Saturday, July 7, 2012

മായാവതിക്കെതിരായ കേസ് സുപ്രീംകോടതി തള്ളി


മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് സുപ്രീംകോടതി തള്ളി. കേസ് നിലനില്‍ക്കത്തക്ക തെളിവുകളൊന്നുമില്ലെന്ന് ജസ്റ്റിസ് പി സദാശിവം അടങ്ങുന്ന ബെഞ്ച് വിധിയില്‍ പറഞ്ഞു. താജ് ഇടനാഴി അഴിമതിക്കേസ് അന്വേഷിക്കാന്‍മാത്രമേ സിബിഐയോട് നിര്‍ദേശിച്ചിട്ടുള്ളൂവെന്നും മായാവതിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കോടതി പറഞ്ഞു. താജ് ഇടനാഴി കേസുമായി സിബിഐക്ക് മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദേശിച്ചു. താജ് ഇടനാഴി കേസില്‍ സംസ്ഥാന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല. മായാവതിക്കെതിരെ കേസെടുത്ത സിബിഐ അധികാരപരിധി ലംഘിച്ചു. 1995നും 2003നുമിടയില്‍ മായാവതി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വാദം തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല- കോടതി പറഞ്ഞു.

താജ് അഴിമതി അന്വേഷിക്കാന്‍ 2003ലാണ് സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചത്. പരിസ്ഥിതി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി പിന്നീട് വേണ്ടെന്നുവച്ചു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി മായാവതി അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിബിഐ മായാവതിക്കെതിരെ കേസെടുത്തു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് 2008ല്‍ മായാവതി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മായാവതിയുടെ ആസ്തി നിയമാനുസൃതമാണെന്ന് ആദായനികുതി ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയും മായാവതിക്ക് അനുകൂല നിലപാടാണെടുത്തത്.

എന്നാല്‍, അഴിമതിക്ക് തെളിവുണ്ടെന്നാണ് സിബിഐ വാദം. 2003ല്‍ ഒരുകോടിയായിരുന്ന മായാവതിയുടെ സ്വത്ത് 2007ല്‍ 50 കോടിയായി ഉയര്‍ന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടി. സ്വത്ത് സമ്മാനമായി കിട്ടിയതാണെന്നാണ് മായാവതി കോടതിയെ അറിയിച്ചത്. 2011 ആഗസ്തില്‍ മായാവതിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വരുമാനസ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. 2007-08ല്‍ 26 കോടി രൂപ ആദായനികുതിയായി അടച്ചിരുന്നുവെന്ന് ആദായനികുതിവകുപ്പും വെളിപ്പെടുത്തി. ആദായനികുതിവകുപ്പിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് തനിക്കെതിരായ നടപടി നിര്‍ത്തിവയ്ക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന മായാവതിയുടെ അപേക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാല്‍, മായാവതിക്കെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുക്കാന്‍ തെളിവുണ്ടെന്നു പറഞ്ഞ് സിബിഐ മുന്നോട്ടുപോവുകയായിരുന്നു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment