Monday, July 23, 2012

സദാചാര പൊലീസും "ഡിജിപി"യും


സദാചാര പൊലീസ് ചമഞ്ഞുനടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഏകസ്വരത്തിലാണ് വടിവീശിയത്. എ കെ ബാലന്‍ നോട്ടീസ് നല്‍കിയതനുസരിച്ച് ചട്ടം 58 പ്രകാരമുള്ള ചര്‍ച്ചയില്‍ സഭയില്‍ രോഷം അണപൊട്ടി. സദാചാര പൊലീസിന് പകരം "സദാചാരഗുണ്ടകള്‍" എന്നാണ് വിളിക്കേണ്ടതെന്ന ബാലന്റെ നിലപാടിനോട് കെ മുരളീധരന് യോജിപ്പാണ്. പക്ഷേ, മുസ്ലിംലീഗിന്റെ ചിറകിനടിയില്‍ സദാചാരഗുണ്ടകള്‍ കയറുന്നതിനെതിരെ കരുതല്‍ വേണമെന്ന വാദത്തോട് മുരളിക്ക് പഥ്യമില്ല. പണ്ട് വടക്കാഞ്ചേരിയില്‍ മത്സരിച്ചപ്പോള്‍ ഒരിടത്ത് ചുവപ്പുകോട്ടയിലേക്ക് സ്വാഗതമെന്ന് എഴുതിവച്ചിരുന്നെന്നാണ് അതിന് മുരളിയുടെ ന്യായം. എന്തായാലും കമ്യൂണിസ്റ്റുകാരന്റെ സദാചാരത്തില്‍ നിന്ന് ലീഗിന്റേത് തെല്ല് വേറിട്ടതാണെന്ന് കെ എന്‍ എ ഖാദര്‍ തിരിച്ചറിഞ്ഞു.

മാഫിയാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പി സി ജോര്‍ജ്. ലോകത്താകമാനമുള്ള മാഫിയാസംഘങ്ങളെ കുറിച്ച് ജോര്‍ജ് പഠനം പൂര്‍ത്തിയാക്കി. മാഫിയയുടെ ഒറിജിന്‍ ഇറ്റലിയിലാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ജോര്‍ജിന് അനുയോജ്യമായ പദവി മറ്റൊന്നാണെന്ന് എ പ്രദീപ്കുമാറിന് ഉറപ്പുണ്ട്. സദാചാരഗുണ്ടകളെ സദാചാര പൊലീസ് എന്ന് വിളിക്കാമെങ്കില്‍ അവരുടെ ഡിജിപിയാകാന്‍ ജോര്‍ജ് എന്തുകൊണ്ടും യോഗ്യനാണെന്നാണ് പ്രദീപ്കുമാറിന്റെ പക്ഷം. ചുവപ്പുകോട്ട കണ്ട സ്ഥിതിക്ക് മുരളി തിരുവമ്പാടിയിലെ ഹരിതഗ്രാമവും കണ്ടിരിക്കുമെന്ന് പ്രദീപ്. സ്വന്തം പാര്‍ടിക്കാരുടെ മുണ്ടുരിയാന്‍ വിട്ടവരെ എന്ത് പേരുവിളിക്കണമെന്നും അദ്ദേഹം ആരാഞ്ഞു. സദാചാരഗുണ്ടകളെ ഭയന്ന് കുടുംബത്തോടൊപ്പം പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണെന്ന് എ കെ ബാലന്‍. ഭാര്യയോടൊപ്പം പോകണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടുപോകേണ്ട സ്ഥിതിയാണ്. സദാചാരഗുണ്ടകളുടെ ആക്രമണത്തിന്റെ പട്ടിക തന്നെ അദ്ദേഹം നിരത്തി. പൊലീസിലെ ഒരുവിഭാഗവും ഇവര്‍ക്ക് ഒത്താശ നല്‍കുകയാണ്. കാവിവല്‍ക്കരണവും പച്ചവല്‍ക്കരണവും ഒരുപോലെ ആപത്താണെന്ന് ബാലന്‍ വ്യക്തമാക്കി. സദാചാര ഗുണ്ടായിസത്തിന്റെ എതിര്‍പ്പുമൂലം യുവത്വത്തിന്റെ ചൈതന്യമായ പ്രണയാനുഭവം പോലും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാലഘട്ടത്തിന്റെയും പ്രത്യേക അനുഭൂതിയാണ് പ്രണയമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീരാമന്‍ എന്ന വാക്കിന് മര്യാദ പുരുഷോത്തമന്‍ എന്നാണ് അര്‍ഥം. പക്ഷേ, ശ്രീരാമസേനയുടെ പേരിലാണ് ബംഗളൂരുവില്‍ ഗുണ്ടകള്‍ പെണ്‍കുട്ടികളെ ആക്രമിച്ചതെന്ന് കെ മുരളീധരന്‍. പൊലീസിലെ ചിലര്‍ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദാചാരഗുണ്ടകളെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇ എസ് ബിജിമോള്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ക്ക് മതമില്ലെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു. സദാചാര പൊലീസിനെ പൂര്‍ണമായി അമര്‍ച്ച ചെയ്യണമെന്നായിരുന്നു ജമീല പ്രകാശത്തിന്റെ നിലപാട്. സദാചാര പൊലീസിന്റെ പേരില്‍ നടക്കുന്നത് തനി ഗുണ്ടായിസമാണെന്ന കാര്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തര്‍ക്കമില്ല. പക്ഷേ, എന്തുനടപടി എടുക്കുമെന്ന് എത്ര ചോദിച്ചാലും അദ്ദേഹം മിണ്ടില്ല. ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള ബില്‍ ഐകകണ്ഠ്യേന അംഗീകരിച്ചെങ്കിലും അംഗവൈകല്യം വരുത്തിയതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച നിയമത്തില്‍ കാതലായ മാറ്റം വരുത്തിയാണ് ബില്‍ കൊണ്ടുവന്നത്. പരാതി പരിഹാരസെല്‍ രൂപീകരിക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല. സെക്യൂരിറ്റി ജീവനക്കാരെയും ക്ലീനിങ് തൊഴിലാളികളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഈ ബില്‍ കൊണ്ട് രോഗികള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് സി ദിവാകരന്‍ അറിയിച്ചു.

സുരക്ഷാ ജീവനക്കാരെ ഉള്‍പ്പെടുത്തണമെന്ന മാത്യു ടി തോമസിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളി. പരാതി പരിഹാരസെല്‍ നിലനിര്‍ത്തണമെന്ന ആവശ്യവും നിരാകരിച്ചു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സെല്‍ ഒഴിവാക്കിയതെന്ന് അയിഷാപോറ്റി കുറ്റപ്പെടുത്തി. ജീവിതശൈലീരോഗങ്ങളുടെ കാര്യത്തില്‍ മുന്നിലും രോഗ പ്രതിരോധകാര്യത്തില്‍ പിന്നിലുമാണ് കേരളമെന്ന് കെ ദാസന്‍ പറഞ്ഞു. രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണമെന്ന് കെ കെ നാരായണന്‍ ആവശ്യപ്പെട്ടു. സഭയില്‍ അച്ചടക്കമില്ലാതെ ചുറ്റിത്തിരിയുന്ന ഭരണകക്ഷി അംഗങ്ങളെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പലവട്ടം ശാസിച്ചു. ആരോഗ്യരക്ഷാ സേവന ബില്ലിന്റെ അന്തിമ പരിഗണനാവേളയിലും സദാചാര പൊലീസിനെതിരെയുള്ള പ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോഴും അംഗങ്ങള്‍ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞതാണ് സ്പീക്കറെ ക്ഷുഭിതനാക്കിയത്.

ബില്ലിന്റെ മൂന്നാം വായനസമയത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ പലരും ഇരിപ്പിടം വിട്ട് സഭയില്‍ കൂടിനില്‍പ്പായിരുന്നു. ബില്ലിന്റെ അന്തിമ പരിഗണനവേളയാണെന്ന് കണക്കിലെടുക്കാത്തതില്‍ ദുഃഖമുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സദാചാര പൊലീസിനെതിരെ പ്രമേയം എടുത്തപ്പോഴും ഭരണകക്ഷിക്കാര്‍ സഭയെ അലങ്കോലമാക്കി. ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്ന് മുഖ്യമന്ത്രിയോട് ചോദിച്ച സ്പീക്കര്‍ സഭ കുറച്ചുനേരം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഭരണകക്ഷിക്കാരുടെ അച്ചടക്കരാഹിത്യം മൂലം ഇതിനുമുമ്പും സ്പീക്കര്‍ക്ക് കര്‍ശന നിലപാട് എടുക്കേണ്ടിവന്നിരുന്നു. ഭക്ഷ്യവിഷബാധയെ കുറിച്ച് ചട്ടം 300 അനുസരിച്ച് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രത്യേക പ്രസ്താവന നടത്തി.
(കെ ശ്രീകണ്ഠന്‍)

deshabhimani 230712

1 comment:

  1. സദാചാര പൊലീസ് ചമഞ്ഞുനടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഏകസ്വരത്തിലാണ് വടിവീശിയത്. എ കെ ബാലന്‍ നോട്ടീസ് നല്‍കിയതനുസരിച്ച് ചട്ടം 58 പ്രകാരമുള്ള ചര്‍ച്ചയില്‍ സഭയില്‍ രോഷം അണപൊട്ടി. സദാചാര പൊലീസിന് പകരം "സദാചാരഗുണ്ടകള്‍" എന്നാണ് വിളിക്കേണ്ടതെന്ന ബാലന്റെ നിലപാടിനോട് കെ മുരളീധരന് യോജിപ്പാണ്. പക്ഷേ, മുസ്ലിംലീഗിന്റെ ചിറകിനടിയില്‍ സദാചാരഗുണ്ടകള്‍ കയറുന്നതിനെതിരെ കരുതല്‍ വേണമെന്ന വാദത്തോട് മുരളിക്ക് പഥ്യമില്ല. പണ്ട് വടക്കാഞ്ചേരിയില്‍ മത്സരിച്ചപ്പോള്‍ ഒരിടത്ത് ചുവപ്പുകോട്ടയിലേക്ക് സ്വാഗതമെന്ന് എഴുതിവച്ചിരുന്നെന്നാണ് അതിന് മുരളിയുടെ ന്യായം. എന്തായാലും കമ്യൂണിസ്റ്റുകാരന്റെ സദാചാരത്തില്‍ നിന്ന് ലീഗിന്റേത് തെല്ല് വേറിട്ടതാണെന്ന് കെ എന്‍ എ ഖാദര്‍ തിരിച്ചറിഞ്ഞു.

    ReplyDelete