത്തെ ഇലഞ്ഞി പഞ്ചായത്തില്‍നിന്ന് ശരീരമാസകലം തളര്‍ന്നു കിടപ്പിലായ പത്തുവയസ്സുകാരന്‍ മകനെയും താങ്ങിയെടുത്ത് കലക്ടറേറ്റ് വളപ്പിലേക്കുള്ള തങ്കച്ചെന്‍റ വരവ് ആരുടെയും കരളലയിക്കുന്നതായിരുന്നു.

ജനിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ ബേസിലിന്റെ ശരീരം തളര്‍ന്നതാണ്. കൂലിപ്പണിക്കാരനായ അച്ഛന്‍ തങ്കച്ചന് താങ്ങാനാകുന്നതിലും അപ്പുറമാണ് ചികിത്സാച്ചെലവ്. ആകെ തളര്‍ന്ന മകന്റെ ശരീരവും താങ്ങി തങ്കച്ചന്‍ ജനസമ്പര്‍ക്കവേദിയിലിരിക്കുമ്പോള്‍ മൂന്നുതവണ ബേസിലിന് അപസ്മാരംവന്നു. നാലുവയസ്സുകാരന്റെമാത്രം വളര്‍ച്ചയുള്ള കിളുന്തുശരീരം കൂടുതല്‍ തളര്‍ന്നു. മരുന്നും ഭക്ഷണവുമൊന്നും കരുതാതെ പെട്ടെന്ന് ഓട്ടോ വിളിച്ച് വരികയായിരുന്നു. എന്നിട്ടും കാത്തിരുന്നു. പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം വാങ്ങാന്‍ . തീര്‍ത്തും അവശരായ പത്തോളംപേരാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അര്‍ഹമായ ദുരിതാശ്വസം കൈപ്പറ്റാന്‍ കിലോമീറ്ററുകള്‍ താണ്ടി കലക്ടറേറ്റ് വളപ്പിലെത്തിയത്. പലരുടെയും രോഗത്തിന്റെയും അവശതയുടെയും വിവരങ്ങള്‍ ജനപ്രതിനിധികള്‍ക്കും തദ്ദേശഭരണ നേതൃത്വത്തിനും അറിയാമായിരുന്നിട്ടും ജനസമ്പര്‍ക്കപരിപാടിയുടെ ബഹളത്തിലേക്കും തിരക്കിലേക്കും ഇവരെ ആട്ടിത്തെളിക്കുകയായിരുന്നു. രാവിലെ എട്ടോടെ സ്ഥലത്തെത്തിയ ഇവരുടെ വാഹനങ്ങള്‍ കലക്ടറേറ്റ് റോഡിലെ പൊള്ളുന്ന ചൂടില്‍ പാര്‍ക്ക്ചെയ്യാനാണ് അനുവദിച്ചത്. ഒമ്പതരയോടെ മുഖ്യമന്ത്രി സ്ഥലത്തെത്തി. ഒരുമണിക്കൂറോളം നീണ്ട ഉദ്ഘാടനനടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ആംബുലന്‍സിലെ രോഗികളെ കാണാനെത്തുമ്പോഴേക്കും സമയം 11. ഉദ്യോഗസ്ഥര്‍ക്കും പരിവാരങ്ങള്‍ക്കുമൊക്കൊപ്പം ആംബുലന്‍സിനടുത്തെത്തി മുഖ്യമന്ത്രി രോഗികളുടെ ബന്ധുക്കളോട് വിവരങ്ങളാരാഞ്ഞ് ദുരിതാശ്വാസനിധിയില്‍നിന്ന് തുക അനുവദിക്കുന്നു. അതു കൈപ്പറ്റാന്‍ പിന്നെയും മണിക്കൂറുകളോളം കാത്തുകിടപ്പ്. വെള്ളമോ മരുന്നോ ഇല്ലാതെ ബന്ധുമിത്രാദികളുടെ സാമീപ്യത്തിന്റെമാത്രം ആശ്വാസമറിഞ്ഞ്.

ഉമ്മന്‍ചാണ്ടി ആദ്യം മുഖ്യമന്ത്രിയായ കാലത്ത് മന്ത്രിയായിരുന്ന ഡൊമിനിക് പ്രസന്റേഷന്‍ പ്രഖ്യാപിച്ച ദുരിതാശ്വാസമാണ് നെട്ടൂര്‍ സ്വദേശി കുഞ്ഞന്‍വാവയ്ക്ക് ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയുടെ കൈയൊപ്പില്‍ കനിഞ്ഞത്. 1995ല്‍ നെട്ടൂരിലുണ്ടായ തോണിയപകടത്തില്‍ മകനും ഭാര്യയും രണ്ടു കുഞ്ഞുമക്കളും നഷ്ടപ്പെട്ട കുഞ്ഞന്‍വായ്വക്ക് 50,000 രൂപ ദുരിതാശ്വാസം നല്‍കുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ പത്രവാര്‍ത്തയും ഇവര്‍ കരുതിയിരുന്നു. അപകടത്തില്‍ ശരീരംതളര്‍ന്ന ആലുവ അശോകപുരം സ്വദേശി അന്‍സാറി (32)നെ മാരുതി ഒമ്നി ആംബുലന്‍സിലാണ് എത്തിച്ചത്. പൊരിവെയിലില്‍ വാഹനത്തിനുള്ളിലെ ചൂടുസഹിച്ചായിരുന്നു കാത്തുകിടപ്പ്. ഉച്ചയോടെ 25,000 രൂപ സഹായം അനുവദിച്ചതായി മുഖ്യമന്ത്രിയുടെ കുറിപ്പു കിട്ടി.

പരാതികള്‍ പരണത്തുവച്ചു; നടന്നത് പണംവിതരണംമാത്രം

തൃക്കാക്കര: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വൈകിട്ടുവരെ പ്രധാന ചടങ്ങ് ദുരിതാശ്വാസ സഹായനിധി വിതരണം. കാക്കനാട് സിവില്‍സ്റ്റേഷന്‍ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രിക്ക് ദുരിതശ്വാസ സഹായത്തിനുള്ള അപേക്ഷ നല്‍കലാണ് നടന്നത്. രാവിലെ നല്‍കിയ അപേക്ഷയുടെ ചെക്ക്വിതരണം വൈകിട്ട് നടക്കുമെന്ന അറിയിപ്പു വന്നതോടെ അപേക്ഷ കൊടുത്തവര്‍ രാത്രി വൈകുംവരെ കാത്തുനില്‍ക്കേണ്ടിവന്നു. 156 പേരുടെ അപേക്ഷയാണ് ശനിയാഴ്ചവരെ ഫണ്ട് വിതരണ കൗണ്ടറില്‍ ലഭിച്ചത്. നല്‍കിയ അപേക്ഷയും റിപ്പോര്‍ട്ടും വീണ്ടും അപേക്ഷകന്‍ കൗണ്ടറില്‍ ചെന്ന് വാങ്ങി മുഖ്യമന്ത്രിയെ കാണണം. അപ്പോള്‍ തുകയും അനുവദിക്കും. ഈ തുകയാണ് വൈകിട്ട് നല്‍കിയത്. നവംബര്‍ 10 വരെ അപേക്ഷ നല്‍കിയ 40 പേര്‍ക്ക് ചെക്ക് എഴുതിവച്ചിരുന്നു. 116 പേര്‍ ദുരിതാശ്വാസ സഹായത്തിന് വീണ്ടും അപേക്ഷ നല്‍കി.

സാധാരണഗതിയില്‍ വില്ലേജ് ഓഫീസില്‍ നല്‍കേണ്ട അപേക്ഷയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി സ്വീകരിച്ചത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ മുഖേന കലക്ടര്‍ക്ക് നല്‍കും. ഇവിടെനിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. വികലാംഗര്‍ക്കുള്ള സഹായവും ചികിത്സാസഹായവും മുഖ്യമന്ത്രി നല്‍കി. നിരവധിപേര്‍ രാവിലെ എട്ടിനുതന്നെ പന്തലില്‍ എത്തിയെങ്കിലും പലര്‍ക്കും വൈകിട്ട് അഞ്ചോടെ മാത്രമേ അപേക്ഷ നല്‍കാന്‍ കഴിഞ്ഞുള്ളു.

തൃക്കാക്കര നഗരസഭയിലെ പടമുകള്‍ പ്രദേശത്തുള്ള ചാലക്കര വീട്ടില്‍ സുലൈമാന്റെ മകള്‍ വികലാംഗയായ റസീന അമ്മയ്ക്കൊപ്പം രാവിലെതന്നെ എത്തി. വീല്‍ചെയറിലെത്തിയ ഇവര്‍ക്ക് ഉച്ചയോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍കഴിഞ്ഞത്. എടവനക്കാട് പഞ്ചായത്തില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികളായ സജീവ്, ഷീജന്‍ തുടങ്ങിയ ഏഴോളംപേര്‍ തങ്ങളുടെ റേഷന്‍കാര്‍ഡ് എപിഎലില്‍നിന്ന് ബിപിഎല്‍ ആക്കാനാണ് അപേക്ഷ നല്‍കിയത്. എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, വൈപ്പിന്‍ ബിഡിഒ, വിഇഒ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് സപ്ലൈ ഓഫീസില്‍ നല്‍കിയെങ്കിലും അപേക്ഷ കാണുന്നില്ലെന്നാണ് അന്വേഷണ കൗണ്ടറില്‍നിന്നു പറഞ്ഞത്.

ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസില്‍ 86 അപേക്ഷയാണ് ലഭിച്ചത്. ഒന്നും പരിഹരിക്കാന്‍ കഴിഞ്ഞില്ല. പൊതുമരാമത്ത് കെട്ടിടവിഭാഗത്തില്‍ ലഭിച്ചത് ഏഴു പരാതിയാണ്. ഇവ പിന്നീട് പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 161 പരാതിയാണ് ബാങ്ക് സംബന്ധിച്ച് മുഖ്യമന്ത്രിക്കു ലഭിച്ചത്. കോതമംഗലം പിണവൂര്‍ക്കുടി പട്ടികവര്‍ഗ കോളനിയിലെ ആദിവാസികള്‍ രാത്രിയോളം കാത്തുനിന്ന് നിരാശയോടെ മടങ്ങി. കലക്ടറേറ്റ് വളപ്പില്‍ നടന്ന പരിപാടിയില്‍ ബെന്നി ബഹ്നാന്‍ എംഎല്‍എ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി കെ വി തോമസ്, മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, എംപിമാരായ കെ പി ധനപാലന്‍ , പി ടി തോമസ്, ചാള്‍സ് ഡയസ്, എംഎല്‍എമാരായ ജോസ് തെറ്റയില്‍ , സാജുപോള്‍ , ഡൊമിനിക് പ്രസന്റേഷന്‍ , ടി യു കുരുവിള, വി ഡി സതീശന്‍ , ഹൈബി ഈഡന്‍ , ജോസഫ് വാഴയ്ക്കന്‍ , വി പി സജീന്ദ്രന്‍ , അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പിള്ളി, കലക്ടര്‍ പി ഐ ഷേഖ് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.
(എം എസ് അശോകന്‍)

കൗണ്ടറുകള്‍ പലതിലും ആളില്ല; ജനസമ്പര്‍ക്കപരിപാടി പ്രഹസനമായി

തൃക്കാക്കര: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെ കൊട്ടിഘോഷിച്ച് എറണാകുളത്ത് നടത്തിയ ജനസമ്പര്‍ക്കപരിപാടിയും പ്രഹസനം. പരാതിക്ക് പരിഹാരമില്ലാതെ ഏറെപ്പേരും നിരാശരായി മടങ്ങി. "ഊട്ടുപുര അടച്ച് വരാന്തയില്‍ കഞ്ഞി" എന്നാണ് ജനസമ്പര്‍ക്കപരിപാടിക്കെത്തി നിരാശനായ ഒരാള്‍ പ്രതികരിച്ചത്. കലക്ടറേറ്റിനുതാഴെ വിശാലമായ പന്തലിട്ട് വിവിധ വകുപ്പുകളുടെ 23 കൗണ്ടര്‍ തുറന്നെങ്കിലും പലതിലും ആളില്ലാ കസേരകളായിരുന്നു. ഓരോ ഓഫീസിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു. എല്ലാ കൗണ്ടറുകള്‍ക്കുമുന്നിലും നീണ്ട ക്യൂ രൂപപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ എത്തിയില്ല. പ്രാഥമികാരോഗ്യം, പിഎസ്സി, എസ്ബിഐ, കെഎസ്എഫ്ഇ, ദേവസ്വം, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , ടെക്നിക്കല്‍ സ്കൂള്‍ , സെക്രട്ടറിയറ്റ്, റെയില്‍വേ, കായികം തുടങ്ങിയ കൗണ്ടുറകളില്‍ ജീവനക്കാര്‍ എത്തിയില്ല. ഇത് വ്യാപക പരാതിക്കിടയാക്കിയെന്നും അപേക്ഷകര്‍ കാത്തുനില്‍ക്കുന്നുവെന്നും മൈക്ക് അനൗണ്‍സ്മെന്റ് വന്നെങ്കിലും ജീവനക്കാര്‍ എത്തിയില്ല. ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതികള്‍ പരിഹരിക്കാനും മുതിര്‍ന്നില്ല.

പോക്കുവരവ് സംബന്ധിച്ച നിരവധി അപേക്ഷകള്‍ റവന്യുവകുപ്പിനു ലഭിച്ചു. ഇതെല്ലാം ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് അയച്ചു. അവിടെനിന്ന് വില്ലേജ്ഓഫീസിലേക്ക് അപേക്ഷകള്‍ കൈമാറിയെങ്കിലും അപേക്ഷ വീണ്ടും നല്‍കാനാണ് പറഞ്ഞത്. ഏഴായിരം അപേക്ഷകള്‍ കലക്ടറേറ്റിലും വിവിധ ഓഫീസുകളില്‍നിന്ന് 10,000 അപേക്ഷകളും പരാതികളുമാണ് ലഭിച്ചത്. എന്നാല്‍ പകുതിയില്‍താഴെ പോലും അപേക്ഷകള്‍ പരിഗണിക്കാനോ പരിഹാരം കാണാനോ കഴിഞ്ഞില്ല. വൈകിട്ടുവരെ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്ന പലരും നിരാശരായി മടങ്ങി. ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ആയിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്റ്റേജില്‍ നിന്നത്. ടി എച്ച് മുസ്തഫ സ്റ്റേജില്‍ വന്നെങ്കിലും മുഖ്യമന്ത്രിയെ കണ്ടില്ല. എംഎല്‍എമാരും മന്ത്രിമാരും ഒഴിച്ചുള്ളവരെല്ലാം സ്റ്റേജില്‍നിന്ന് ഇറങ്ങണമെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തിട്ടും കേട്ടതായി പലരും ഭാവിച്ചില്ല. തങ്ങള്‍ക്ക് വേണ്ടപ്പെട്ട പരാതിക്കാരെക്കൂട്ടി നീണ്ടനിരകള്‍ മറികടന്നു പോകുന്ന കോണ്‍ഗ്രസ് നേതാക്കളെയും കാണാമായിരുന്നു.

ആക്ഷേപം മന്ത്രിസഭ ചര്‍ച്ചചെയ്യും: മുഖ്യമന്ത്രി

കൊച്ചി: ജനസമ്പര്‍ക്കപരിപാടിയില്‍ ചട്ടവിരുദ്ധമായി പണം ചെലവഴിക്കുന്നതായി ധനവകുപ്പ് ഉന്നയിച്ച ആക്ഷേപം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ധനവകുപ്പിന്റെ അഭിപ്രായം പരിശോധിച്ച് സ്വതന്ത്രാഭിപ്രായം അറിയിക്കാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടു. അവര്‍ ബുധനാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എറണാകുളത്തെ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിയിലെ ധൂര്‍ത്തിനെക്കുറിച്ച് ധനവകുപ്പ് ഉന്നയിച്ച ആക്ഷേപം ഒരു പത്രത്തില്‍(ദേശാഭിമാനിയില്‍) വാര്‍ത്തയായി എന്നു സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ധനവകുപ്പിന്റെ നടപടിയില്‍ തെറ്റില്ല. എന്നാല്‍ , എല്ലാ കാര്യങ്ങളും ചട്ടപ്രകാരം നടപ്പാക്കാന്‍ കഴിയില്ല. ചട്ടം പാലിക്കാന്‍ മാത്രമായി അര്‍ഹരായവരുടെ ആനുകൂല്യം വൈകിക്കരുത്. ജനസമ്പര്‍ക്കപരിപാടിയില്‍ കിട്ടുന്ന പരാതികളില്‍ സര്‍ക്കാര്‍ റെക്കോഡുകള്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കാനാകില്ല. നൂറെണ്ണം ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ പിശക് സ്വാഭാവികമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടി സര്‍ക്കാര്‍ പരാജയമെന്നതിനു തെളിവ്: ജി സുധാകരന്‍

ആലപ്പുഴ: യുഡിഎഫ് ഭരണത്തില്‍ ഒരുവകുപ്പും ഒന്നും ചെയ്യുന്നില്ലെന്നതിന്റെ വിളംബരമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയെന്ന് ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു സുധാകരന്‍ . ഒന്നുംരണ്ടും മാസങ്ങള്‍ക്കുമുമ്പ് അനുവദിച്ച ചികിത്സാസഹായംപോലും വിതരണം ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ആളെക്കൂട്ടാനായി ഇവയുടെ വിതരണം മാറ്റിവച്ചു. 22ന് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കത്തിന് ഈ പാവങ്ങളെയും വരുത്തി പരാതി പരിഹരിക്കാനാണ് ഉദ്ദേശം.

ആലപ്പുഴ കലക്ടര്‍ തുടര്‍ച്ചയായി പ്രോട്ടോകോള്‍ ലംഘിക്കുകയാണ്. കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടികളില്‍ കലക്ടര്‍ അധ്യക്ഷനാകുന്നു. ഒന്നും ചെയ്യാതെ ചില ഉദ്യോഗസ്ഥര്‍ കേവലം സ്തുതിപാഠകരായി മാറി. ഇത് ജനങ്ങള്‍ എപ്പോഴും അംഗീകരിച്ച് തരില്ല. ജി സുധാകരനും തോമസ് ഐസക്കും ഇപ്പോഴും മന്ത്രിമാരാണെന്നാണ് ധാരണയെന്നാണ് ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ പറയുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് കിട്ടാത്ത ജനകീയ അംഗീകാരം ഇപ്പോഴും തങ്ങള്‍ക്ക് കിട്ടുന്നതില്‍ ഷുക്കൂര്‍ എന്തിനു അസൂയപ്പെടണം. രാജാകേശവദാസിനുശേഷം ആലപ്പുഴയില്‍ ഇത്രയേറെ വികസനം കൊണ്ടുവന്നത് വി എസ് അച്യുതാനന്ദന്‍ ഗവണ്‍മെന്റാണെന്ന് സുധാകരന്‍ പറഞ്ഞു. ഗവണ്‍മെന്റ്-എയ്ഡഡ് സ്കൂളുകളെല്ലാം ഇല്ലാതാക്കി സ്വകാര്യ സ്കൂള്‍മാത്രം നിലനിര്‍ത്താനാണ് യുഡിഎഫ് നീക്കം. എല്‍ഡിഎഫ് നടപ്പാക്കിയ നല്ലകാര്യങ്ങളെല്ലാം അവര്‍ ഇല്ലാതാക്കുകയാണ്. വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

deshabhimani 201111

1 comment:

  1. ബഹുജനസമ്പര്‍ക്കപരിപാടിയില്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍പറന്നു. ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ സര്‍ക്കാര്‍ ചട്ടങ്ങളും നിബന്ധനകളും വെല്ലുവിളിക്കുന്നത് ധനവകുപ്പിനെ അമ്പരപ്പിച്ചു. പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് രോഗികളും വൃദ്ധരും അടക്കമുള്ളവരെ ദിവസം മുഴുവന്‍ കാത്തുനിര്‍ത്തുന്ന ക്രൂരതയും വിമര്‍ശം ഉയര്‍ത്തി. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികളും ജനസമ്പര്‍ക്കവിനോദത്തിന്റെ ഇരകളായി. വികലാംഗ-വിധവാ പെന്‍ഷന്‍ , കുടുംബപെന്‍ഷന്‍ , വീട് നിര്‍മാണ സഹായം, പഠനസഹായം, പട്ടയം, ചികിത്സാസഹായം, റേഷന്‍കാര്‍ഡ് തുടങ്ങിയവയാണ് ജനസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യുന്നത്. ഇതിനായി ജില്ലകളിലെ ഭരണനിര്‍വഹണസംവിധാനമാകെ ദിവസങ്ങളോളം നിശ്ചലമാക്കുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് വിതരണം ചെയ്യാനായി ആയിരക്കണക്കിന് പാവങ്ങളുടെ ആനുകൂല്യങ്ങള്‍ മാസങ്ങളോളം പിടിച്ചുവയ്ക്കുന്നു. അപേക്ഷവാങ്ങിയശേഷം പിന്നീട് താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ചെന്ന് പണം കൈപ്പറ്റാന്‍ നിര്‍ദേശിച്ച് ആയിരക്കണക്കിനാളുകളെ തിരിച്ചയച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അനര്‍ഹരെ കൂട്ടത്തോടെ എത്തിച്ച് പണം കൊടുപ്പിച്ചു.

    ReplyDelete