പൊതുയോഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ എം എം മണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ കേസ് ആഗസ്ത് 13 ലേക്ക് മാറ്റി. പ്രസംഗത്തിന്റെ പേരില്‍ പഴയ കേസുകള്‍ പുനരന്വേഷിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന മണിയുടെ വാദത്തില്‍ കഴമ്പുള്ളതിനാല്‍ വിചാരണക്കോടതിയില്‍ ഇക്കാര്യം ഉന്നയിക്കാമെന്നും ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. പുനരന്വേഷണം പാടില്ലെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടേണ്ട സമയമായിട്ടില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
പ്രസംഗത്തിന്റെ പേരില്‍ പഴയ കേസുകളില്‍ പുനരന്വേഷണമാരംഭിച്ചത് ചോദ്യചെയ്തും ഒരേ കേസില്‍ത്തന്നെ പൊലീസ് രണ്ടാമത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികളാണ് എം എം മണിയുടേതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ പുനരന്വേഷണത്തിനെതിരായ ഹര്‍ജിയാണ് കോടതി ആദ്യം പരിഗണിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 173(8) വകുപ്പുപ്രകാരം കോടതിയില്‍ തീര്‍പ്പായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ മജിസ്ട്രേറ്റിന് അധികാരമില്ലെന്ന വാദമാണ് മണിക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത മുന്നോട്ടുവച്ചത്. 173(8) വകുപ്പിന്റെ പേരില്‍ പുനരന്വേഷണം പാടില്ലെന്ന നിലപാടിലേക്ക് കോടതി എത്തരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റൊഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു.
പുനരന്വേഷണ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കേസിപ്പോള്‍ അന്വേഷണ ഘട്ടത്തിലാണ്. ഇപ്പോഴത്തെ ഇടപെടല്‍ അപക്വമാകും. പൊലീസ് റിപ്പോര്‍ട്ടും മറ്റും സമര്‍പ്പിച്ചശേഷം ഇതേ വാദം വിചാരണക്കോടതിയില്‍ ഉന്നയിക്കാം. തുടര്‍ന്ന് സുപ്രീംകോടതിയിലേക്കും വരാം-കോടതി പറഞ്ഞു. ഒരു കേസില്‍ രണ്ട് എഫ്ഐആര്‍ പാടില്ലെന്നത് സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയിട്ടുള്ളതാണെന്ന് രണ്ടാമത്തെ ഹര്‍ജിയില്‍ മണിക്കുവേണ്ടി ഹാജരായ നാഗേശ്വര്‍ റാവു പറഞ്ഞു. മണിയുടെ പ്രസംഗത്തിന്റെ പേരിലുള്ള പുതിയ എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ല- റാവു പറഞ്ഞു. പുതിയ എഫ്ഐആര്‍ പഴയ കേസുകളെ മാത്രം ഉള്‍പ്പെടുത്തിയല്ലെന്നും പൊലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പുതിയവ ചേര്‍ത്തിട്ടുണ്ടെന്നും നരിമാന്‍ പറഞ്ഞു. ഹര്‍ജി വിശദമായി കേട്ടശേഷം തീര്‍പ്പാക്കാമെന്ന് കോടതി പറഞ്ഞു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി കേസ് ആഗസ്ത് 13 ലേക്ക് മാറ്റി.
deshabhimani 240712
No comments:
Post a Comment