Sunday, November 20, 2011

ആണവകരാര്‍ : ഇന്ത്യക്ക് വീണ്ടും നഷ്ടക്കച്ചവടം


ആണവസാങ്കേതിക വിദ്യയും ഇന്ധനവും ഇന്ത്യക്ക് നിഷേധിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി ആണവക്കരാറിലെത്തുന്നത് എന്നാണ് 2006 ആഗസ്ത് 17ന് രാജ്യസഭയിലും 2007 ആഗസ്ത് 13ന് ലോക്സഭയിലും നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്. എന്നാല്‍ , 2008ല്‍ കരാറില്‍ ഒപ്പിട്ടിട്ടും പ്രധാനമന്ത്രി വിഭാവനം ചെയ്ത സമ്പൂര്‍ണ ആണവ സഹകരണം മാത്രം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. അമേരിക്കയ്ക്കുമുമ്പില്‍ നിരന്തരം കീഴടങ്ങുന്ന ഇന്ത്യക്ക് സാങ്കേതികവിദ്യാനിഷേധത്തില്‍നിന്ന് രക്ഷപ്പെടാനായതുമില്ല. കരാര്‍ ഒപ്പിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ആണവക്കരാറിന്റെ ഭാഗമായി ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അടുത്ത 10 വര്‍ഷത്തിനകം അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനുമാകില്ല.

സമ്പൂര്‍ണ സിവില്‍ ആണവസഹകരണം ലഭിക്കുമെന്ന് ഉറപ്പായാല്‍ മാത്രമേ അമേരിക്കയുമായി കരാറില്‍ ഒപ്പിടൂവെന്ന് പറഞ്ഞ പ്രധാനമന്ത്രി അക്കാര്യത്തില്‍ ആദ്യമേ കീഴടങ്ങി. 2008ല്‍ സാങ്കേതിക ഉപരോധം തുടരവേ തന്നെ ഇന്ത്യ അമേരിക്കയുമായി സിവില്‍ ആണവകരാര്‍ ഒപ്പുവച്ചു. 2008 സെപ്തംബറില്‍ ആണവവിതരണസംഘത്തില്‍(എന്‍എസ്ജി) നിന്നും ഇന്ത്യക്ക് പൂര്‍ണ ഇളവ് ലഭിച്ചുവെന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വരവിന് തൊട്ടുമുമ്പ് കരാറില്‍ ഒപ്പുവച്ചത്. എന്‍എസ്ജിയില്‍ ഇളവ് ലഭിച്ചതോടെ ഇന്ത്യക്ക് ഇഎന്‍ആര്‍(സമ്പുഷ്ടീകരണം, പുനഃസംസ്ക്കരണം) സാങ്കേതികവിദ്യയും ഘനജല സാങ്കേതികവിദ്യയും യഥേഷ്ടം ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ , പിന്നീട് ചേര്‍ന്ന ജി എട്ട് സമ്മേളനം ആണവനിര്‍വ്യാപനകരാറില്‍ (എന്‍പിടി)ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യകള്‍ നല്‍കരുതെന്ന് വ്യക്തമാക്കി. എന്‍പിടിയില്‍ ഒപ്പിടാത്ത നാല് ആണവരാഷ്ട്രങ്ങളാണ് ഉള്ളത്- പാകിസ്ഥാന്‍ , ഇന്ത്യ, ഇസ്രയേല്‍ , ഉത്തരകൊറിയ. ഇതില്‍ എന്‍എസ്ജിയില്‍നിന്ന് ഇളവ് ലഭിച്ചത് ഇന്ത്യക്ക് മാത്രമായതിനാല്‍ അമേരിക്ക നേതൃത്വം നല്‍കുന്ന ജിഎട്ടിന്റെ തീരുമാനം ഇന്ത്യയെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു. ഈ വര്‍ഷം ജൂണില്‍ ചേര്‍ന്ന എന്‍എസ്ജി യോഗവും ഈ സാങ്കേതികവിദ്യകള്‍ എന്‍പിടിയില്‍ ഒപ്പിടാത്ത രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പൂര്‍ണ സിവില്‍ ആണവസഹകരണം എന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷ അസ്ഥാനത്തായി.

ഹൈഡ് ആക്ടിലെ 104(ഡി)(4)(എ), ബി വകുപ്പുകള്‍ അനുസരിച്ച് സമ്പുഷ്ടീകരണം, പുനഃസംസ്ക്കരണം, ഘനജലം എന്നിവയുടെ സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കുന്നതില്‍നിന്ന് വിലക്കുന്നുണ്ട്. 2006ലെ ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചേ അമേരിക്കയ്ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നാണ് ജി എട്ടിന്റെയും എന്‍എസ്ജിയുടെ തീരുമാനം വ്യക്തമാക്കുന്നത്. ആണവകരാറില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിച്ച ഒരു നേട്ടവും ലഭിച്ചില്ലെങ്കിലും അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മന്‍മോഹന്‍സിങ് ചെയ്തുകൊടുക്കുകയും ചെയ്തു. അമേരിക്ക നല്‍കുന്ന ഉപകരണങ്ങളും മറ്റും അവര്‍ നല്‍കുമ്പോള്‍ പറഞ്ഞ ആവശ്യത്തിന് തന്നെയാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ അനുവാദം നല്‍കുന്ന അന്ത്യോപയോഗക്കരാര്‍(ഇയുഎംഎ) ഇതിലൊന്നാണ്. രണ്ടാമത്തേതാണ് ആണവബാധ്യതാ നിയമം. ആണവദുരന്തമുണ്ടാകുന്ന പക്ഷം അമേരിക്കന്‍ക്കമ്പനികളെ ബാധ്യതയില്‍നിന്ന് രക്ഷിക്കാനുള്ള നിയമമാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. 500 കോടി രൂപമാത്രമാണ് ആണവദാതാക്കളുടെ ബാധ്യതയായി ആദ്യം നിശ്ചയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് അത് 1500 കോടിയാക്കി. അതുപോലെ തന്നെ ആണവദാതാക്കള്‍ നല്‍കുന്ന ഉപകരണങ്ങളുടെ തകരാറുകൊണ്ട് അപകടമുണ്ടായാല്‍ അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നകാര്യം കരാറിലുണ്ടെങ്കില്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ശഠിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം അത് ഒഴിവാക്കി. ഏറ്റവും അവസാനം നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍ വിദേശകമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.
(വി ബി പരമേശ്വരന്‍)

ആണവ റിയാക്ടര്‍ : ഇന്ത്യ കീഴടങ്ങുന്നു- ശാസ്ത്ര സാഹിത്യ പരിഷത്ത്

ഇന്ത്യയ്ക്ക് ആണവ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളെ ആണവ അപകട ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്ന വിധം ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ലോകമെങ്ങും ആണവോര്‍ജത്തിന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ച നിലനില്‍ക്കുമ്പോഴാണ് അമേരിക്കന്‍ കോര്‍പറേറ്റുകള്‍ക്കു മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ആണവ റിയാക്ടറുകള്‍ തരുന്ന അമേരിക്കയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരൊറ്റ ആണവനിലയം പോലും സ്ഥാപിച്ചിട്ടില്ല. ഫുക്കുഷിമ അപകടത്തെ തുടര്‍ന്ന് ജര്‍മനി 2020 ഓടെ പൂര്‍ണമായും ആണവോര്‍ജവിമുക്തമാക്കാന്‍ തീരുമാനിച്ചു. മറ്റുപല രാജ്യങ്ങളും ആണവോര്‍ജം ഉപേക്ഷിക്കാന്‍ തയ്യാറെടുത്തുവരുന്നു. എന്നിട്ടും ആണവോര്‍ജം അപകടരഹിതമാണെന്നും ജനങ്ങള്‍ ഒന്നും ഭഭയപ്പെടേണ്ടെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡോക്ടര്‍ അബ്ദുള്‍കലാമിനെപ്പോലുള്ള ടെക്നോക്രാറ്റുകളുടെയും ഉപദേശം ബാലിശവും അസ്വീകാര്യവുമാണ്. റിയാക്ടര്‍ നല്‍കുന്ന കമ്പനികളുടെ ബാധ്യത ആദ്യത്തെ 5വര്‍ഷത്തേയ്ക്കു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ആണവനിലയത്തിന് ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികളെക്കൂടി ബാധ്യതയില്‍ ഉള്‍പ്പെടുത്താനുള്ള പാര്‍ലമെന്റ് നിര്‍ദേശത്തെ മറികടക്കാന്‍ അവരുടെ ബാധ്യത, ഗ്യാരണ്ടി പിരീഡിലേക്കു മാത്രമായി ചുരുക്കി. 30-40 കൊല്ലം പ്രവര്‍ത്തിക്കേണ്ട റിയാക്ടറുകള്‍ക്കാണ് ഈ നിബന്ധന. ജനങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള ഈ കീഴടങ്ങലിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയരണം. ഇന്ത്യയിലെ ആണവ നിലയ നിര്‍മാണ പരിപാടികള്‍ ഉടന്‍ പൂര്‍ണമായും നിര്‍ത്തിവെയ്ക്കണമെന്നും കൂടംകുളം നിലയം താപവൈദ്യുത നിലയമാക്കണമെന്നും ജൈതാപ്പൂര്‍ പദ്ധതിയും തുടര്‍പദ്ധതികളും ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

deshabhimani 201111

1 comment:

  1. ആണവസാങ്കേതിക വിദ്യയും ഇന്ധനവും ഇന്ത്യക്ക് നിഷേധിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി ആണവക്കരാറിലെത്തുന്നത് എന്നാണ് 2006 ആഗസ്ത് 17ന് രാജ്യസഭയിലും 2007 ആഗസ്ത് 13ന് ലോക്സഭയിലും നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്. എന്നാല്‍ , 2008ല്‍ കരാറില്‍ ഒപ്പിട്ടിട്ടും പ്രധാനമന്ത്രി വിഭാവനം ചെയ്ത സമ്പൂര്‍ണ ആണവ സഹകരണം മാത്രം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. അമേരിക്കയ്ക്കുമുമ്പില്‍ നിരന്തരം കീഴടങ്ങുന്ന ഇന്ത്യക്ക് സാങ്കേതികവിദ്യാനിഷേധത്തില്‍നിന്ന് രക്ഷപ്പെടാനായതുമില്ല. കരാര്‍ ഒപ്പിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ആണവക്കരാറിന്റെ ഭാഗമായി ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അടുത്ത 10 വര്‍ഷത്തിനകം അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനുമാകില്ല.

    ReplyDelete