Sunday, November 20, 2011

എസ്എഫ്ഐ പ്രകടനത്തിനു നേരെ യൂത്ത്കോണ്‍ഗ്രസ്, എബിവിപി-ആര്‍എസ്എസ് അക്രമം

തിരുവമ്പാടി: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ യൂത്ത്കോണ്‍ഗ്രസുകാര്‍ മാരകായൂധങ്ങളുമായി ആക്രമിച്ചു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സുനേഷ്ജോസഫ്, ശര്‍മേഷ്, രാജേഷ്, ഫിറോസ്ഖാന്‍ എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐടിഐക്ക് സമീപമുള്ള മുച്ചീട്ടുകളി കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍തന്നെ തമ്പടിച്ച യൂത്ത്കോണ്‍ഗ്രസ് ക്രിമിനലുകള്‍ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ ജാഥയെ ആക്രമിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ്ജേക്കബ്, പഞ്ചായത്തംഗം വട്ടപ്പറമ്പന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കാരശേരി, കൊടിയത്തൂര്‍ ഭാഗങ്ങളിലുള്ള മണല്‍മാഫിയാ സംഘത്തിലുള്‍പ്പെട്ട ക്രിമിനലുകളെ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. മറ്റു പ്രദേശങ്ങളില്‍നിന്നെത്തി മദ്യലഹരിയില്‍ അഴിഞ്ഞാടിയ ക്രിമിനലുകള്‍ ആളറിയാതെ പ്രദേശത്തുള്ള യൂത്തുകോണ്‍ഗ്രസുകാരെയും ആക്രമിച്ചു. ഇവരുടെ അക്രമത്തില്‍ ഇവരെ വിളിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റു.

ഐടിഐ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിച്ച കെഎസ്യു - എംഎസ്എഫ് - എബിവിപി സഖ്യം നേരത്തെതന്നെ പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎസ്എം എബിവിപി സഖ്യം രണ്ട് സീറ്റിലാണ് വിജയിച്ചത്. എസ്എഫ്ഐ തനിച്ച് മൊത്തമുള്ള ആറ് സീറ്റില്‍ നാലെണ്ണത്തിലും വിജയിച്ചു. ഒരു സീറ്റല്‍ മാത്രം വിജയിച്ച കെഎസ്യു പ്രവര്‍ത്തകര്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ അകമ്പടിയോടെ സിപിഐ എം തിരുവമ്പാടി ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ഇതിനുശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തെയാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്.

സംഭവത്തില്‍ അക്രമികളെ പിടികൂടുന്നതിനു പകരം തിരുവമ്പാടി പൊലീസ് പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിടികൂടാനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായി തേറുപറമ്പ്, മറിയപ്പുറം, പാതിരമണ്ണ് പ്രദേശങ്ങളിലെ നിരവധി വീടുകളല്‍ പൊലീസ് റെയ്ഡ് ചെയ്തു. മുമ്പ് നടന്ന ഒരു ഹര്‍ത്താലില്‍ ഉണ്ടായ പ്രശ്നത്തില്‍ പൊലീസ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അങ്ങാടിയില്‍ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റി അംഗം ജോളി ജോസഫ്, കെ എം മുഹമ്മദലി, സി എം പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് അവസാനിപ്പിച്ചത്.

ചെങ്ങന്നൂര്‍ ഐടിഐയില്‍ എസ്എഫ്ഐക്കാരെ ആക്രമിച്ചു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ എബിവിപി-ആര്‍എസ്എസ് അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 15 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരികൃഷ്ണന്‍ (19), അനൂപ് (19), അംബരീഷ് (20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ന് ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിക്കിടെയാണ് മര്‍ദിച്ചത്.

ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അംബരീഷ് ഐടിഐയിലെ കഴിഞ്ഞവര്‍ഷത്തെ മാഗസിന്‍ പ്രദര്‍ശിപ്പിച്ചതാണ് എബിവിപിക്കാരെ പ്രകോപിതരാക്കിയത്. എസ്എഫ്ഐ യൂണിയന്‍ ഭരിക്കുന്ന ഇവിടെ മാഗസിന്‍ പുറത്തിറക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും എബിവിപി-കെഎസ്യു കൂട്ടുകെട്ട് നടത്തിയിരുന്നു. അംബരീഷിനെ മര്‍ദിച്ചതിനെ തടഞ്ഞ അനൂപ്, ഹരികൃഷ്ണന്‍ അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് എബിവിപിക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പുറത്തുനിന്നും ആര്‍എസ്എസുകാര്‍ ക്യാമ്പസില്‍ പ്രവേശിച്ചും മര്‍ദിച്ചു. അധ്യാപകര്‍ക്കും എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ക്യാമ്പസില്‍ എത്തിയെങ്കിലും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. ക്യാമ്പസിന് വെളിയില്‍ എത്തിയ പ്രവര്‍ത്തകരെ വീണ്ടും ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലി. എന്നാല്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറായില്ല.

ഗവ. ഐടിഐയിലെ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആക്രമണംമൂലം ഇലക്ഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ശനി, തിങ്കള്‍ , ദിവസങ്ങള്‍ ക്യാമ്പസിന് അവധിയായും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ എസ്എഫ്ഐ ഏരിയകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. എസ്എഫ്ഐ വിജയം ക്യാമ്പസില്‍ ഉറപ്പായതിനെ തുടര്‍ന്ന് എബിവിപി ആക്രമണം നടത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ ചെങ്ങന്നൂര്‍ ഏരിയസെക്രട്ടറി സിന്റോ, പ്രസിഡന്റ് ജയിംസ് സാമുവല്‍ എന്നിവര്‍ പറഞ്ഞു.

deshabhimani 201111

1 comment:

  1. ഐടിഐ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിച്ച കെഎസ്യു - എംഎസ്എഫ് - എബിവിപി സഖ്യം നേരത്തെതന്നെ പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു.

    ReplyDelete