Tuesday, July 10, 2012

യുഡിഎഫുകാര്‍ പ്രതികളായ 326 കേസ് പിന്‍വലിച്ചു


യുഡിഎഫ് അധികാരത്തിലെത്തിയശേഷം 740 കേസ് പിന്‍വലിച്ചിട്ടുണ്ടെന്ന് എ പ്രദീപ്കുമാറിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇവയില്‍ അഞ്ച് കേസ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികളായ 326 കേസ് പിന്‍വലിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ പിന്‍വലിച്ചത് കാസര്‍കോട് ജില്ലയിലാണ്. 88 കേസ്. മലപ്പുറത്ത് 68ഉം കണ്ണൂരില്‍ 34ഉം കോഴിക്കോട്ട് 33ഉം തിരുവനന്തപുരത്ത് 22ഉം കൊല്ലത്ത് 19ഉം കോട്ടയത്ത് 22ഉം എറണാകുളത്ത് 17 ഉം യുഡിഎഫ് കേസുകള്‍ ഇത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാന്‍ 1742 അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

യുഡിഎഫിന്റെ ഒരു വര്‍ഷം: പരസ്യയിനത്തില്‍ ചെലവിട്ടത് 18 കോടി

 യുഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷത്തിനിടെ പരസ്യത്തിനായി ചെലവിട്ടത് കോടികള്‍. തറക്കല്ലിടല്‍, ഉദ്ഘാടനങ്ങള്‍, പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിനായുള്ള പരസ്യങ്ങള്‍ക്ക് 18 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഇവയില്‍ അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്കുള്ള 13 കോടിയും കൊടുത്തതായും മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പി കെ ഗുരുദാസനെ അറിയിച്ചു.

ക്ഷേമനിധിയില്‍ 27,790 അന്യസംസ്ഥാന തൊഴിലാളികള്‍

അന്യസംസ്ഥാന തൊഴിലാളികളായ 27,790 പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ടെന്ന് ഇ പി ജയരാജന്‍, കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍, എസ് ശര്‍മ, വി ശിവന്‍കുട്ടി എന്നിവരെ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. എറണാകുളം-5388, ആലപ്പുഴ-1653, പത്തനംതിട്ട-2044.

പനി: 9,65,768 പേര്‍ ചികിത്സ തേടി

ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30വരെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 965768 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണനെ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് തൃശൂര്‍ ജില്ലയിലാണ്. 1,19,130 പേര്‍. തിരുവനന്തപുരം-113194, മലപ്പുറം-109966, എറണാകുളം-78673. കോഴിക്കോട്-58,524, കണ്ണൂര്‍-69,738, കാസര്‍കോട്-49,664. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് കെ എസ് സലീഖയെ വകുപ്പുമന്ത്രി അറിയിച്ചു.

ഒമ്പത് കായലുകളില്‍ കൈയേറ്റം

സംസ്ഥാനത്ത് ഒമ്പത് കായലുകളില്‍ അനധികൃത കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. വെള്ളായണി, അഷ്ടമുടി, പരവൂര്‍, ശാസ്താംകോട്ട എന്നീ കായലുകളോട് ചേര്‍ന്നുകിടക്കുന്ന വൃഷ്ടിപ്രദേശങ്ങളിലും ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ വരുന്ന വേമ്പനാട്ട് കായലിലും മലപ്പുറം ജില്ലയിലെ രണ്ടു കായലും കൈയേറിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എം എ ബേബി, ടി എം തോമസ് ഐസക്, സി കെ സദാശിവന്‍, സി ചെന്താമരാക്ഷന്‍ എന്നിവര്‍ക്ക് മറുപടി ലഭിച്ചു.

വിലകൂട്ടിയതോടെ പാലുല്‍പ്പാദനവും വര്‍ധിച്ചെന്ന്

കഴിഞ്ഞ സെപ്തംബറില്‍ പാലിെന്‍റ വിലയും കാലിത്തീറ്റ സബ്സിഡിയും വര്‍ധിപ്പിച്ചശേഷം സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞു. അടുത്തവര്‍ഷം 3000 ഹെക്ടറില്‍കൂടി തീറ്റപ്പുല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ക്ഷീരവികസനം, സാമൂഹ്യ വികസനം വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭ്യമായത് ഗൗരവമായി പരിശോധിക്കും. പത്തുലക്ഷം രൂപ ചെലവാക്കി പഞ്ചായത്തുകളിലും 25 ലക്ഷം മുടക്കി ബ്ലോക്ക്പഞ്ചായത്തുകളിലും രാജീവ്ഗാന്ധി വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിക്കും. എംഎല്‍എമാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവരുടെ ഫണ്ടില്‍നിന്ന് നിശ്ചിത തുക ക്ഷീരസംഘങ്ങള്‍ക്ക് കൊടുക്കാന്‍ വ്യവസ്ഥ കൊണ്ടുവരും. സ്പീക്കറുടെ മണ്ഡലമായ ആര്യനാട്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

തദ്ദേശഭരണ പ്രതിനിധികള്‍ക്ക് പെന്‍ഷന്‍: ചര്‍ച്ച നടത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. സംസ്ഥാനത്ത് 16,139 വാര്‍ഡ് പ്രതിനിധികളാണുള്ളത്. ഇവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന്റെ ബാധ്യത മൂന്നില്‍ രണ്ടു ഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാനാകാത്ത സ്ഥിതിയുണ്ട്. ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന്റെ ബാധ്യത മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാനാകുന്നില്ല. ശമ്പളംതന്നെ നല്‍കാന്‍ ബുദ്ധിമുട്ടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനും ആനുകൂല്യം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ സഹായം നല്‍കേണ്ടിവരുമെന്നതാണ് തടസ്സം. പ്രതിപക്ഷത്തിന്റെ അഭിപ്രായംകൂടി കേട്ടശേഷം ഉചിതമായ ഫോര്‍മുല രൂപീകരിക്കുമെന്നും എം എ വാഹിദിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ദേശാഭിമാനി 100712

1 comment:

  1. യുഡിഎഫ് അധികാരത്തിലെത്തിയശേഷം 740 കേസ് പിന്‍വലിച്ചിട്ടുണ്ടെന്ന് എ പ്രദീപ്കുമാറിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇവയില്‍ അഞ്ച് കേസ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ്

    ReplyDelete