Wednesday, November 2, 2011

ഇപ്പോ "ശരിയാക്കി" തരാമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല!

ആലപ്പുഴ എംഎല്‍എ ആയതുമുതല്‍ കേന്ദ്രമന്ത്രിയായതുവരെയുള്ള കാലയളവില്‍ നാഴികയ്ക്ക് നാല്‍പതുവട്ടം "ദേ ഇപ്പം ശരിയാക്കിതരാം" എന്നു കെ സി വേണുഗോപാല്‍ പറഞ്ഞപ്പോഴൊന്നും ഇങ്ങനെ ശരിയാക്കിക്കളയുമെന്ന് ജനം വിചാരിച്ചില്ല. ഇപ്പോള്‍ വേണുഗോപാലിന്റെ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം തിരിച്ചറിഞ്ഞു. 1980 കളിലാണ് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ "സമാന്തരപാത" എന്ന ആശയം ഉദിച്ചത്. ഏറെനാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ആശയം അംഗീകരിച്ചു. പിന്നീട് സര്‍വെയും സ്ഥലമെടുപ്പുമായി. നൂറുകണക്കിന് കുടുംബങ്ങളെ ഇവിടെനിന്നും കുടിയൊഴിപ്പിച്ചു. സര്‍ക്കാരിന്റെ പൊന്നുംവില തുച്ഛമെന്ന് പറഞ്ഞു ഭൂരിഭാഗംപേരും കോടതി കയറി വീണ്ടും പണംവാങ്ങി. വ്യവഹാരങ്ങള്‍ തീരാന്‍തന്നെ നാളേറെ വേണ്ടിവന്നു. ഒടുവില്‍ കളര്‍കോട് മുതല്‍ കൊമ്മാടിവരെ വരുന്ന സമാന്തരപാതയ്ക്ക് വഴിയൊരുങ്ങി.

എല്ലാം ശരിയായി വന്നപ്പോഴായിരുന്നു പാത നിര്‍മാണം സ്വകാര്യകമ്പനിയെ ബിഒടി വ്യവസ്ഥയില്‍ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്. ബിഒടിയില്‍ ബൈപ്പാസ് നിര്‍മിച്ചാല്‍ നാട്ടുകാര്‍ക്ക് ഇതുവഴി പോകാന്‍ സ്വകാര്യ കമ്പനിക്ക് കപ്പംകൊടുക്കേണ്ടിവരും. ആലപ്പുഴക്കാര്‍ക്ക് അന്യമായ "ആലപ്പുഴ ബൈപ്പാസ്" അല്ല ജനങ്ങള്‍ക്കാവശ്യം. ബൈപ്പാസ് നിര്‍മാണം ഇനി എന്തിന് ബിഒടിയില്‍ നടത്തണമെന്ന ചോദ്യത്തിന് വേണുഗോപാല്‍ മറുപടി നല്‍കണം. പത്തും ഇരുപതും കോടി കേന്ദ്രസര്‍ക്കാര്‍ ഇതിനായി അനുവദിച്ചുവെന്ന് വേണുഗോപാല്‍ വാര്‍ത്താസമ്മേളനങ്ങളിലടക്കം പറഞ്ഞിരുന്നത് പച്ചക്കള്ളമാണോ? 85 മീറ്റര്‍ നീളത്തില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ നാട്ടുകാരെ മുഴുവന്‍ സ്വകാര്യകമ്പനിക്ക് പണയപ്പെടുത്താന്‍ ഊര്‍ജമന്ത്രി ആരോടാണ് അച്ചാരം വാങ്ങിയത്. ജനം ചോദിക്കുന്നു.
(ബി സുശില്‍കുമാര്‍)

അഴിമതിക്ക് പച്ചക്കൊടി

ആലപ്പുഴ: രണ്ടുപതിറ്റാണ്ടു മുമ്പ് തുടങ്ങിവച്ച ആലപ്പുഴ ബൈപ്പാസ് നിര്‍മാണം എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ബിഒടി വ്യവസ്ഥയില്‍ (നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍) നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 286 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിര്‍വഹണം സ്വകാര്യകമ്പനിക്ക് നല്‍കി, കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്ന തീരുമാനം കേന്ദ്ര ഊര്‍ജ സഹമന്ത്രിയുടെ ആശീര്‍വാദത്തോടെ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാര്‍ കഴിഞ്ഞ 17, 18 തീയതികളില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സി പി ജോഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാലാണ് ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്. ദേശീയപാതയിലെ വികസനം ബിഒടി വഴിയെന്ന കേന്ദ്രനയം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആലപ്പുഴ, കൊല്ലം ബൈപ്പാസുകളുടെ നിര്‍മാണം സ്വകാര്യ കമ്പനികള്‍ക്കാകും. സാധ്യതാ പഠനം, മണ്ണു പരിശോധന, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ തുടങ്ങിയ കടമ്പകളേറെ ഇനി വീണ്ടും കടക്കണം ബൈപ്പാസിന്റെ രണ്ടറ്റം കൂട്ടിമുട്ടണമെങ്കില്‍ .

1990ല്‍ വിഭാവനം ചെയ്ത 7.05 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതിക്ക് ആദ്യം 154 കോടിയാണ് വകയിരുത്തിയത്. ബിഒടി വ്യവസ്ഥയില്‍ നിര്‍മാണത്തിനായിരുന്നു അംഗീകാരം. പിന്നീട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും ജനപ്രതിനിധികളും നടത്തിയ ശ്രമഫലമായാണ് 1994ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉപരിതല ഗതാഗത ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ചത്. കളര്‍കോടു മുതല്‍ കൊമ്മാടി ജങ്ഷന്‍ വരെ ദേശീയപാതയ്ക്ക് സമാന്തരമായുള്ള ബൈപ്പാസിന്റെ ഒന്നാംഘട്ടം 2001ല്‍ തീര്‍ന്നു. കളര്‍കോട് മുതല്‍ കുതിരപ്പന്തി വരെയുള്ള 3.6 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണമായിരുന്നിത്. ദേശീയപാതയുടെ നിലവാരത്തില്‍ ഇരട്ടപ്പാത രീതിയിലായിരുന്നു നിര്‍മാണം. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപയായിരുന്നു ഇതിന്റെ എസ്റ്റിമേറ്റെങ്കില്‍ പൂര്‍ത്തിയായപ്പോള്‍ 2.8 കോടിയായി. രണ്ടാംഘട്ടമായുള്ള മാളികമുക്ക് മുതല്‍ കൊമ്മാടി വരെയുള്ള റോഡ് നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായതാണ്. മൂന്ന് അടിപ്പാതകളും അയ്യപ്പന്‍പൊഴിയില്‍ ആറു മീറ്റര്‍ വീതിയില്‍ പെട്ടികലുങ്കും അഞ്ച് ചെറിയ കലുങ്കും ഇതിന്റെ ഭാഗമായി നിര്‍മിച്ചു. ശേഷിക്കുന്ന രണ്ടു കലുങ്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കടപ്പുറം ഇഎസ്ഐ ആശുപത്രിക്ക് തെക്ക്, മാളികമുക്ക് എന്നിവിടങ്ങളിലെ ഓരോ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണമാണ് മുഖ്യമായും ശേഷിക്കുന്നത്. 85 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം നിര്‍മാണം റെയില്‍വേയുടെ ചുമതലയിലാണ്. ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ പദ്ധതി സ്വകാര്യകമ്പനിക്ക് മറിച്ചുവിറ്റ് ടോള്‍പിരിവിന് സാഹചര്യമൊരുക്കുന്ന നീക്കം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിഒടി വ്യവസ്ഥയില്‍ പാലം നിര്‍മിച്ചിടത്തെല്ലാം സഞ്ചാരസ്വാതന്ത്ര്യത്തിനായി ജനം പ്രക്ഷോഭ പാതയിലാണ്.
(ആര്‍ രാജേഷ്)

deshabhimani 021111

No comments:

Post a Comment