"എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ നടന്ന സംഭവങ്ങളാണിത്. പറഞ്ഞും കേട്ടും കണ്ടും മനസ്സിലാക്കിയ മറ്റനവധി ചരിത്രസത്യങ്ങളും. നാടിന്റെ പുരോഗതിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി വഹിച്ച പങ്ക്. രക്തം ചിന്തിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം. പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ക്കും ജീവനുണ്ട്""- "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം കണ്ട മാനന്തവാടി മക്കാട് സ്വദേശി എ എസ് നാരായണപിള്ളയുടെ വാക്കുകളില്‍ നിറയുന്നത് സമരാവേശം. വാര്‍ധക്യത്തിന്റെ അവശതയ്ക്കിടയിലും മനസ്സിലെ വിപ്ലവവീര്യം ചോരാതെ ചരിത്രപ്രദര്‍ശനത്തിലെ വിവിധ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഓരോ വാചകവും ആവേശപൂര്‍വമാണ് നാരായണപിള്ള ഹൃദയത്തോട് ചേര്‍ക്കുന്നത്. ഒപ്പം ചില കാര്യങ്ങള്‍ തന്റെ കൈയിലുള്ള ചെറു ഡയറിയില്‍ കുറിക്കുന്നു. ഇദ്ദേഹത്തോടൊപ്പവും താന്‍ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് എണ്‍പത്തെട്ടുകാരനായ പിള്ള സ. സി കണ്ണന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി പറഞ്ഞു.
"നൂറ്റിയിരുപതോളം ഭരണാധികാരികളെയാണ് സിഐഎ കൊലപ്പെടുത്തിയത്. ജനകീയ നേതാക്കളെ തെരഞ്ഞുപിടിച്ചാണ് കൊല"- സിഐഎ കൊലപ്പെടുത്തിയ കോംഗോ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രി പാട്രിസ് ലുമുംബയുടെ ചിത്രത്തിനുമുന്നില്‍നിന്ന് പിള്ള പറഞ്ഞു. ""നമ്മുടെ നാട്ടില്‍ സി പിയുടെ ദുര്‍ഭരണവും അമേരിക്കന്‍ മോഡലുമൊക്കെ അവസാനിപ്പിക്കാന്‍ വാരിക്കുന്തമുള്‍പ്പെടെ ആയുധമേന്തിയുള്ള പോരാട്ടങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ദിവാനെ വെട്ടി നാട്ടില്‍നിന്ന് ഓടിച്ചതും അമേരിക്കന്‍ മോഡലിനുള്ള താക്കീതായി. അവസാനശ്വാസംവരെ പോരാടി നാടിനായി ജീവന്‍ വെടിഞ്ഞവരെല്ലാമാണ് ഇന്നത്തെ നാടിന്റെ സ്രഷ്ടാക്കള്‍""- സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനുമായ പിള്ളയുടെ വാക്കുകളില്‍ തുടിക്കുന്നത് അണയാത്ത വിപ്ലവവീര്യം. പ്രദര്‍ശനം കണ്ട് മതിവരാതെ തിരികെ ഒരുവട്ടംകൂടി എല്ലാം നോക്കിക്കണ്ടശേഷമാണ് അദ്ദേഹം ഇ എം എസ് നഗറിനോട് വിടപറഞ്ഞത്.
(സിനോവ് സത്യന്‍)
സഹനസമരത്തിന്റെ നേര്‍ക്കാഴ്ചയുമായി ഡോക്യൂമെന്ററികള്‍ പ്രകാശനം ചെയ്തു
കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തകര്‍ അനുഭവിച്ച സഹനത്തിന്റെയും ഭൂപ്രഭുത്വത്തിനിരയായ കര്‍ഷകത്തൊഴിലാളികളുടെ ധീരരക്തസാക്ഷിത്വത്തിന്റെയും നേര്‍ക്കാഴ്ചയുമായി ഡോക്യൂമെന്ററി ഫിലിമുകള്‍ പ്രകാശനം ചെയ്തു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് വീഡിയോ ആല്‍ബങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.
1940 മുതല്‍ 71വരെയുള്ള കാലഘട്ടത്തില്‍ വടകര താലൂക്കിലെ കോട്ടപ്പള്ളി പ്രദേശങ്ങളില്‍ പാര്‍ടിപ്രവര്‍ത്തകര്‍ അനുഭവിച്ച സഹനത്തിന്റെ കഥ പറയുന്ന "കനല്‍വഴികളില്‍ നിന്നും" എന്ന ഡോക്യുമെന്ററി ഫിലിം നിര്‍മിച്ചത് സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയാണ്. സാധാരണക്കാരായ മുന്നൂറോളം പേരാണ് ഇതില്‍ വേഷമിട്ടത്. തൊഴില്‍സമയം നിജപ്പെടുത്തുന്നതിന് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ കൊടിനാട്ടിസമരം, സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യവും കൂരയില്‍ കിടന്നുറങ്ങാന്‍ പോലുമാകാത്ത പ്രമാണിമാരുടെ കാടത്തം തുടങ്ങി പോയകാലത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നു ചെല്ലുന്നതാണ് "കനല്‍വഴികളില്‍ നിന്നും" ഡോക്യുമെന്ററി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ വേട്ടയാടിയ കുപ്രസിദ്ധനായ മാടമ്പിക്കെതിരെ പോരാടി ജയില്‍ശിക്ഷയനുഭവിച്ച സ. ടി കെ ബാലന്‍ നായരുടെ ജീവിതവഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി സതീദേവിക്ക് സിഡി കൈമാറിയായിരുന്നു പ്രകാശനം. കവിയും നാടകപ്രവര്‍ത്തകനുമായ ഗോപീനാരായണനാണ് സംവിധായകന്‍. സ്ക്രിപ്റ്റ് തയാറാക്കിയത് എം കുഞ്ഞിക്കണ്ണന്‍ വൈദ്യരാണ്. സുഖേഷ് ശേഖര്‍ ക്യാമറയും അജിത് ശ്രീധര്‍ സംഗീതവും ഷൈലേഷ് റെഡ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ബോബി മോഹന്‍, പീതാംബരന്‍ എന്നിവരാണ് സഹസംവിധായകര്‍. "നാടുണരുന്നു" വീഡിയോ ആല്‍ബം തയാറാക്കിയത് ഡിവൈഎഫ്ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയാണ്. ജന്മിമാരുടെ കൊലക്കത്തിക്ക് ഇരയായ കര്‍ഷകത്തൊഴിലാളികളുടെ രക്തസാക്ഷിത്വ സ്മരണകളാണ് ഈ വീഡിയോ ആല്‍ബം. ആല്‍ബത്തിന്റെ സിഡി കോടിയേരിയില്‍ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. അജികുമാര്‍ പനമരമാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ലിയോണ്‍ കെ തോമസാണ് സംവിധായകന്‍.
വായനയില്‍ പുതുമ സമ്മാനിച്ച് എന്‍ബിഎസ്
വായനയുടെ പുതിയ തലങ്ങള്‍ തേടുന്നവര്‍ക്ക് എന്‍ബിഎസ് സ്റ്റാളില്‍ പുസ്തകങ്ങളുടെ വൈവിധ്യം. ചരിത്രം, സംസ്കാരം, വിജ്ഞാനം, ശാസ്ത്രം, ബാലസാഹിത്യം, പഠനങ്ങള്‍ തുടങ്ങിയ ശാഖകള്‍ തെരഞ്ഞെടുക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനുകീഴിലുള്ള എന്‍ബിഎസില്‍ തിരക്കേറെയാണ്. ആഗോള മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ പ്രതിരോധമുയരുന്ന കാലഘട്ടത്തില്‍ കാള്‍ മാര്‍ക്സിന്റെ "മൂലധനം" തേടി എത്തുന്നവരേറെ.
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലെ പുസ്തകോത്സവനഗറിലേക്ക് വായനയെ നെഞ്ചേറ്റുന്നവരുടെ നിലയ്ക്കാത്ത സഞ്ചാരമാണ്. "മൂലധ"ത്തിന്റെ കോപ്പികള്‍ തവണവ്യവസ്ഥയില്‍ നാഷണല്‍ ബുക്ക് സ്റ്റാളിന്റെ പവിലിയനില്‍നിന്ന് സ്വന്തമാക്കാം. മൂന്ന് വാല്യങ്ങള്‍ക്ക് 2880 രൂപയാണ് മുഖവിലയെങ്കിലും 1300 രൂപയ്ക്ക് ലഭിക്കും. നിരവധി ഗ്രന്ഥശാലകളും വ്യക്തികളും ഈ അവസരം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാക്സിം ഗോര്‍ക്കിയുടെ "അമ്മ", വിഖ്യാത റഷ്യന്‍ എഴുത്തുകാരന്‍ ഫയദോര്‍ ദസ്തോവ്സ്കിയുടെ "കുറ്റവും ശിക്ഷയും" തുടങ്ങിയ ക്ലാസിക്കല്‍ രചനകള്‍ക്കും ആവശ്യക്കാരേറെയാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്റെ ജീവചരിത്രമായ "കെ ദാമോദരന്‍: പോരും പൊരുളും" എന്ന ഗ്രന്ഥം എന്‍ബിഎസിന്റെ പുസ്തകശേഖരത്തിലെ പുതിയ പിറവിയാണ്. പി ഗോവിന്ദപ്പിള്ളയുടേതാണ് രചന. 180 രൂപയാണ് മുഖവില. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാന്‍ എസ്പിസിഎസ് ആവിഷ്കരിച്ചിട്ടുള്ള "അറിവൂഞ്ഞാല്‍" പഠനസഹായ പുസ്തകപരമ്പരയിലെ ആദ്യവാല്യങ്ങളിലെ പത്തു പുസ്തകങ്ങളും ഇവിടെ ലഭിക്കും. വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ പ്രസിദ്ധീകരണങ്ങളും സ്റ്റാളിലുണ്ട്.
deshabhimani 310312
വായനയുടെ പുതിയ തലങ്ങള്‍ തേടുന്നവര്‍ക്ക് എന്‍ബിഎസ് സ്റ്റാളില്‍ പുസ്തകങ്ങളുടെ വൈവിധ്യം. ചരിത്രം, സംസ്കാരം, വിജ്ഞാനം, ശാസ്ത്രം, ബാലസാഹിത്യം, പഠനങ്ങള്‍ തുടങ്ങിയ ശാഖകള്‍ തെരഞ്ഞെടുക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനുകീഴിലുള്ള എന്‍ബിഎസില്‍ തിരക്കേറെയാണ്. ആഗോള മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ പ്രതിരോധമുയരുന്ന കാലഘട്ടത്തില്‍ കാള്‍ മാര്‍ക്സിന്റെ "മൂലധനം" തേടി എത്തുന്നവരേറെ.
ReplyDelete