Monday, July 23, 2012

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു


കാണ്‍പൂര്‍: ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ് എന്നിവയിലൂടെ സ്വാതന്ത്ര്യപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരക്കായിരുന്നു അന്ത്യം. സിപിഐ എം ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം മസ്തിഷ്കാഘാതം കൂടിയുണ്ടായതോടെ സ്ഥിതി ഗുരുതരമായി. യന്ത്രങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. മൃതദേഹം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി സ്മാരക മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ചൊവ്വാഴ്ച രാവിലെ 11 നു വിട്ടുകൊടുക്കും. കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന സുഭാഷിണി അലിയും ദില്ലിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീസയുമാണ് മക്കള്‍. മരണസമയത്ത് ഇരുവരും സമീപത്തുണ്ടായിരുന്നു.

പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്‍, പൊതുപ്രവര്‍ത്തക പൊന്നാനി ആനക്കര വടക്കുവീട്ടില്‍ അമ്മു സ്വാമിനാഥന്‍ എന്നിവരുടെ മകളായി 1914 ഒക്ടോബര്‍ 24ന് പഴയ മദ്രാസില്‍ ആയിരുന്നു ലക്ഷ്മിയുടെ ജനനം. സ്വാതന്ത്ര്യസമരസേനാനികളുളള കുടുംബത്തില്‍ നിന്നും വന്നതുകൊണ്ടുതന്നെ ചെറുപ്പകാലം മുതലേ ലക്ഷ്മി സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ സജീവമായിരുന്നു. വിദേശവസ്ത്രങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാരകേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി പങ്കെടുത്തു. 1938ല്‍ മദ്രാസ് മെഡിക്കല്‍കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി. പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമനേടിയ ലക്ഷ്മി യാദൃഛികമായാണ് സിംഗപ്പുരിലെത്തിയത്. 1943ല്‍ സുബാഷ്ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നതോടെയാണ് ഐഎന്‍എയുമായി അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി പ്രവര്‍ത്തിക്കുന്ന വനിതാ സൈനിക സംഘം രൂപീകരിക്കാന്‍ സുബാഷ് ചന്ദ്രബോസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി മാറുന്നത്. 1944 മാര്‍ച്ച് 14ന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1946ല്‍ ജയില്‍ മോചിതയായി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസില്‍ നിന്നകന്ന് കാണ്‍പുരില്‍ ക്ലിനിക്കും പൊതുപ്രവര്‍ത്തനവുമായി കഴിയുമ്പോഴാണ് സിപിഐ എം അനുഭാവിയാകുന്നത്. പ്രമുഖ സിപിഐ എം നേതാവായിരുന്ന ബി ടി രണദിവെയുമായി പരിചയപ്പെട്ടത് മാര്‍ക്സിസത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങിയ ലക്ഷ്മി 70ല്‍ പാര്‍ടി അംഗമായി. പിന്നീട് യുപി സംസ്ഥാന കമ്മിറ്റി അംഗമായി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി പ്രായാധിക്യം വകവയ്ക്കാതെ അടുത്തകാലം വരെ പ്രക്ഷോഭസമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. സുബാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946ല്‍ ഐഎന്‍എയില്‍ സഹപ്രവര്‍ത്തകനായിരുന്ന പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്തു. വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയാണ് ക്യാപ്റ്റന്‍ ലക്ഷ്്മിയുടെ സഹോദരി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് നേതാവായി ഉയര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ 1998ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. 2002 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിായായിരുന്നു.

രാഷ്ട്രത്തിന് തീരാനഷ്ടം കാരാട്ട്

രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടേതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് അനുസ്മരിച്ചു. അവരുടെ നിര്യാണം ജനാധിപത്യപ്രസ്ഥാനത്തിനാകമാനം തീരാനഷ്ടമാണ്. ഐഎന്‍എയുടെ മുഴുവന്‍ സമയപ്രവര്‍ത്തകയായി സാമൂഹ്യസേവനത്തിനിറങ്ങിയ അവര്‍ ഇന്ത്യയിലെ വനിതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കി. വനിതകള്‍ക്ക് നീതി ലഭിക്കുന്നതിനായി അവര്‍ ജീവിതമാകെ പോരാടി. പാവങ്ങളുടെ ഡോക്ടറായി കാണ്‍പൂരിലെ സാധാരണക്കാര്‍ക്ക് ആശ്വാസമേകി. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ കുടുംബത്തെ കാരാട്ട് അനുശോചനമറിയിച്ചു.

ആധുനിക ഇന്ത്യയുടെ ധീരവനിത: പിണറായി

ദേശീയ സ്വാതന്ത്ര്യസമരത്തിലെന്നപോലെ ആധുനിക ഇന്ത്യയുടെയും ധീരവനിതയായിരുന്നു ക്യാപ്ടന്‍ ലക്ഷ്മിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളം ലോകത്തിന് സംഭാവന ചെയ്ത അഭിമാന വ്യക്തിത്വമായിരുന്നു അവര്‍. പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന പോരാട്ടങ്ങളുടെ തിളങ്ങുന്ന സമര അധ്യായമായിരുന്നു ലക്ഷ്മി സൈഗാള്‍ എന്ന ക്യാപ്ടന്‍ ലക്ഷ്മി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ബര്‍മയിലും സിംഗപ്പൂരിലെല്ലാമെത്തുകയും ഗറില്ലായുദ്ധം നയിക്കുകയും ചെയ്തു. വെടിയുണ്ടകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് രക്ഷപെട്ട ആ വിപ്ലവകാരി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പണിയെടുക്കുന്നവരുടെയും പട്ടിണിക്കാരുടെയും മോചനത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ആവശ്യമെന്ന തിരിച്ചറിവില്‍ സിപിഐ എം ല്‍ എത്തി.

ഐഎന്‍എയിലായിരിക്കെ ഷാര്‍പ് ഷൂട്ടര്‍ എന്ന് പേരെടുത്ത ആ പോരാളി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉന്നംപിഴക്കാത്ത പ്രത്യയശാസ്ത്ര നിലപാടും പ്രായോഗിക പ്രവര്‍ത്തനവും നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ്പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അവര്‍ പ്രായാധിക്യം വകവെക്കാതെ അടുത്തകാലംവരെ പ്രക്ഷോഭസമരങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. യുപി, ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും വ്യാപൃതയായി. കേരളത്തോട് പ്രത്യേക മമതയുണ്ടായിരുന്ന അവര്‍ക്ക് ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും ദൈനംദിന കാര്യങ്ങളിലും സവിശേഷ താല്‍പര്യമുണ്ടായിരുന്നു. 2002ല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചപ്പോള്‍ കേരളത്തിലെത്തിയ അവര്‍ പൊതുസമ്മേളനങ്ങളിലടക്കം പങ്കെടുത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഐഎന്‍എ പോരാളിയെന്നതിനേക്കാള്‍ കമ്യൂണിസ്റ്റുകാരി അല്ലെങ്കില്‍ സിപിഐ എം പ്രവര്‍ത്തക എന്നറിയപ്പെടുന്നതിലായിരുന്നു അവര്‍ കൂടുതല്‍ അഭിമാനംകൊണ്ടിരുന്നത്. അക്കാര്യം കേരളത്തിലെ ഒരു പൊതുസമ്മേളന വേദിയില്‍ അവര്‍ തുറന്നുപറഞ്ഞിരുന്നു.

സ്വാതന്ത്ര്യസമരകാലയളവില്‍ നേതാജി സുഭാഷ്ചന്ദ്രബോസിനോടൊപ്പം ബ്രിട്ടനെതിരെ പോരാടുമ്പോള്‍ ഒരു കയ്യില്‍ സ്റ്റെതസ്കോപ്പും മറുകയ്യില്‍ തോക്കുമേന്തിയ അവര്‍ ആ പാരമ്പര്യം മറ്റൊരു വിധത്തില്‍ തുടര്‍ന്നു. കമ്യൂണിസ്റ്റുപാര്‍ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ആ പ്രവര്‍ത്തനത്തിന്റെ മറ്റൊരു ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തെയും അവര്‍ മുമ്പോട്ടുകൊണ്ടുപോയി. അതിന്റെ ഭാഗമായാണ് വീടിനോടുചേര്‍ന്ന് ഹെല്‍ത്ത് ക്ലിനിക് തുറന്നതും അവിടെയെത്തുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നതിന് എല്ലാദിവസവും കുറെ മണിക്കൂറുകള്‍ മാറ്റിവച്ചതും. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും നിലപാടുമായിരുന്നു അവര്‍ നടത്തിയത്. ക്യാപ്ടന്‍ ലക്ഷ്മിയുടെ ജീവിതകഥ ഇന്നത്തെ തലമുറയ്ക്കും വരുംതലമുറയ്ക്കും വെളിച്ചം പകരുന്ന തുറന്ന പാഠപുസ്തകമാണ്. ആ ധീര വനിതയുടെ വേര്‍പാടില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിക്കുവേണ്ടി അഗാധമായ അനുശോചനവും ദുഃഖവും പിണറായി വിജയന്‍ അറിയിച്ചു.

deshabhimani news

1 comment:

  1. ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ് എന്നിവയിലൂടെ സ്വാതന്ത്ര്യപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരക്കായിരുന്നു അന്ത്യം. സിപിഐ എം ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

    ReplyDelete