Saturday, July 7, 2012
600 ഏക്കര്‍ ഏറ്റെടുക്കുന്നത് മുസ്ലിംലീഗ് തടഞ്ഞു
പശ്ചിമഘട്ട മലനിരയില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി പ്രാധാന്യമുള്ള വയനാട്ടിലെ 600 ഏക്കര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നത് മുസ്ലീം ലീഗിന്റെയും ഭൂമാഫിയയുടെയും സമ്മര്‍ദ്ദത്തെടുര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശ(ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ്) നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ച 600 ഏക്കര്‍ ഭൂമിയാണിത്.
വയനാട്ടിലെ, അന്തരിച്ച പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകന് കൈയടക്കിയ 222 ഏക്കര്‍ ഭൂമിയും ഇതില്‍പെടും. സ്വാഭാവിക വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ കൃഷിയോ ആള്‍താമസമോ ഇല്ല. അപൂര്‍വ ജന്തുജാലങ്ങളും സസ്യങ്ങളും നിറഞ്ഞുനില്ക്കുന്ന ഇവിടെ റിസോര്‍ട്ടും വില്ലകളും നിര്‍മിക്കാനാണ് രഹസ്യ നീക്കം. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വൈത്തിരി, മേപ്പാടി എന്നിവിടങ്ങളില്‍ ഏതാനും വന്‍കിടക്കാരുടെ കൈവശമാണ്് ഇപ്പോള്‍ ഈ ഭൂമി. ഏറ്റെടുക്കാനായി വനംവകുപ്പ് പരിശോധനയും പഠനവും സര്‍വെയും പൂര്‍ത്തിയാക്കി കണ്‍സര്‍വേറ്റര്‍ മുഖേന ഏഴ് മാസം മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിച്ച അഞ്ച് ഫയലുകളാണ് മരവിപ്പിച്ചത്. വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ മേലെ പൂഞ്ചോലയിലുള്ള 247 ഏക്കര്‍, കുന്നത്തിടവക വില്ലേജിലെ പന്ത്രണ്ടേക്കര്‍ പാറയിലെ 111 ഏക്കര്‍, ഇവിടെ തന്നെയുള്ള മറ്റൊരു 247 ഏക്കര്‍, മേപ്പാടി വെള്ളരിമല വില്ലേജില്‍ സര്‍വെനമ്പര്‍ 321ല്‍പ്പെട്ട 14.8 ഏക്കര്‍, സര്‍വെനമ്പര്‍ 317ലെ അട്ടമലക്കുണ്ടിലെ 9.5 ഏക്കര്‍ തുടങ്ങിയവ ഏറ്റെടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തത്.
പന്ത്രേണ്ടക്കര്പാറയിലെ 222 ഏക്കര്‍ ഭൂമിയാണ് അന്തരിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ കൈയിലുള്ളത്. ഇദ്ദേഹത്തിന്റെതായി വന്‍ തോട്ടവും ഇതിനടുത്തുണ്ട്. മുസ്ലിംലീഗിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന് കോഴിക്കോട്ടും മറ്റും വന്‍ ബിസിനസ്സുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തില്‍, വനമായി കിടക്കുന്ന ഈ പ്രദേശം ഏറ്റെടുക്കേണ്ടത് പരിസ്ഥിതി-വന്യജീവി-മണ്ണ്-ജല സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് സൗത്ത്വയനാട് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ടം ഉള്‍പ്പെട്ടതോടെ ഇവിടുത്തെ പരിസ്ഥിതി പ്രാധാന്യം ഒന്നുകൂടി വര്‍ധിച്ചു. ചുണ്ടേല്‍ വില്ലേജിലെ 410, 411, 412, 414, 121 സര്‍വെ നമ്പറുകളിലായി കിടക്കുന്ന 247 ഏക്കര്‍ ഭൂമി വന്‍കിട റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് ഉടമകളായ നാലുപേര്‍ കൈയടക്കിയിരിക്കയാണ്. നിലമ്പൂര്‍ വനത്തോട് ചേര്‍ന്നുള്ളതാണ് വെള്ളരിമല വില്ലേജിലെ നിര്‍ദേശിക്കപ്പെട്ട ഭൂമി.
(കെ എ അനില്‍കുമാര്‍)
deshabhimani 070612
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
പശ്ചിമഘട്ട മലനിരയില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി പ്രാധാന്യമുള്ള വയനാട്ടിലെ 600 ഏക്കര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നത് മുസ്ലീം ലീഗിന്റെയും ഭൂമാഫിയയുടെയും സമ്മര്‍ദ്ദത്തെടുര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശ(ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ്) നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ച 600 ഏക്കര്‍ ഭൂമിയാണിത്.
ReplyDelete