Sunday, July 22, 2012
പ്രണബ് പ്രഥമപൗരന്‍
ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ചെയ്ത 10,47971 വോട്ടുമൂല്യത്തില്‍ പ്രണബിന് 7,13763 വോട്ടുമൂല്യം ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എന്‍ഡിഎയുടെ പി എ സാങ്മയ്ക്ക് 3,15987 വോട്ടുമൂല്യം മാത്രമാണ് ലഭിച്ചത്. ആകെ 3095 വോട്ട് പ്രണബിനും 1483 വോട്ട് സാങ്മയ്ക്കും കിട്ടി. 18,221 മൂല്യമുള്ള 81 വോട്ടുകള്‍ അസാധുവായി. രാജ്യത്തിന്റെ പ്രഥമ പൗരനാകുന്ന 13-ാമത് വ്യക്തിയാണ് എഴുപത്താറുകാരനായ പ്രണബ്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ മുമ്പാകെ ബുധനാഴ്ച പകല്‍ 11.30ന് പ്രണബ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
വിജയിക്കാന്‍ ആവശ്യമായ വോട്ട് മൂല്യം നേടിയപ്പോള്‍മുതല്‍ നേതാക്കള്‍ അഭിനന്ദനങ്ങളുമായി തല്‍ക്കത്തോറ റോഡിലെ പ്രണബിന്റെ വസതിയില്‍ എത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണി, ആഭ്യന്തരമന്ത്രി പി ചിദംബരം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും നേരിട്ടെത്തി അഭിനന്ദിച്ചു. വിജയമുറപ്പിച്ച ഘട്ടത്തില്‍ത്തന്നെ പിന്തുണച്ച കക്ഷിനേതാക്കളെ ഫോണില്‍ വിളിച്ച് പ്രണബ് നന്ദി അറിയിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് തുടങ്ങിയവരോട് പ്രണബ് നന്ദി പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിലെ 63-ാം നമ്പര്‍ മുറിയില്‍ പ്രണബിന്റെയും സാങ്മയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച പകല്‍ 11നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ബാലറ്റുകളെ ആറുഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വോട്ടെണ്ണല്‍. ആന്ധ്ര, ഗുജറാത്ത്, കേരളം, ത്രിപുര, നാഗാലന്‍ഡ്, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍നിന്നുള്ള ബാലറ്റുകളായിരുന്നു ആദ്യഗ്രൂപ്പില്‍. ഇതില്‍ പാര്‍ലമെന്റിലെ വോട്ട് കണക്കുകള്‍ പുറത്തുവന്നപ്പോള്‍തന്നെ ഫലം വ്യക്തമായി. 776 എംപിമാരില്‍ 748 പേരാണ് വോട്ടുരേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 3,73116 വോട്ട് മൂല്യമുള്ള 527 വോട്ട് പ്രണബിനും 1,45848 വോട്ട്മൂല്യമുള്ള 206 വോട്ട് സാങ്മയ്ക്കും ലഭിച്ചു. മുലായം സിങ്ങിന്റേത് ഉള്‍പ്പെടെ 15 എംപിമാരുടെ വോട്ട് അസാധുവായി. കേരള നിയമസഭയില്‍ ആകെ പോള്‍ചെയ്ത 124 വോട്ടും പ്രണബിന് ലഭിച്ചു. 18,848 വോട്ട് മൂല്യമാണ് പ്രണബിന് ലഭിച്ചത്.
സാങ്മയ്ക്ക് മുന്‍തൂക്കമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കര്‍ണാടകത്തില്‍ പ്രണബ് മുന്നിലെത്തിയത് ബിജെപിക്ക് ക്ഷീണമായി. 15,327 വോട്ട് മൂല്യമുള്ള 117 വോട്ടുകള്‍ പ്രണബിന് ലഭിച്ചപ്പോള്‍ 13,493 വോട്ട് മൂല്യമുള്ള 103 വോട്ടാണ് സാങ്മയ്ക്ക് ലഭിച്ചത്. കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് മാത്രം 120 എംഎല്‍എമാരുള്ളപ്പോഴാണിത്. ബിജെപി ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായി ചേര്‍ന്ന് ഭരണത്തിലുള്ള ജാര്‍ഖണ്ഡിലും പ്രണബ് മുന്നിലെത്തി. ബിജെപി ഭരണ സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ഹിമാചല്‍ പ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ സാങ്മ മുന്നിലെത്തി. ഒഡിഷ, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിലും സാങ്മയാണ് മുന്നിലെത്തിയത്. തമിഴ്നാട്ടില്‍ സാങ്മയ്ക്ക് 145 വോട്ട് ലഭിച്ചപ്പോള്‍ പ്രണബിന് 45 വോട്ടാണ് ലഭിച്ചത്. ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരുന്ന ബിഹാറില്‍ 146 പേര്‍ പ്രണബിനൊപ്പംനിന്നപ്പോള്‍ സാങ്മയ്ക്ക് 90 വോട്ട് ലഭിച്ചു. ആന്ധ്ര, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷമാണ് പ്രണബിന് കിട്ടിയത്. ശിവസേന ഉള്‍പ്പെടെ പിന്തുണച്ച മഹാരാഷ്ട്രയില്‍ 225 വോട്ട് പ്രണബിന് കിട്ടി. സാങ്മയ്ക്ക് 47ഉം. ആന്ധ്രയില്‍ 182 വോട്ട് പ്രണബിന് കിട്ടിയപ്പോള്‍ മൂന്ന് വോട്ട് മാത്രമാണ് സാങ്മയ്ക്ക് ലഭിച്ചത്. ഇവിടെ ടിഡിപി, ടിആര്‍എസ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ 351 വോട്ട് പ്രണബിന് ലഭിച്ചപ്പോള്‍ സാങ്മയ്ക്ക് 46 വോട്ടാണ് ലഭിച്ചത്.
(എം പ്രശാന്ത്)
ബിജെപിക്ക് ചോര്‍ച്ച; കോണ്‍ഗ്രസിനും പ്രതിസന്ധി
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജി പ്രതീക്ഷിതവിജയം നേടിയത് ആശ്വാസമായെങ്കിലും എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരുന്ന എന്‍സിപി യോഗത്തില്‍ കേന്ദ്രമന്ത്രിസഭ വിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനൊപ്പംനിന്നാല്‍ 2014ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ദയനീയപരാജയം നേരിടേണ്ടിവരുമെന്ന ഭീതിയാണ് അകല്‍ച്ച പാലിക്കാന്‍ ശരദ് പവാറിനെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്. പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ പാര്‍ടിയുടെ ഭാവി മെച്ചപ്പെടുത്താനാണ് രാജിയെന്ന് പറയുന്നുണ്ട്. ശരദ് പവാറിന്റെ നീക്കത്തിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജി 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചത്. യുപിഎയില്‍നിന്നും ബഹുമാനത്തോടെയുള്ള പെരുമാറ്റം ലഭിക്കുന്നതുവരെ മാത്രമേ അതില്‍ തുടരൂയെന്ന മുന്നറിയിപ്പും മമത നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ സഹായം കൊണ്ടല്ല പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഏറ്റവും സഹായകമായത് ആന്ധ്രപ്രദേശില്‍നിന്ന് ലഭിച്ച സീറ്റുകളായിരുന്നു. എന്നാല്‍, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അത് പ്രതീക്ഷിക്കാന്‍ കഴിയില്ല. വൈ എസ് ജഗന്‍മോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കനത്തവെല്ലുവിളിയാണ് കാരണം. അടുത്തയിടെ 18 നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 16ലും ജഗന്റെ പാര്‍ടി ജയിച്ചത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മരണമണിയാണ് മുഴക്കിയത്.
കര്‍ണാടകത്തിലും ഗുജറാത്തിലും കൂറുമാറ്റം
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ സ്വന്തം എംഎല്‍എമാര്‍ കൂറുമാറി വോട്ടുചെയ്തത് ബിജെപിക്ക് കനത്ത ക്ഷീണമായി. വിഭാഗീയത രൂക്ഷമായ കര്‍ണാടകത്തില്‍ പാര്‍ടി നിര്‍ദേശം ലംഘിച്ച് 16 ബിജെപി എംഎല്‍എമാരാണ് പ്രണബിന് വോട്ടുചെയ്തത്. ഗുജറാത്തിലും ഒരു ബിജെപി എംഎല്‍എ കൂറുമാറി വോട്ടുചെയ്തു. കര്‍ണാടകത്തില്‍ പ്രണബിന് 98 എംഎല്‍എമാരുടെ പിന്തുണയാണ് പ്രതീക്ഷിച്ചിരുന്നത്. 71 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും 27 ജെഡിഎസ് എംഎല്‍എമാരുടെയും. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ പ്രണബിന് 117 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. സാങ്മയ്ക്ക് 103 എംഎല്‍എമാരുടെ പിന്തുണ. കര്‍ണാടകത്തില്‍ 119 എംഎല്‍എമാര്‍ ബിജെപിക്ക് ഉള്ളപ്പോഴാണ് സാങ്മയുടെ വോട്ട് 103 ആയി ചുരുങ്ങിയത്.
ശക്തികേന്ദ്രമായ ഗുജറാത്തിലും എംഎല്‍എ കൂറുമാറിയത് ബിജെപിക്ക് ക്ഷീണമായി. കോണ്‍ഗ്രസ് (54), എന്‍സിപി (3), ജെഡിയു (1) എന്നിങ്ങനെ 58 വോട്ടാണ് ഇവിടെ പ്രണബ് പ്രതീക്ഷിച്ചത്. എന്നാല്‍, 59 വോട്ട് ലഭിച്ചു. സാങ്മയ്ക്ക് 123 വോട്ടും. നേരത്തെ ബിജെപി എംഎല്‍എ കാനുഭായ് കല്‍സരിയ താന്‍ പ്രണബിനാണ് വോട്ടുചെയ്തതെന്ന് പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച:കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി
കേന്ദ്രനേതൃത്വത്തിന് പുതിയ തലവേദനയുമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണാടക ബിജെപിക്കകത്ത് വോട്ടുചോര്‍ച്ച. എന്‍ഡിഎ സ്ഥാനാര്‍ഥി പി എ സാങ്മയ്ക്ക് സംസ്ഥാനത്തുനിന്ന് ലഭിക്കേണ്ട 14 ബിജെപി എംഎല്‍എമാരുടെ വോട്ടാണ് ചോര്‍ന്നത്. ഇത് യുപിഎ സ്ഥാനാര്‍ഥി പ്രണബ്മുഖര്‍ജിക്ക് ലഭിച്ചതോടെ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ഥി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് എംഎല്‍എമാരുടെ വോട്ടില്‍ പിന്നിലായി. കടുത്ത വിഭാഗീയതമൂലം സദാനന്ദഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കിയതിനെത്തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലാണ് ഈ അവസ്ഥയെന്ന കാര്യം ശ്രദ്ധേയമാണ്. പുതിയ മന്ത്രിസഭാരൂപീകരണത്തില്‍ അസംതൃപ്തിയുള്ള എംഎല്‍എമാരും മുന്‍മുഖ്യമന്ത്രി സദാനന്ദഗൗഡപക്ഷത്തെ എംഎല്‍മാരും കാലുവാരിയെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
225 അംഗ നിയമസഭയില്‍ സ്വതന്ത്രനടക്കം 120 എംഎല്‍എമാരുടെ വോട്ടുകളാണ് ബിജെപിക്കുള്ളത്. പ്രണബ്മുഖര്‍ജിക്ക് 117ഉം പി എ സാങ്മയ്ക്ക് 103ഉം വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് അസാധുവായി. അതേസമയം, ബിജെപിയില്‍ തന്നെ അനുകൂലിക്കുന്ന അഞ്ച് എംഎല്‍എമാര്‍ പ്രണബ്മുഖര്‍ജിക്ക് വോട്ടുചെയ്തതായി ബിജെപിയില്‍നിന്ന് തെറ്റി ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച മുന്‍മന്ത്രി ശ്രീരാമുലു വ്യക്തമാക്കി. ഇതും ബിജെപിക്കകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തും. പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ബിജെപി കേന്ദ്രനേതൃത്വം പറയുമ്പോഴും ബിജെപിക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. മുന്‍മന്ത്രി ജി കരുണാകരറെഡ്ഡി, ബേലുര്‍ ഗോപാലകൃഷ്ണ, എം പി കുമാരസ്വാമി, എം ചന്ദ്രപ്പ തുടങ്ങി 20 എംഎല്‍എമാര്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അസംതൃപ്തരാണ്. മന്ത്രിസ്ഥാനം ലഭിച്ച സദാനന്ദഗൗഡപക്ഷത്തെ 12പേരും മുറുമുറുപ്പുമായി കഴിയുകയാണ്. മികച്ചവകുപ്പ് കിട്ടാത്തതിനെച്ചൊല്ലിയാണ് പാര്‍ടി നേതൃത്വത്തിനെതിരെ ഇവര്‍ തിരിഞ്ഞത്.
(സി കെ അനൂപ്)
വംഗനാട്ടില്‍ ആവേശത്തിമിര്‍പ്പ്; പങ്കുചേരാതെ തൃണമൂല്‍
കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി വംഗനാട്ടില്‍നിന്ന് രാഷ്ട്രപതിയായി ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനം മുഴുവന്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. ഞായറാഴ്ച രാവിലെമുതല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ആസ്ഥാനമായ ബിധാന്‍ഭവന്റെ മുന്നിലും പ്രണബിന്റെ സ്വന്തം നാടായ ബിര്‍ഭൂം ജില്ലയിലെ മിരാത്തി ഗ്രാമത്തിലും ഉത്സവാഘോഷത്തിന്റെ പ്രതീതിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിവിധ സാമൂഹ്യക്ലബുകളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പ്രണബ്ദായുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ എല്ലായിടത്തും നടന്നു. പാട്ടും ഡാന്‍സും ബാന്‍ഡ്- വാദ്യമേളങ്ങളും പ്രകടനത്തിന് അകമ്പടിയായി. "അമാദേര്‍ ഗൊര്‍ബ് പ്രണബ് ബാബു"("ഞങ്ങളുടെ അഭിമാനം പ്രണബ് ബാബു") എന്നെഴുതിയ ഫ്ളെക്സ് ബോര്‍ഡുകളും ബാനറുകളും പലയിടത്തും ഉയര്‍ന്നു.
മിരാത്തി ഗ്രാമത്തില്‍ രാവിലെമുതല്‍ ജനങ്ങള്‍ ആഘോഷം തുടങ്ങി. മധുരപലഹാരങ്ങള്‍ വിതരണംചെയ്തും പരസ്പരം ചായങ്ങള്‍ പൂശിയും നാട്ടുകാര്‍ സന്തോഷം പങ്കിട്ടു. മുഖര്‍ജിയുടെ തറവാടുവീട്ടിലേക്ക് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഒഴുകിയെത്തി. പ്രണബിന്റെ ചേച്ചി അന്നപൂര്‍ണ ബാനര്‍ജി താമസിക്കുന്ന അയല്‍ഗ്രാമമായ കിര്‍ണാഹറിലും നിരവധിപേരെത്തി ആശംസ അര്‍പ്പിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദപരിപാടികളില്‍ പങ്കെടുത്തില്ല. മമത അന്ത്യനിമിഷം പ്രണബിന് വോട്ടുചെയ്യാന്‍ തയ്യാറായെങ്കിലും തുടക്കംമുതല്‍ അവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നു.
(ഗോപി)
രാജീവിന്റെ "കരിമ്പട്ടിക" താണ്ടി സോണിയയുടെ ഉപദേശകനായി
വന്‍വീഴ്ചകളും തിരിച്ചുവരവുകളും ഉള്‍ക്കരുത്തേകിയ രാഷ്ട്രീയ നാള്‍വഴികള്‍ക്കൊടുവിലാണ് പ്രണബ്മുഖര്‍ജിക്ക് മുന്നില്‍ റെയ്സീന കുന്നിലെ രാഷ്ട്രപതിഭവന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത്.അധ്യാപകനായും പത്രപ്രവര്‍ത്തകനായും ഔദ്യോഗിക ജീവിതം തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകനായി മാറിയ വ്യക്തിത്വമാണ് പ്രണബിന്റേത്. 69ല്‍ വി കെ കൃഷ്ണമേനോന്‍ മിഡ്നാപ്പുര്‍ ലോകസഭാമണ്ഡലത്തില്‍നിന്ന് മത്സരിച്ച സമയത്ത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഏജന്റായി ആണ് പ്രണബ് മുഖര്‍ജി എന്ന പേര് ദേശീയശ്രദ്ധ നേടിയത്. ഇന്ദിരാഗാന്ധിയുടെ സ്നേഹവാത്സല്യങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് വഴി തുറന്നത്. ഇന്ദിര തന്നെയാണ് രാജ്യസഭാംഗത്വം നല്‍കി പ്രണബിനെ കോണ്‍ഗ്രസില്‍ എത്തിച്ചത്. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാല്‍കുത്തിയ ചരിത്രദിവസമാണ് താന്‍ രാജ്യസഭയുടെ പടികയറിയതെന്ന് പ്രണബ് ഓര്‍ക്കുന്നു. തുടര്‍ന്ന് ധനസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിര തിരിച്ചുവന്നപ്പോള്‍ മുഖര്‍ജിയെ ധനമന്ത്രിയായും രാജ്യസഭാ നേതാവായും നിയമിച്ചു.
എന്നാല്‍, 84 ഒക്ടോബര്‍ 31ന് ഇന്ദിര കൊല്ലപ്പെട്ടതോടെ പ്രണബിന്റെ രാഷ്ട്രീയഗ്രാഫിലും ഇടിവുണ്ടായി. ഇന്ദിര കൊല്ലപ്പെടുമ്പോള്‍ രാജീവ്ഗാന്ധിക്കൊപ്പം പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രണബ്. വാര്‍ത്തയറിഞ്ഞ് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ആരെ പ്രധാനമന്ത്രിയാക്കണമെന്ന രാജീവിന്റെ ചോദ്യത്തിന് ഏറ്റവും മുതിര്‍ന്ന മന്ത്രിമാരെയാണ് നെഹ്റുവും ശാസ്ത്രിയും മരിച്ചപ്പോള്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചതെന്ന ഉത്തരമാണ് പ്രണബ് നല്‍കിയത്. സ്വയം പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹപ്രകടനമായാണ് ഈ അഭിപ്രായം രാജീവും ഉപജാപകവൃന്ദവും വായിച്ചെടുത്തത്. കുടുംബവാഴ്ചയെ എതിര്‍ക്കുന്നവനെന്ന പേരുവീണ മുഖര്‍ജിയെ രാജീവ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. രാജീവ്ഗാന്ധി സര്‍ക്കാര്‍ പ്രണബിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും വീടുകളില്‍ റെയ്ഡ് നടത്തുകയുംചെയ്തു. പ്രണബിന്റെ പിതാവും കോണ്‍ഗ്രസ് നേതാവുമായ കെ കെ മുഖര്‍ജി അന്തരിച്ചപ്പോള്‍ അനുശോചനസന്ദേശം അയക്കാന്‍പോലും രാജീവ് തയ്യാറായില്ല.
തുടര്‍ന്ന് "രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ്" എന്ന പാര്‍ടിയുണ്ടാക്കി 87ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രണബ് മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും ലഭിച്ചില്ല. 87ല്‍ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോള്‍ അദ്ദേഹംവീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 93ലാണ് അദ്ദേഹം രാജ്യസഭയിലൂടെ തന്നെ പാര്‍ലമെന്റിലെത്തുന്നത്. 69നും 2012നും ഇടയില്‍ ഈ ആറുവര്‍ഷം മാത്രമാണ് പ്രണബ് പാര്‍ലമെന്റ് അംഗമാകാതിരുന്നത്. ജി കെ മൂപ്പനാറുടെ മധ്യസ്ഥതയിലാണ് രാജീവിന്റെ അവസാനഘട്ടത്തില്‍ എഐസിസി വക്താവ് എന്ന നിലയില്‍ മുഖര്‍ജി തിരിച്ചുവന്നത്. നരസിംഹറാവു പ്രധാനമന്ത്രിയായതോടെ മുഖര്‍ജിവീണ്ടും ശക്തനായി. ആദ്യം ആസൂത്രണകമീഷന്റെ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട പ്രണബ് പിന്നീട് ധനമന്ത്രിയും വിദേശമന്ത്രിയുമായി. സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി 98ല്‍ സോണിയാഗാന്ധിയെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രണബാണ്. സോണിയയുടെ വിദേശജന്മ പ്രശ്നം ഉയര്‍ത്തി പ്രവര്‍ത്തകസമിതി അംഗങ്ങളായിരുന്ന ശരദ് പവാറും പി എ സാങ്മയും താരീഖ് അന്‍വറും കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ മൂവരേയും പുറത്താക്കാന്‍ മുന്നില്‍ നിന്നതും പ്രണബാണ്.
2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. എന്നാല്‍, പ്രധാനമന്ത്രി പദം അദ്ദേഹത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ഇത്തവണ ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രണബിനെ രാഷ്ട്രപതിയാക്കാന്‍ സോണിയ സമ്മതിച്ചത്. ഒന്നും രണ്ടും യുപി സര്‍ക്കാരിന്റെ പ്രധാന പ്രശ്നപരിഹാരകന്‍ പ്രണബായിരുന്നു. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്പെക്ട്രം അഴിമതി തുടങ്ങി 183 വിഷയങ്ങളില്‍ ചെറുതും വലുതുമായ മന്ത്രിതലസമിതി രൂപീകരിച്ചപ്പോള്‍ 83ന്റെയും തലവനായത് അദ്ദേഹമാണ്. മികച്ച പാര്‍ലമെന്ററിയന്‍ എന്ന രീതിയിലും പേരെടുത്ത പ്രണബ് 44 വര്‍ഷംനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വിദേശമന്ത്രി, പ്രതിരോധമന്ത്രി, ധനമന്ത്രി, വാണിജ്യമന്ത്രി തുടങ്ങി പ്രധാന വകുപ്പുകളെല്ലാം കൈകാര്യംചെയ്തു. അഞ്ചുപുസ്തകങ്ങളുടെ കര്‍ത്താവാണ്.
(വി ബി പരമേശ്വരന്‍)
deshabhimani 230712
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ചെയ്ത 10,47971 വോട്ടുമൂല്യത്തില്‍ പ്രണബിന് 7,13763 വോട്ടുമൂല്യം ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എന്‍ഡിഎയുടെ പി എ സാങ്മയ്ക്ക് 3,15987 വോട്ടുമൂല്യം മാത്രമാണ് ലഭിച്ചത്. ആകെ 3095 വോട്ട് പ്രണബിനും 1483 വോട്ട് സാങ്മയ്ക്കും കിട്ടി. 18,221 മൂല്യമുള്ള 81 വോട്ടുകള്‍ അസാധുവായി. രാജ്യത്തിന്റെ പ്രഥമ പൗരനാകുന്ന 13-ാമത് വ്യക്തിയാണ് എഴുപത്താറുകാരനായ പ്രണബ്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ മുമ്പാകെ ബുധനാഴ്ച പകല്‍ 11.30ന് പ്രണബ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
ReplyDelete