Thursday, November 3, 2011

ഐഎന്‍എസ് ആക്ഷേപം നിരുത്തരവാദപരം-പിണറായി

പത്രവിതരണം തടസ്സപ്പെടുത്തി പത്രസ്വാതന്ത്ര്യം ലംഘിക്കാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ ആക്ഷേപം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്ക് സിപിഐ എമ്മിനോട് രാഷ്ട്രീയ വിരോധമുണ്ടെങ്കിലും ഒരു പത്രത്തിന്റെയും വിതരണം തടസ്സപ്പെടുത്തുക എന്നത് പാര്‍ടിയുടെ നയമോ പരിപാടിയോ അല്ല. അച്ചടിമാധ്യമങ്ങളുടെ വിതരണം അട്ടിമറിച്ച് പത്രങ്ങളുടെ വായ് മൂടിക്കെട്ടാമെന്ന തലതിരിഞ്ഞ ചിന്തയോ അതിനായുള്ള നീക്കമോ സിപിഐ എമ്മിനില്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

വസ്തുത ഇതായിരിക്കെ പത്രം ഏജന്റുമാരുടെ സംഘടനയുടെ പ്രവര്‍ത്തന പരിപാടികളുടെ പേരില്‍ സിപിഐ എമ്മിനെ അപഹസിക്കുന്ന പ്രസ്താവനയുമായി ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് അഷീഷ് ബാഗ രംഗത്തുവന്നത് നിര്‍ഭാഗ്യകരമായിപ്പോയി. ഇതിനു പ്രേരണയേകുതാണ് മനോരമയുടെ മുഖപ്രസംഗവും.

പത്രം ഏജന്റുമാര്‍ സംഘടന രൂപീകരിക്കുകയും ചില ജില്ലകളില്‍ അവരുടെ ആവശ്യങ്ങള്‍ ഉയിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. അത് ആ സംഘടനയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇക്കാര്യത്തില്‍ സിപിഐ എമ്മിനെ കക്ഷിചേര്‍ക്കുന്നതും പഴിക്കുന്നതും രാഷ്ട്രീയ ദുരുദ്ദേശം മാത്രമാണ്. സിപിഐ എമ്മിലെ സംഘടനാകാര്യങ്ങളെപ്പറ്റി ഒരു തുടര്‍ ഫീച്ചര്‍ മനോരമ പ്രസിദ്ധീകരിച്ചതുകൊണ്ടുള്ള രാഷ്ട്രീയ വിദ്വേഷം കാരണം സിപിഐ എം നടത്തുന്ന രാഷ്ട്രീയ അജണ്ടയാണ് പത്രം ഏജന്റുമാരുടെ സമരമെന്ന ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രസിഡന്റിന്റെ അഭിപ്രായം ശുദ്ധ വിവരക്കേടാണ്. പത്ര വിതരണം തടസ്സപ്പെടുത്തി പത്രങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള ഒരു പരിപാടിയും സിപിഐ എമ്മിനില്ലെന്നും പിണറായി വ്യക്തമാക്കി.


deshabhimani news

1 comment:

  1. പത്രവിതരണം തടസ്സപ്പെടുത്തി പത്രസ്വാതന്ത്ര്യം ലംഘിക്കാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ ആക്ഷേപം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്ക് സിപിഐ എമ്മിനോട് രാഷ്ട്രീയ വിരോധമുണ്ടെങ്കിലും ഒരു പത്രത്തിന്റെയും വിതരണം തടസ്സപ്പെടുത്തുക എന്നത് പാര്‍ടിയുടെ നയമോ പരിപാടിയോ അല്ല. അച്ചടിമാധ്യമങ്ങളുടെ വിതരണം അട്ടിമറിച്ച് പത്രങ്ങളുടെ വായ് മൂടിക്കെട്ടാമെന്ന തലതിരിഞ്ഞ ചിന്തയോ അതിനായുള്ള നീക്കമോ സിപിഐ എമ്മിനില്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete