Wednesday, November 2, 2011

വഴിമുട്ടുന്ന ജനജീവിതം

പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കുന്നു. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, കുത്തനെ വര്‍ധിച്ച വളംവിലകള്‍ , വിദേശികളും നാടന്‍ കുത്തകകളും ചില്ലറവ്യാപാരത്തില്‍വരെ നടത്തുന്ന കടന്നുകയറ്റം മുതലായവമൂലം രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും നാനാതരത്തിലുള്ള പ്രയാസം നേരിടുകയാണ്. ധനപ്രതിസന്ധി നേരിടുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തികവളര്‍ച്ച ഏതാണ്ട് സ്തംഭിച്ച മട്ടാണ്. രൂപയുടെ കൈമാറ്റവില കുത്തനെ ഇടിയാന്‍ അത് കാരണമാക്കി. ഇതെല്ലാം പുതിയ പ്രയാസങ്ങളും ദുരിതങ്ങളും ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. ഏത് പുതിയ സാമ്പത്തികബാധ്യത ഉണ്ടായാലും, അതിന്റെ ആഘാതത്തില്‍നിന്ന് വന്‍ പണക്കാരെ കാത്തുരക്ഷിക്കുകയും സാധാരണക്കാരുടെമേല്‍ ആ ഭാരമെല്ലാം അടിച്ചേല്‍പ്പിക്കുകയുമാണ് യുപിഎ സര്‍ക്കാരിന്റെ നയം.

ഈ സ്ഥിതിവിശേഷത്തിലാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ അഞ്ച് ആവശ്യം ഉയര്‍ത്തി പ്രചാരണം നടത്താനും ധര്‍ണയും പിക്കറ്റിങ്ങും ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ ഏര്‍പ്പെടാനും എല്ലാ പാര്‍ടി ഘടകങ്ങളോടും പാര്‍ടി അംഗങ്ങളോടും ആഹ്വാനംചെയ്തത്. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1- വിലക്കയറ്റം തടയുക; ഭക്ഷണത്തിനുള്ള സാര്‍വത്രികമായ അവകാശം ഉറപ്പാക്കുക.
2- എല്ലാ അഴിമതിക്കേസിലും കര്‍ശന നടപടി കൈക്കൊള്ളുക. ഫലപ്രദമായ ലോക്പാല്‍ നിയമം നടപ്പാക്കുക.
3- കൃഷിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ രാസവളങ്ങള്‍ ലഭ്യമാക്കുക; യൂറിയയുടെ കരിഞ്ചന്ത അവസാനിപ്പിക്കുക.
4- തൊഴിലില്ലായ്മ തടയുന്നതിനും സര്‍ക്കാരിലെ എല്ലാ ഒഴിവും നികത്തുന്നതിനും നടപടി കൈക്കൊള്ളുക.
5- ചില്ലറവ്യാപാരത്തിലേക്ക് വിദേശമൂലധനം നേരിട്ട് ഇടപെടുന്നത് ഒഴിവാക്കുക. ചെറുകിട കടയുടമകളുടെയും വ്യാപാരികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക.

വിലക്കയറ്റം തടയുന്നതിലല്ല യുപിഎ സര്‍ക്കാരിന് താല്‍പ്പര്യം, ഭൂപ്രഭുക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മറ്റും കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാനാണ്. ധാന്യോല്‍പ്പാദനവും പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനവും ഗണ്യമായി വര്‍ധിച്ചിട്ടും അവയുടെ വില കുതിച്ചുകയറുന്നു. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിതരണ ശൃംഖലയുണ്ടാക്കി അതുവഴി വിതരണംചെയ്താല്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും വിലക്കയറ്റത്തിന്റെ ആഘാതത്തില്‍നിന്ന് വലിയ അളവുവരെ രക്ഷിക്കാമെന്ന് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രായോഗികമായി തെളിയിച്ചിട്ടുള്ളതാണ്.

എന്നാല്‍ , കേന്ദ്രസര്‍ക്കാരിനും യുപിഎയിലെ കക്ഷികള്‍ക്കും അതില്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് പൊതുവിതരണശൃംഖല രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ടി മുതല്‍മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നുമില്ല. കൃഷിക്കാരില്‍നിന്ന് വാങ്ങുന്ന ധാന്യങ്ങളും മറ്റും പൊതുവിതരണശൃംഖലവഴി കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യാന്‍ ഫുഡ്കോര്‍പറേഷന് താല്‍പര്യമില്ല. സ്വകാര്യകച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് അവര്‍ക്ക് താല്‍പര്യം.

ഇതിനുപുറമെ, എല്ലാ വിലയും ഉയരാന്‍ ഇടയാകുന്ന തരത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള എണ്ണക്കമ്പനികളെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നു. മറ്റ് മിക്ക രാജ്യങ്ങളിലുമില്ലാത്ത തോതിലാണ് ഇവിടെ എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊന്നും ഒരു നീതീകരണവുമില്ല.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവയ്ക്ക് അടിസ്ഥാനമില്ല എന്നുപറഞ്ഞ് തള്ളിക്കളയാനായിരുന്നു യുപിഎ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. പ്രതിപക്ഷം മാത്രമല്ല, സിഎജി, സുപ്രീംകോടതി മുതലായവകൂടി അഴിമതി കണ്ടെത്താന്‍ ശക്തമായ നടപടി കൈക്കൊണ്ടു. അപ്പോഴാണ് മറ്റ് പോംവഴികളില്ലാതെ കേന്ദ്രസര്‍ക്കാര്‍ തെറ്റുകാരായ മന്ത്രിമാര്‍ , ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയത്തിലും ബിസിനസിലും പ്രമുഖസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ മുതലായവരുടെമേല്‍ നടപടി കൈക്കൊള്ളാന്‍ നിര്‍ബന്ധിതമായത്. അഴിമതിയോടുള്ള ഈ അലംഭാവം തുടരാന്‍ അനുവദിച്ചുകൂടാ. സമഗ്ര ലോക്പാല്‍ ബില്ല് കൊണ്ടുവരുന്നതിന് യുപിഎ സര്‍ക്കാര്‍ ഒരുക്കമല്ല. അണ്ണ ഹസാരെ സംഘമാകട്ടെ, മറുകണ്ടംചാടി രാഷ്ട്രീയപാര്‍ടികളെയും ബഹുജനസംഘടനകളെയും മറ്റും ഈ നിയമം സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍നിന്ന് തടയുന്നു. ഈ രണ്ട് സമീപനങ്ങളും രാജ്യത്തെ ജനാധിപത്യവ്യവസ്ഥക്കോ അഴിമതിനിവാരണത്തിനോ പ്രയോജനപ്പെടില്ല.

യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ സബ്സിഡി നല്‍കുന്നത് വന്‍കിടക്കാര്‍ക്കുമാത്രമാണ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള സബ്സിഡികള്‍ ഓരോന്നായി ഇല്ലായ്മ ചെയ്തുവരികയാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് രാസവളങ്ങളുടെ കൂടിയ വിലയും യൂറിയയുടെ കരിഞ്ചന്തയും- രണ്ടും ഉടന്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണ്.

ആഗോളവല്‍ക്കരണനയങ്ങളും നടപടികളുംമൂലം സര്‍ക്കാരില്‍ ഒഴിവുകള്‍ നികത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്വകാര്യമേഖലയാണെങ്കില്‍ തൊഴിലവസരം കുറച്ചുകൊണ്ടുള്ള സാമ്പത്തികനയമാണ് കുറച്ചുകാലമായി നടപ്പാക്കിവരുന്നത്. ഇതിനുപുറമെയാണ് വികസിതരാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധിമൂലം ഉണ്ടാകുന്ന പിരിച്ചുവിടലുകള്‍ . ഇത് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ ഇടയാക്കുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുന്നത് തടയാനുള്ള ആദ്യപടി എന്ന നിലയില്‍ സര്‍ക്കാരിലുള്ള എല്ലാ ഒഴിവും ഉടന്‍ നികത്തപ്പെടണം. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒഴിവുകള്‍ നികത്താന്‍ കഴിയുമെന്ന് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചതാണ്.

ആഗോളവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നാമമാത്ര-ചെറുകിട വ്യാപാരികള്‍ നടത്തിവന്ന കടകളുടെ രംഗത്തേക്ക് വാള്‍മാര്‍ട്ടുപോലുള്ള ഭീമന്മാരുടെ മാളുകളും മറ്റും കടന്നുകയറി. ആ രംഗത്തെ ലക്ഷക്കണക്കിന് ആളുകളെ തെരുവാധാരമാക്കി. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിലെ ചില്ലറ വ്യാപാരരംഗം കൈയടക്കാന്‍ ശ്രമിക്കുന്നു. നേരത്തെതന്നെ ഇവിടെ റിലയന്‍സും മറ്റു കുത്തകകളും ചില്ലറ വ്യാപാരരംഗത്ത് കടന്നുവന്നതിന്റെ ദുര്യോഗം എന്തെന്ന് ചെറുകിട വ്യാപാരികളും മറ്റും മനസ്സിലാക്കിക്കഴിഞ്ഞതാണ്. ഇന്ത്യയില്‍ ചെറുകിട വ്യാപാരികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും 15 കോടിയിലേറെ വരും. ഇവരില്‍ മഹാഭൂരിപക്ഷത്തെയും ആലംബഹീനരാക്കുന്ന തരത്തില്‍ വിദേശകുത്തകകള്‍ക്ക് ചില്ലറ വ്യാപാരരംഗത്തേക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ഇത് ശക്തിയായി ചെറുക്കേണ്ടതാണ്. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്യാമ്പയിനും സമരവും ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതാണ്. ഇത് വിജയിപ്പിക്കേണ്ട കടമ എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഉണ്ട്.

സി പി deshabhimani 021111

1 comment:

  1. പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കുന്നു. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, കുത്തനെ വര്‍ധിച്ച വളംവിലകള്‍ , വിദേശികളും നാടന്‍ കുത്തകകളും ചില്ലറവ്യാപാരത്തില്‍വരെ നടത്തുന്ന കടന്നുകയറ്റം മുതലായവമൂലം രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും നാനാതരത്തിലുള്ള പ്രയാസം നേരിടുകയാണ്. ധനപ്രതിസന്ധി നേരിടുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തികവളര്‍ച്ച ഏതാണ്ട് സ്തംഭിച്ച മട്ടാണ്. രൂപയുടെ കൈമാറ്റവില കുത്തനെ ഇടിയാന്‍ അത് കാരണമാക്കി. ഇതെല്ലാം പുതിയ പ്രയാസങ്ങളും ദുരിതങ്ങളും ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. ഏത് പുതിയ സാമ്പത്തികബാധ്യത ഉണ്ടായാലും, അതിന്റെ ആഘാതത്തില്‍നിന്ന് വന്‍ പണക്കാരെ കാത്തുരക്ഷിക്കുകയും സാധാരണക്കാരുടെമേല്‍ ആ ഭാരമെല്ലാം അടിച്ചേല്‍പ്പിക്കുകയുമാണ് യുപിഎ സര്‍ക്കാരിന്റെ നയം.

    ReplyDelete