Wednesday, November 23, 2011

പിറവത്ത് എം ജെ ജേക്കബ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി


പിറവം നിയമസഭ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എം പ്രതിനിധി എം ജെ ജേക്കബ് മത്സരിക്കുമെന്ന് പാര്‍ടി സംസ്ഥാനകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മണ്ഡലത്തില്‍ പൊതുസമ്മതനായ ജേക്കബ് മൂന്നാംതവണയാണ് പിറവത്തുനിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 2006ല്‍ കന്നിയങ്കത്തില്‍ ടി എം ജേക്കബ്ബിനെ പരാജയപ്പെടുത്തിയ എം ജെ ജേക്കബ് കഴിഞ്ഞതവണ 157 വോട്ടിന് പരാജയപ്പെട്ടു.

1979 മുതല്‍ 84 വരെയും 95 മുതല്‍ 2000 വരെയും തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കെയാണ് നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത്. എംഎല്‍എയായിരിക്കെ എണ്ണമറ്റ വികസനപ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചത്. കൂത്താട്ടുകുളം ഒലിയപ്പുറം മുട്ടപ്പിള്ളില്‍ വീട്ടില്‍ മുന്‍മന്ത്രി കെ ടി ജേക്കബ്ബിന്റെ സഹോദരന്‍ പരേതനായ കെ ടി ജോസഫ് വൈദ്യരുടെയും അന്നമ്മയുടെയും മകനായി 1945 ജൂണ്‍ ഏഴിന് ജനിച്ചു. രസതന്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. 1970 മുതല്‍ 95 വരെ ഫാക്ട് ജീവനക്കാരനായിരുന്നു. റീജണല്‍ മാനേജരായിരിക്കെ സ്വയം വിരമിച്ചു. പിറവം സെന്റ് ജോസഫ് ഹൈസ്കൂള്‍ അധ്യാപികയായി വിരമിച്ച തങ്കമ്മയാണ് ഭാര്യ. സുനിത (അധ്യാപിക കുറുപ്പംപടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സുജിത്ത് (ബിസിനസ്) എന്നിവര്‍ മക്കള്‍ .

പിറവം സ്ഥാനാര്‍ഥിയെ സഭ നിര്‍ദേശിച്ചിട്ടില്ല: കാതോലിക്കാ ബാവ

കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട്ചെയ്യണമെന്ന് യാക്കോബായവിശ്വാസികള്‍ക്ക് അറിയാമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാവ.

ഏതെങ്കിലും മുന്നണിക്ക് വോട്ട്ചെയ്യണമോ വേണ്ടയോ എന്ന് സഭാനേതൃത്വം കല്‍പ്പന കൊടുക്കില്ല. പിറവത്തെ സ്ഥാനാര്‍ഥിയെ സബന്ധിച്ച് ഒരു നിര്‍ദേശവും സഭ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സഭ വീക്ഷിച്ചുവരികയാണ്. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുന്നതാണ് സഭയുടെ കീഴ്വഴക്കം. സഭയുടെ മനസ്സറിഞ്ഞവര്‍ വിജയിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിന്റെ പിടിവാശിമൂലമാണ് മലങ്കരസഭാതര്‍ക്കം അനിശ്ചിതമായി നീളുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം. സ്വാശ്രയമേഖലയിലെ അനിശ്ചിതത്വം നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കോലഞ്ചേരി പള്ളി ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് അധികാരം കൈമാറണം. ഓര്‍ത്തഡോക്സ്വിഭാഗം കൈയേറിയ സഭയുടെ സ്വത്തുക്കള്‍ തിരികെ നല്‍കണം. ആലുവ തൃക്കുന്നത്തു പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് കുര്‍ബാനയര്‍പ്പിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുതരണമെന്നും ബാവ ആവശ്യപ്പെട്ടു. ഏലിയാസ് മാര്‍ അത്താനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും ബാവയോടൊപ്പമുണ്ടായി.

deshabhimani 231111

No comments:

Post a Comment