Monday, July 23, 2012

അന്താരാഷ്ട്ര നാണ്യനിധിയില്‍ അഭിപ്രായഭിന്നതയും രാജിയും


 യൂറോപ്പിന്റെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അന്താരാഷ്ട്ര നാണ്യ നിധിയില്‍ ഗുരുതരമായ അഭിപ്രായ ഭിന്നതയും രാജിയും. യൂറോപ്പ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നതെന്ന വസ്തുത ഐ എം എഫ് മറച്ചുവച്ചുവെന്ന് ഫണ്ടിന്റെ യൂറോപ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ തന്റെ രാജി കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ വരെ ഫണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പീറ്റര്‍ ഡോയലിന്റെ രാജി ഐ എം എഫിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വളരെ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കിലും യാതൊരു നടപടിക്കും മുതിരാതെ അവ മറച്ചുവെയ്ക്കുകയാണുണ്ടായതെന്ന് പീറ്റര്‍ ഡോയല്‍ ഐ എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷൗഖര്‍ ഷാലാനയച്ച കത്തില്‍ പറയുന്നു. മുന്നറിയിപ്പ് കണക്കിലെടുത്തില്ലെങ്കില്‍പോലും അതു ചെയ്യാതിരുന്നതിലുള്ള പരാജയം അത്യന്തം ഗുരുതരമാണെന്ന് കത്ത് കുറ്റപ്പെടുത്തി.

മുന്‍ ഫ്രഞ്ച് ധനമന്ത്രി ക്രിസ്റ്റീന്‍ ലഗാര്‍ഡിന്റെ ഐ എം എഫ് മേധാവിയായുള്ള തിരഞ്ഞെടുപ്പിന്റെ നിയമസാധുതയേയും ഡോയല്‍ ചോദ്യം ചെയ്തു. ലോക സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ തുലനാവസ്ഥ കണക്കിലെടുക്കാതെയുള്ള തിരഞ്ഞെടുപ്പായിരുന്നു ലഗാര്‍ഡിന്റേതെന്ന് കത്ത് കുറ്റപ്പെടുത്തി.

1944 ല്‍ രൂപീകരണം മുതല്‍ നാളിതുവരെ ഐ എം എഫ് മേധാവി യൂറോപ്പില്‍ നിന്നും ലോകബാങ്ക് പ്രസിഡന്റ് അമേരിക്കയില്‍ നിന്നുമെന്ന ക്രമമാണ് തുടര്‍ന്നു വന്നിരുന്നത്. ഇത് ഇന്നത്തെ ലോക സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന വിമര്‍ശനമാണ് ഡോയല്‍ ഉയര്‍ത്തിയിരിക്കുന്നത്.

യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി ഐ എം എഫ് കൈകാര്യം ചെയ്യുന്ന രീതി വിമര്‍ശന വിധേയമാവുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞമാസം ഫണ്ട് തന്നെ നിയോഗിച്ച സ്വതന്ത്ര കമ്മിഷന്‍ യൂറോപ്യന്‍ നാണയ യൂണിയന്റെ മൗലിക ദൗര്‍ബല്യങ്ങള്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ ഐ എം എഫ് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു.

janayugom 220712

No comments:

Post a Comment