Tuesday, January 24, 2012

ട്രെയിന്‍ നിരക്ക് 25 ശതമാനം കൂട്ടും

സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുംവിധം ട്രെയിന്‍ യാത്രാക്കൂലിയും വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കും രാസവളം വിലയും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പണപ്പെരുപ്പത്തിന്റെ പേരുപറഞ്ഞാണ് റെയില്‍വേ യാത്രക്കൂലി 25 ശതമാനം കൂട്ടാന്‍ റെയില്‍ മന്ത്രാലയം ആലോചിക്കുന്നത്. ചരക്കുകൂലിയും കൂട്ടും. കേന്ദ്ര വൈദ്യുതിനിയമം ഭേദഗതിചെയ്ത് സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കാനാണ് നീക്കം. വൈദ്യുതിയുടെ വില വര്‍ഷംതോറും വര്‍ധിക്കാന്‍ ഇത് വഴിയൊരുക്കും. സബ്സിഡി പൂര്‍ണമായും ഒഴിവാക്കി വെള്ളക്കരം കുത്തനെ കൂട്ടാനാണ് പുതിയ ദേശീയ ജലനയത്തിന്റെ കരട് ശുപാര്‍ശ ചെയ്യുന്നത്. യൂറിയയുടെ വില 40 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. താമസിയാതെ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ട്. അല്‍പ്പം കുറഞ്ഞുതുടങ്ങിയ പണപ്പെരുപ്പനിരക്ക് ഈ നിര്‍ദേശങ്ങള്‍ നടപ്പാകുന്നതോടെ പതിന്മടങ്ങ് വര്‍ധിക്കും.

റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി സെപ്തംബറില്‍ നിയമിച്ച റെയില്‍ നവീകരണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് 25 ശതമാനം യാത്രക്കൂലി കൂട്ടാന്‍ നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേശകന്‍കൂടിയായ സാംപിട്രോഡ ചെയര്‍മാനായ സമിതി യാത്രക്കൂലി വര്‍ധനയിലൂടെ 37,500 കോടി രൂപ അധികം നേടാനാണ് ലക്ഷ്യമിടുന്നത്. റെയില്‍ ബജറ്റില്‍ യാത്രാക്കൂലി വര്‍ധന പ്രഖ്യാപിക്കുമെന്നാണ് റെയില്‍ മന്ത്രാലയം നല്‍കുന്ന സൂചന. റെയില്‍വേ നവീകരണത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് 9,13,000 കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. യാത്രക്കൂലി വര്‍ധിപ്പിക്കുന്നതിന് പുറമെ റെയില്‍വേ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യവ്യക്തികള്‍ക്ക് വാണിജ്യാവശ്യത്തിന് നല്‍കി 50,000 കോടി രൂപയും ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാരുടെ എണ്ണം കുറച്ചും 15,000 കോടി രൂപയും സമാഹരിക്കാമെന്നാണ് പിട്രോഡ സമിതിയുടെ നിര്‍ദേശം. റെയില്‍വേ നവീകരണത്തിനായി പ്രത്യേക ചാര്‍ജ് ഈടാക്കണമെന്നും അതുപയോഗിച്ച് ഒരു നിധിക്ക് രൂപം നല്‍കണമെന്നും നിര്‍ദേശമുണ്ട്. റെയില്‍വേ വികസനത്തില്‍ സ്വകാര്യമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പിട്രോഡ നിര്‍ദേശിക്കുന്നു.

വൈദ്യുതി വിതരണ കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന പേരിലാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം സംസ്ഥാന റെഗുലേറ്ററി സമിതിക്ക് കൈമാറുന്ന നിയമഭേദഗതിക്ക് കേന്ദ്ര ഊര്‍ജ മന്ത്രാലയം ആലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഈ ഭേദഗതി സര്‍ക്കാര്‍ പാസാക്കുമെന്ന് ഊര്‍ജമന്ത്രാലയവക്താക്കള്‍ അറിയിച്ചു. രാഷ്ട്രീയ തീരുമാനം ഇല്ലാതെതന്നെ സംസ്ഥാന റെഗുലേറ്ററി അതോറിറ്റിക്ക് വൈദ്യുതിവില കൂട്ടാന്‍ കഴിയും വിധമാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. കഴിഞ്ഞവര്‍ഷം മാത്രം വൈദ്യുതിവിതരണ കമ്പനികള്‍ക്ക് 1.16 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

കുടിവെള്ള വിതരണ-ജലസേചന മേഖലയിലെ സബ്സിഡി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് 15 പേജ് വരുന്ന ദേശീയ ജലനയത്തിന്റെ കരട് പറയുന്നത്. 2005ല്‍ ലോകബാങ്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അപ്പടി അംഗീകരിക്കുന്നതാണ് ഈ കരട്. ജലവിതരണത്തിന് വേണ്ട മുഴുവന്‍ ചെലവും ഉപയോക്താക്കളില്‍നിന്ന് ഈടാക്കും. സേവനദാതാവ് എന്ന സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും ആ സ്ഥാനം സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്നും കരട് നയം പറയുന്നു.

യൂറിയയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. വളത്തിന് നല്‍കുന്ന സബ്സിഡി പിന്‍വലിച്ച് വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിന്റെ വിലയും കൂട്ടും.
(വി ബി പരമേശ്വരന്‍)

deshabhimani 240112

1 comment:

  1. സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുംവിധം ട്രെയിന്‍ യാത്രാക്കൂലിയും വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കും രാസവളം വിലയും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പണപ്പെരുപ്പത്തിന്റെ പേരുപറഞ്ഞാണ് റെയില്‍വേ യാത്രക്കൂലി 25 ശതമാനം കൂട്ടാന്‍ റെയില്‍ മന്ത്രാലയം ആലോചിക്കുന്നത്. ചരക്കുകൂലിയും കൂട്ടും. കേന്ദ്ര വൈദ്യുതിനിയമം ഭേദഗതിചെയ്ത് സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കാനാണ് നീക്കം. വൈദ്യുതിയുടെ വില വര്‍ഷംതോറും വര്‍ധിക്കാന്‍ ഇത് വഴിയൊരുക്കും. സബ്സിഡി പൂര്‍ണമായും ഒഴിവാക്കി വെള്ളക്കരം കുത്തനെ കൂട്ടാനാണ് പുതിയ ദേശീയ ജലനയത്തിന്റെ കരട് ശുപാര്‍ശ ചെയ്യുന്നത്. യൂറിയയുടെ വില 40 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. താമസിയാതെ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ട്. അല്‍പ്പം കുറഞ്ഞുതുടങ്ങിയ പണപ്പെരുപ്പനിരക്ക് ഈ നിര്‍ദേശങ്ങള്‍ നടപ്പാകുന്നതോടെ പതിന്മടങ്ങ് വര്‍ധിക്കും.

    ReplyDelete