Tuesday, July 10, 2012

സര്‍ക്കാരുകള്‍ നിയമലംഘനം നടത്തുന്നു: എസ്ആര്‍പി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഗ്നമായ നിയമലംഘനമാണ് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ടി കായംകുളം ഏരിയറാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതേപോലൊരു സ്ഥിതിവിശേഷമുണ്ടായിട്ടില്ല. ഈ കേസിന്റെ പിന്നില്‍ നില്‍ക്കുമെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും പറയുന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നിയമവിരുദ്ധമാണ്. കേസന്വേഷണകാര്യത്തില്‍ ഒരു ബാഹ്യശക്തിക്കും ഇടപെടാന്‍ അവകാശമില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അറസ്റ്റിലായ പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ നീതിപൂര്‍വവും നിഷ്പക്ഷവുമല്ലാത്ത അന്വേഷണത്തിന്റെ വെളിച്ചത്തില്‍ പാര്‍ടിക്ക് നടപടിയെടുക്കാനാകില്ല. തടവില്‍ കഴിയുന്നവര്‍ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു. അവര്‍ക്കെതിരെ മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. അവരുടേതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ടയുണ്ട്. അത് തിരിച്ചറിയണം. അറസ്റ്റിലായവരുടെ മൊഴിയെന്ന് പറഞ്ഞ് എക്സ്ക്ലൂസിവ് വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ നിയമവിരുദ്ധപ്രവര്‍ത്തനമാണ് നടത്തുന്നത്. കുറ്റാന്വേഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെയും കേരള ഹൈക്കോടതിയുടെയും നിര്‍ദേശത്തിന് എതിരാണ്. അന്വേഷണത്തെയും കോടതിയെയും സ്വാധീനിക്കാവുന്ന ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതിലൂടെ നിയമവിരുദ്ധരായ ഉദ്യോഗസ്ഥരെ മാധ്യമങ്ങള്‍ സംരക്ഷിക്കുകയാണ്.

വാര്‍ത്താവിനിമയം കേന്ദ്രീകൃതമായതോടെ ജനാധിപത്യം തന്നെ വെല്ലുവിളികള്‍ നേരിടുന്നു. ഒരുപിടി കുത്തകകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതിയായി. ആടിനെ പട്ടിയാക്കിയും അതിനെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നിലയിലേക്ക് മാധ്യമപ്രവര്‍ത്തനം മാറുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കുക മാത്രമല്ല, അത് വക്രീകരിക്കുകയും പര്‍വതീകരിക്കുകയും ന്യൂനീകരിക്കുകയുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചുവടുപിടിച്ച് നടക്കുന്ന ഈ മാധ്യമസമീപനം നമ്മുടെ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നു. ലോകത്താകെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നിലെ പ്രധാനവിഷയമാണിത്. ഇതിനെതിരെ സമാന്തര മാധ്യമസംവിധാനം സംഘടിപ്പിച്ച് ആഗോളതലത്തില്‍ ഇതിനെ നേരിടാനാകും.

കൊലപാതകരാഷ്ട്രീയത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഇരകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അഴീക്കോടന്‍ മുതലുള്ളവരുടെ അരുംകൊല ഇതിനുദാഹരണം. രാജ്യത്ത് അഴിമതി വാനംമുട്ടേ വളര്‍ന്നു. ഇന്നത്തെ അഴിമതി ഗണിതശാസ്ത്രസംഖ്യ കൊണ്ട് വിശദീകരിക്കാനാകില്ല. നവ ഉദാരവല്‍ക്കരണ നയത്തിന്റെ ജീവസത്തയായ സ്വകാര്യവല്‍ക്കരണമാണ് ഇതിന് കാരണം. കേന്ദ്രസര്‍ക്കാര്‍ പുതിയ ജലനയത്തിലൂടെ ജനതയുടെ അടിസ്ഥാനപരമായ അവകാശമായ കുടിവെള്ളം സ്വകാര്യവല്‍ക്കരിച്ചു. ശ്വാസവായുപോലും സ്വകാര്യവല്‍ക്കരിക്കുന്ന കാലം വിദൂരമല്ലെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ക്ക് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാകമ്മിറ്റിയംഗം പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി.

deshabhimani 100712

No comments:

Post a Comment