Thursday, November 3, 2011

സര്‍ക്കാരിനെ വിശ്വസിച്ച കര്‍ഷകര്‍ക്ക് തുലാമഴയില്‍ കണ്ണീര്‍ക്കൊയ്ത്ത്

സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ വാക്കുകേട്ട് വിളവെടുപ്പ് വൈകിപ്പിച്ച കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കര്‍ഷകര്‍ക്ക് തുലാമഴയില്‍ കണ്ണീര്‍ക്കൊയ്ത്ത്. ചമ്പക്കുളം, വീയപുരം, എടത്വ, തകഴി, തലവടി, മുട്ടാര്‍ , ചെറുതന തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയില്‍ വ്യാപക നാശം. കൈനകരി പഞ്ചായത്തിലെ ഉമ്പുക്കാട്ടുശേരി, ഇരുമ്പനം, പുത്തന്‍പുര പാടശേഖരങ്ങളില്‍ വെള്ളംകയറി നെന്മണികള്‍ കിളിര്‍ത്തുതുടങ്ങി. ഉമ്പുക്കാട്ടുശേരി പാടത്ത് രണ്ടാംകൃഷി വിളവെടുപ്പിന് പാകമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും 135 ദിവസത്തെ വിളവു വേണമെന്നും ഈ നെല്ല് മാത്രമേ മില്ലുകാര്‍ സംഭരിക്കുകയുള്ളുവെന്നുമായിരുന്നു സിവില്‍ സപ്ലൈസ് വകുപ്പ് കൃഷിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതാണ് വിളവെടുപ്പ് വൈകിക്കാന്‍ കാരണമെന്നും കര്‍ഷകര്‍ പറയുന്നു.

247 ഏക്കറുള്ള ഉമ്പുക്കാട്ടുശേരി പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കിയിട്ടും 100 ഏക്കറില്‍ താഴെ മാത്രമാണ് കൊയ്യാനായത്. കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത കൊയ്ത്ത്യന്ത്രം ചെളിയില്‍ താഴുന്നതും വേഗം കുറയുന്നതും പലപ്പോഴും വിളവെടുപ്പ് താമസിപ്പിച്ചു. മഴ ശക്തമായതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് പൂര്‍ണമായും നിലച്ചു. 222 കര്‍ഷകരാണ് ഇവിടെയുള്ളത്. 800 ഏക്കറുള്ള ഇരുമ്പനം, പുത്തന്‍പുരം പാടങ്ങളിലും മഴ മൂലം വിളവെടുപ്പ് മുടങ്ങി. തകഴി പഞ്ചായത്തിലെ 146 ഏക്കറുള്ള നാനൂറുപാടം, 62.5 ഹെക്ടറുള്ള പന്നക്കളം, 155.6 ഹെക്ടറുള്ള കരിയാര്‍ മുടിയിലക്കരി, പുറക്കാട് പഞ്ചായത്തിലെ 600 ഏക്കറുള്ള അപ്പാത്തിക്കരി, 450 ഏക്കറുള്ള മലയിന്‍തോട്, 300 ഏക്കറുള്ള മാപ്പിളബണ്ട് പാടശേഖരങ്ങളിലും കൊയ്ത്തിനുപാകമായ നെല്ല് വെള്ളത്തിലാണ്. കരിയാര്‍ മുടിയിലക്കരി, പന്നക്കളം പാടശേഖരങ്ങളില്‍ നെല്ല് പാകമാകാന്‍ ദിവസങ്ങള്‍ മതി. എന്നാല്‍ തോരാതെ പെയ്യുന്ന മഴ ഇവിടെയും വിളവെടുപ്പിന് ഭീഷണിയുയര്‍ത്തുന്നു. പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 502 ഏക്കറുള്ള വെട്ടിക്കരി പാടത്ത് കഴിഞ്ഞദിവസം കനത്തമഴയില്‍ ബണ്ട് തകര്‍ന്ന് മടവീണെങ്കിലും കര്‍ഷകരുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്ന് മട തടയാനായി. മടവീണ ഭാഗത്തെ അഞ്ചേക്കറോളം കൃഷി നശിച്ചിരുന്നു.

deshabhimani 031111

1 comment:

  1. സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ വാക്കുകേട്ട് വിളവെടുപ്പ് വൈകിപ്പിച്ച കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കര്‍ഷകര്‍ക്ക് തുലാമഴയില്‍ കണ്ണീര്‍ക്കൊയ്ത്ത്. ചമ്പക്കുളം, വീയപുരം, എടത്വ, തകഴി, തലവടി, മുട്ടാര്‍ , ചെറുതന തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയില്‍ വ്യാപക നാശം. കൈനകരി പഞ്ചായത്തിലെ ഉമ്പുക്കാട്ടുശേരി, ഇരുമ്പനം, പുത്തന്‍പുര പാടശേഖരങ്ങളില്‍ വെള്ളംകയറി നെന്മണികള്‍ കിളിര്‍ത്തുതുടങ്ങി. ഉമ്പുക്കാട്ടുശേരി പാടത്ത് രണ്ടാംകൃഷി വിളവെടുപ്പിന് പാകമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും 135 ദിവസത്തെ വിളവു വേണമെന്നും ഈ നെല്ല് മാത്രമേ മില്ലുകാര്‍ സംഭരിക്കുകയുള്ളുവെന്നുമായിരുന്നു സിവില്‍ സപ്ലൈസ് വകുപ്പ് കൃഷിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതാണ് വിളവെടുപ്പ് വൈകിക്കാന്‍ കാരണമെന്നും കര്‍ഷകര്‍ പറയുന്നു

    ReplyDelete