മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഗുരുതരമായ വിള്ളലുകള്‍ ഉള്ളതായി സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിഎസ്എംആര്‍എസ്) നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. മുല്ലപ്പെരിയാര്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര വിള്ളലുകള്‍ കണ്ടെത്തിയത്. പരിശോധനാറിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അണക്കെട്ടിന്റെ 95 അടിക്കും 106 അടിക്കും ഇടയിലുള്ള വിള്ളലുകളും ദ്വാരങ്ങളും അതീവ ഗുരുതരമാണെന്ന് പരിശോധനയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന റിട്ടയേര്‍ഡ് കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ എം ശശിധരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച നിഗമനങ്ങള്‍ അടങ്ങിയ വിശദ റിപ്പോര്‍ട്ട് ജൂണില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ചെറു ഭൂചലനത്തെപോലും അതിജീവിക്കാന്‍ അണക്കെട്ടിനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡാമിന്റെ അടിത്തട്ടിലെ പാറയും മറ്റും ഇളകിമാറിയ നിലയിലാണ്. ടണ്‍ കണക്കിന് സുര്‍ക്കി മിശ്രിതം ഒലിച്ചുപോയതിനാല്‍ പല ഭാഗങ്ങളും ശൂന്യമാണ്. ഈ ഭാഗങ്ങളിലൂടെ വെള്ളം വന്‍ തോതില്‍ പായുന്നതിനാല്‍ ബലക്ഷയത്തിന് അനുദിനം ആക്കം വര്‍ധിക്കും. 1979ലും 81ലും തമിഴ്നാട് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ബലക്ഷയത്തിന് ആക്കം കൂട്ടിയത്. ഡാം ബലപ്പെടുത്താനെന്നപേരില്‍ കേബിള്‍ ആംഗറിങ്ങും മുകള്‍ഭാഗത്ത് കാപ്പിങ്ങുമാണ് നടത്തിയത്. വന്‍തോതിലുള്ള കോണ്‍ക്രീറ്റിങ്ങും ഉരുക്കുകമ്പി സ്ഥാപിക്കലും ഡാമിനെ പ്രതികൂലമായി ബാധിച്ചു. ഇടുക്കിയില്‍ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ വിള്ളല്‍ വ്യാപിക്കാന്‍ കാരണമായി. 1200 അടി നീളമുള്ള ഡാമില്‍ മിക്കയിടത്തും ചെറുതും വലുതുമായ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് അന്തര്‍സംസ്ഥാന ജല ഉപദേശക കമ്മിറ്റി അംഗം കൂടിയായ ശശിധരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ , ഈ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഡാം 999" പ്രദര്‍ശിപ്പിക്കരുതെന്ന് എംഡിഎംകെയും പിഎംകെയും
ചെന്നൈ: മലയാളിയായ സോഹന്‍ റോയി സംവിധാനംചെയ്ത ഡാം 999 എന്ന ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എംഡിഎംകെ, പിഎംകെ എന്നീ പാര്‍ടികള്‍ രംഗത്ത്. തമിഴ്നാടും കേരളവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുല്ലപ്പെരിയാറാണ് ചിത്രത്തിന്റെ പ്രമേയമെന്നു പറഞ്ഞാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബേഴ്സ്, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ , സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് എംഡിഎംകെ നേതാവ് വൈകോ നിവേദനം നല്‍കി. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വൈകോ പറഞ്ഞു. ചിത്രം സുപ്രീംകോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പിഎംകെ നേതാവ് എസ് രാമദാസ് ആവശ്യപ്പെട്ടു.റിലീസിങ്ങിനു മുന്നേ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രത്തിന്റെ പ്രമേയം ഡാം തകരുന്നതാണ്.
deshabhimani 231111
No comments:
Post a Comment