Sunday, April 1, 2012

അഗ്നിശമന സേനയുടെ 40 കോടി പാഴാക്കി


അഗ്നിശമന സേനയുടെ ആധുനികവല്‍ക്കരണത്തിനുള്ള 40 കോടിയോളം രൂപ അഭ്യന്തരവകുപ്പ് പാഴാക്കി. ആധുനിക ഉപകരണങ്ങള്‍ വാങ്ങാനും നവീകരണത്തിനുമായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതും കേന്ദ്രസര്‍ക്കാര്‍ സഹായവും ചേര്‍ത്തുള്ള തുകയാണ് സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിക്കാതെ പാഴാക്കിയത്. സേനയുടെ ശാക്തീകരണത്തിനായി നീക്കിവച്ച 3.16 കോടിയില്‍ ഒരു രൂപപോലും ചെലവിട്ടില്ല.

കോമ്പിറ്റൂള്‍സ്, മിസ്റ്റ് സാങ്കേതികവിദ്യയുള്ള ഹൈപ്രഷര്‍ പമ്പ്, ക്വിക് റെസ്പോണ്‍സ് വെഹിക്കിള്‍ തുടങ്ങിയവയ്ക്കായിരുന്നു ഈ തുക. അടിയന്തരസാഹചര്യങ്ങളിലെ സേവനങ്ങള്‍ ശക്തിപ്പെടുത്താനായി കേന്ദ്രസര്‍ക്കാരിന്റെ ഒറ്റത്തവണ അധിക സഹായമായി ലഭിച്ച 17.73 കോടി രൂപയും ചെലവഴിച്ചില്ല. മിനി വാട്ടര്‍ ടെന്‍ഡര്‍, എമര്‍ജന്‍സി ടെന്‍ഡര്‍, സ്കൈ ലിഫ്റ്റ് തുടങ്ങിയവയ്ക്കായിരുന്നു ഈ തുക. സംസ്ഥാന പദ്ധതി വിഹിതമായി അനുവദിച്ച 6.50 കോടി രൂപയും ചെലവഴിച്ചില്ല. ഫയര്‍ എന്‍ജിനുകള്‍ക്ക് എത്താന്‍ കഴിയാത്ത ഇടറോഡുകളിലെ ഉപയോഗത്തിനായുള്ള വാട്ടര്‍ മിസ്റ്റ് സംവിധാനമുള്ള 20 മോട്ടോര്‍ ബൈക്ക്, ഇറക്കുമതി ചെയ്യുന്ന ടോര്‍ക്യു നോസില്‍-100, ഭാരം കുറഞ്ഞ ഫ്ളോട്ട് പമ്പ്-60, ഹൈഡ്രാളിക് റെസ്ക്യു ടൂള്‍സ്-12, ഒബി എന്‍ജിനുള്ള റബര്‍ ഡിങ്കി-10 എന്നിവ വാങ്ങാനാണ് തുക നീക്കിവച്ചത്. ഇവ വാങ്ങാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ച 1.95 കോടി രൂപ പ്രയോജനപ്പെടുത്തി സിവില്‍ ഡിഫന്‍സ് അക്കാദമി തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തൃശൂരില്‍ സ്ഥലം നോക്കുന്നതില്‍ നടപടി ഒതുങ്ങി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്മര്‍ദഫലമായി പ്രതിവര്‍ഷം 10 കോടി രൂപവീതം ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് വാങ്ങിയെടുക്കാനേ കഴിഞ്ഞില്ല.

പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്ന നടപടികളും അനിശ്ചിതത്വത്തിലാണ്. കഴക്കൂട്ടത്തും കൂത്താട്ടുകുളത്തുമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത്. കഴക്കൂട്ടം സ്റ്റേഷന്റെ ആരംഭത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം മാറ്റുകയായിരുന്നു. പുതിയ സ്റ്റേഷനുകളുടെ മുന്‍ഗണനാ പട്ടികയില്‍ കൂത്താട്ടുകുളം ഉണ്ടായിരുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പ് പ്രീണനത്തിനായി തിരക്കിട്ട് ആരംഭിക്കുകയായിരുന്നു. പ്രാദേശിക ആവശ്യകത പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ സ്റ്റേഷനുകളുടെ മുന്‍ഗണനാ പട്ടികയും യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം തയ്യാറാക്കിയ 21 സ്ഥലങ്ങളില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്, മന്ത്രി ഷിബു ബേബിജോണ്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരുടെ മണ്ഡലങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചത്. നിയമനങ്ങള്‍ നടത്താത്തതുമൂലം സേനയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയാണുള്ളത്. 1333 ഒഴിവുകളാണ് നികത്താനുള്ളത്. ഫയര്‍മാന്‍ ട്രെയിനിയായി 781 ഉദ്യോഗാര്‍ഥികളുടെ പട്ടിക പിഎസ്സി നല്‍കിയിട്ടും ഒരാളെപ്പോലും നിയമിച്ചിട്ടില്ല.
(ജി രാജേഷ്കുമാര്‍)

deshabhimani 010412

1 comment:

  1. അഗ്നിശമന സേനയുടെ ആധുനികവല്‍ക്കരണത്തിനുള്ള 40 കോടിയോളം രൂപ അഭ്യന്തരവകുപ്പ് പാഴാക്കി. ആധുനിക ഉപകരണങ്ങള്‍ വാങ്ങാനും നവീകരണത്തിനുമായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതും കേന്ദ്രസര്‍ക്കാര്‍ സഹായവും ചേര്‍ത്തുള്ള തുകയാണ് സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിക്കാതെ പാഴാക്കിയത്. സേനയുടെ ശാക്തീകരണത്തിനായി നീക്കിവച്ച 3.16 കോടിയില്‍ ഒരു രൂപപോലും ചെലവിട്ടില്ല.

    ReplyDelete