Monday, January 16, 2012

വികസനത്തിന്റെ പച്ചപ്പ്തേടി സസ്യസര്‍വസ്വം

ചാലിയം: ലോകത്തിനു മാതൃകയായി ചാലിയത്ത് ആരംഭിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യസര്‍വസ്വത്തിന് സര്‍ക്കാരിന്റെ അവഗണന. കേരള വനം- വന്യജീവി വകുപ്പ് റിസര്‍ച്ച് ഫോറസ്റ്റായി പ്രഖ്യാപിച്ച ചാലിയം സര്‍ക്കാര്‍ തടിഡിപ്പോ സ്ഥലത്ത് 2011 ഫെബ്രുവരി ഒന്നിനാണ് സസ്യസര്‍വസ്വം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഏഷ്യന്‍ രാജ്യങ്ങളിലെ സസ്യസമ്പത്തിനെക്കുറിച്ച് വിവരിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ പ്രതിപാദിക്കുന്ന 742 സസ്യങ്ങളില്‍ ഏകദേശം 590 ഓളം സസ്യങ്ങള്‍ ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളുടെ തൈകള്‍ സംരക്ഷിക്കുന്നതിനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുംവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ ആരംഭിച്ചതാണ് ചാലിയം ഇട്ടി അച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യസര്‍വസ്വം. എന്നാല്‍ ഇന്നത് മതിയായ പരിപാലനമില്ലാതെ ബുദ്ധിമുട്ടുകയാണ്.

സര്‍ക്കാരില്‍നിന്നും ഫണ്ട് അനുവദിക്കാത്തത് സസ്യസര്‍വസ്വത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുകയാണ്. ഇവിടെ പരിപാലിച്ചു വരുന്ന പാമ്പുകള്‍ക്കും മറ്റും വേണ്ട രീതിയില്‍ ഭക്ഷണമോ പരിചരണമോ നല്‍കാനാവുന്നില്ല. മത്സ്യങ്ങളെയും ആമകളെയും മറ്റും പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍മിച്ച അക്വേറിയങ്ങളും ഏറെക്കുറെ ശൂന്യമായിട്ടുണ്ട്. 42 ഏക്കറോളം സ്ഥലത്ത് നിര്‍മിച്ച സസ്യസര്‍വസ്വം സംരക്ഷിച്ചു നിലനിര്‍ത്തുന്നതിന് ആവശ്യമായ ജീവനക്കാരും ഇവിടെയില്ല. മൂന്നുപേര്‍ മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്. ഇവര്‍ക്കുതന്നെ ശരിയായ രീതിയില്‍ വേതനം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. സസ്യസര്‍വസ്വം കാണുന്നതിനും നിരീക്ഷണ ഗവേഷണങ്ങള്‍ക്കുമായി ഇവിടെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. കടലുണ്ടി കമ്യൂണിറ്റി റിസര്‍വും പക്ഷി നിരീക്ഷണ കേന്ദ്രവും ചാലിയം പുലിമുട്ടും ജങ്കാറും ഉള്‍പ്പെടുന്ന ഈ പ്രദേശത്തിന് വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യതയാണുള്ളത്. സസ്യസര്‍വസ്വം സംരക്ഷിക്കുകയാണെങ്കില്‍ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഇതിനെ മാറ്റാനാകും.
(കെ സാജിത)

deshabhimani 160112

1 comment:

  1. ലോകത്തിനു മാതൃകയായി ചാലിയത്ത് ആരംഭിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യസര്‍വസ്വത്തിന് സര്‍ക്കാരിന്റെ അവഗണന. കേരള വനം- വന്യജീവി വകുപ്പ് റിസര്‍ച്ച് ഫോറസ്റ്റായി പ്രഖ്യാപിച്ച ചാലിയം സര്‍ക്കാര്‍ തടിഡിപ്പോ സ്ഥലത്ത് 2011 ഫെബ്രുവരി ഒന്നിനാണ് സസ്യസര്‍വസ്വം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഏഷ്യന്‍ രാജ്യങ്ങളിലെ സസ്യസമ്പത്തിനെക്കുറിച്ച് വിവരിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ പ്രതിപാദിക്കുന്ന 742 സസ്യങ്ങളില്‍ ഏകദേശം 590 ഓളം സസ്യങ്ങള്‍ ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളുടെ തൈകള്‍ സംരക്ഷിക്കുന്നതിനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുംവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ ആരംഭിച്ചതാണ് ചാലിയം ഇട്ടി അച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യസര്‍വസ്വം. എന്നാല്‍ ഇന്നത് മതിയായ പരിപാലനമില്ലാതെ ബുദ്ധിമുട്ടുകയാണ്.

    ReplyDelete