Sunday, July 22, 2012

വിഷഭക്ഷണ റെയ്ഡുകള്‍ പ്രഹസനമാകുന്നു


സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടക്കുന്ന റെയ്ഡുകള്‍ പ്രഹസനമാകുന്നു. ചെറുകിട കച്ചവടക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വന്‍കിടക്കാര്‍ക്ക് കേവലം നോട്ടീസ് നല്‍കി മടങ്ങുന്നതായും ആക്ഷേപമുണ്ട്. വന്‍കിട ഹോട്ടലുടമകള്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കോഴ നല്‍കിയും മുന്തിയ ടെക്സ്റ്റയില്‍ കടകളിലേയ്ക്ക് ആയിരങ്ങളുടെ ഗിഫ്റ്റ് വൗച്ചറുകളുമാണ് നല്‍കുന്നത്.

ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥനും റെയ്ഡിലെ ഊര്‍ജ്ജസ്വലനുമായ വ്യക്തി  വാങ്ങികൂട്ടിയത് 65000 രൂപയുടെ തുണിത്തരങ്ങള്‍. ഇതെല്ലാം വാങ്ങുന്നതിന് തലസ്ഥാനത്തെ നക്ഷത്ര ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഗിഫ്റ്റ് വൗച്ചര്‍  ഉപയോഗിച്ചെന്നതില്‍ സുതാര്യകേരളം ആശ്ചര്യപ്പെടുന്നു. ഇതിലുപരിയായി പട്ടത്ത് പ്രവര്‍ത്തിക്കുന്ന റിലയന്‍സിന്റെ ചെരുപ്പുകടയില്‍ നിന്നും ഇതേ ഉദ്യോഗസ്ഥന്‍ 12000 രൂപയുടെ ചെരുപ്പുകള്‍ വാങ്ങികൂട്ടി.

റെയ്ഡ് വന്നതില്‍ ഓണം കുശാലക്കാമെന്ന കണക്കൂകൂട്ടലിലാണ് റെയ്ഡില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍. ഒരുജനതയുടെ ജീവന്‍ തീറെഴുതിയുള്ള ഇത്തരം  ഉദ്യോഗസ്ഥരുടെ നെറികെട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കഴിയുന്നില്ല.

ഹോട്ടല്‍ ഭക്ഷണത്തില്‍ മാത്രമല്ല വിഷവും രാസവസ്തുക്കളും കലരുന്നത്. പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മാംസം എന്നിവയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് വിവിധ പഠനങ്ങള്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. പാല്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശവശരീരം സൂക്ഷിക്കുന്നതിനുള്ള ഫോര്‍മാലിന്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ടാങ്കറുകളില്‍ എത്തിക്കുന്ന പാലിലാണ് ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.  ഇത് തടയുന്നതിനായി സംസ്ഥാനത്തെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതൊക്കെ താളം തെറ്റി.

പഴവര്‍ഗങ്ങള്‍ കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന അസറ്റലിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അസറ്റലിന്റെ ഉപയോഗത്തിന്റെ ഫലമായി പഴവര്‍ഗങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന കാര്‍ബൈഡ് വാതകം കാന്‍സറിന് കാരണമാകുന്നു. കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ദേശീയശരാശരിയേക്കാള്‍ എത്രയോ മുന്നിലാണ്.സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കു വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം പോലും ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയുന്നില്ല.

അഴുകിയതും പുഴുത്തതും ആളെക്കൊല്ലിയുമൊക്കെ വിളമ്പുന്നഭക്ഷണ ശാലകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിരോധിക്കാനും ബാധ്യസ്ഥരായ  ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റവാളികള്‍. കൈക്കൂലിയും സേവയും പറ്റി വിഷം വിളമ്പലിനു കണ്ണടച്ച് കൊടുക്കുന്ന സാമൂഹ്യവിരുദ്ധരായി  അധപതിച്ചു ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.
ഇതിനിടെയാണ് ഇന്നലെ ഹോട്ടലുടമകള്‍ നടത്തിയ കടയടച്ചിട്ടുള്ള സമരം. ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ആയിരങ്ങളാണ് തലസ്ഥാനത്ത് എത്തുന്നത്. തങ്ങള്‍ കാണിച്ച നെറികേടിന് പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്ന നിലപാടുകളാണ് ഹോട്ടലുടമകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

തലസ്ഥാനത്തെ വന്‍കിട ഹോട്ടലുകള്‍ റെയ്ഡ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരയുള്ള നടപടികള്‍ നോട്ടീസില്‍ നിലച്ചു. ഇതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരസ്യവും. ഭക്ഷ്യവിഷബാധയില്‍ ഒരു ജീവന്‍ പൊലിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപ പിഴ നല്‍കണം.

അംഗവൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപാ നല്‍കണം. നിസാരമായ കുഴപ്പം ഉണ്ടായാല്‍ ഒരുലക്ഷം രൂപാ പിഴ നല്‍കണം. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലടയ്ക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഇതൊക്കെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുവേണ്ടി മറന്നോ മറക്കുന്നതായി ഭാവിച്ചോ സമൂഹത്തിന്റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ഗുരുതരമായ പ്രശ്‌നത്തെ ഒരു കൈകഴുകല്‍ പര്യസ്യത്തിലൊതുക്കി കടമകഴിക്കുയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍.
(കെ ആര്‍ ഹരി)

janayugom 220712

1 comment:

  1. സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടക്കുന്ന റെയ്ഡുകള്‍ പ്രഹസനമാകുന്നു. ചെറുകിട കച്ചവടക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വന്‍കിടക്കാര്‍ക്ക് കേവലം നോട്ടീസ് നല്‍കി മടങ്ങുന്നതായും ആക്ഷേപമുണ്ട്. വന്‍കിട ഹോട്ടലുടമകള്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കോഴ നല്‍കിയും മുന്തിയ ടെക്സ്റ്റയില്‍ കടകളിലേയ്ക്ക് ആയിരങ്ങളുടെ ഗിഫ്റ്റ് വൗച്ചറുകളുമാണ് നല്‍കുന്നത്.

    ReplyDelete