Sunday, July 22, 2012

വി എസിന് പരസ്യശാസന


പാര്‍ടിയുടെ അടിസ്ഥാനചട്ടങ്ങള്‍ ലംഘിച്ചതിനും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിനും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ പാര്‍ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് പൊളിറ്റ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി സംസ്ഥാനനേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്ന ചില പ്രസ്താവനകള്‍ വി എസ് നടത്തിയെന്നും പാര്‍ടി ശത്രുക്കള്‍ക്ക് പാര്‍ടിയെ ആക്രമിക്കാന്‍ അവസരമൊരുക്കുംവിധം ചില നടപടികള്‍ വി എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും കേന്ദ്ര കമ്മിറ്റി കണ്ടെത്തി. തന്റെ ചില പരാമര്‍ശങ്ങളും പ്രവൃത്തികളും തെറ്റായിരുന്നെന്നും ഒഴിവാക്കാമായിരുന്നെന്നും ചര്‍ച്ചയ്ക്കുശേഷം വി എസ് സ്വയംവിമര്‍ശനപരമായി കേന്ദ്ര കമ്മിറ്റിയില്‍ പറഞ്ഞു. ഇന്നുള്ള പരിതഃസ്ഥിതിയെ ഐക്യത്തോടെ നേരിടാന്‍ പാര്‍ടിയെ സഹായിക്കുംവിധം കേരളത്തിലെ പാര്‍ടിയിലെ തലമുതിര്‍ന്ന നേതാവായ വി എസ് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളത്തിലെ പാര്‍ടിക്കെതിരെ ശക്തവും ആസൂത്രിതവുമായ പ്രചാരണത്തിന് ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ വധത്തെ ഉപയോഗപ്പെടുത്തി. കേസില്‍ പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും തെറ്റായ വഴിയിലൂടെ അകപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിക്കുന്നതിനെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് ഒരു പങ്കുമില്ലെന്ന് പാര്‍ടി നേരത്തേതന്നെ പ്രഖ്യാപിച്ചതും വധത്തെ അപലപിച്ചതുമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതില്‍ പാര്‍ടി വിശ്വസിക്കുന്നില്ല. സംഭവത്തില്‍ പാര്‍ടിയുമായി ബന്ധമുള്ളവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പാര്‍ടി അന്വേഷണം നടത്തും. ആര്‍ക്കെങ്കിലും പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കും. അത്തരം എന്തെങ്കിലും പ്രവണതയുണ്ടെങ്കില്‍ ശക്തമായി ഇല്ലാതാക്കും. സിപിഐ എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയോട് കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍വധത്തില്‍ പാര്‍ടിക്ക് പങ്കില്ല: കാരാട്ട്

ന്യൂഡല്‍ഹി: ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ ഒരു കമ്മിറ്റിക്കും പങ്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ടിയുടെ ഒരു കമ്മിറ്റിയും ഈ ദാരുണസംഭവത്തില്‍ പങ്കാളിയല്ല. പാര്‍ടിസംവിധാനത്തിനു പുറത്തുനിന്ന് ആരെങ്കിലും പങ്കാളിയായിട്ടുണ്ടോ എന്നു കണ്ടെത്താന്‍ അന്വേഷണം നടത്തും. അന്വേഷണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. പാര്‍ടിയുടെ വിവിധതലങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തത് സംസ്ഥാന സമ്മേളന റിവ്യൂവും സംസ്ഥാന സമ്മേളന തീരുമാനങ്ങളുമാണ്. പാര്‍ടിക്കെതിരെ വിവിധ ഘട്ടങ്ങളില്‍ വി എസ് നടത്തിയ പരാമര്‍ശങ്ങള്‍ സന്തോഷകരമായ കാര്യമല്ല. വി എസിനെ പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ചചെയ്തില്ലെന്നും പ്രകാശ് കാരാട്ട് മറുപടി നല്‍കി. കേരളത്തിലെ പാര്‍ടിയിലെ മൊത്തം കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്തില്ല. കഴിഞ്ഞ രണ്ടുമാസത്തെ സംഭവങ്ങളാണ് ചര്‍ച്ച ചെയ്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വീകരിച്ച നിലപാട് തെറ്റാണെന്ന് ഒരു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പറഞ്ഞിട്ടില്ല. ജെഎന്‍യുവില്‍ ഇതിനെതിരെ ചില പ്രതികരണങ്ങളുണ്ടായത് ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 230712

1 comment:

  1. പാര്‍ടിയുടെ അടിസ്ഥാനചട്ടങ്ങള്‍ ലംഘിച്ചതിനും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിനും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

    ReplyDelete