തൃശൂര്‍: "പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴാണ് എന്താടാ മാപ്പിള കമ്യൂണിസ്റ്റേ എന്ന് അട്ടഹസിച്ച് മുഖത്ത് ആദ്യ അടി വീണത്. നിലത്തുവീണ എന്നെ വാര്‍ഡര്‍മാരുടെ സംഘം ലാത്തികൊണ്ട് പൊതിരെത്തല്ലി. നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടി. ശരീരത്തിന്റെ ഒരു ഭാഗം അനക്കാന്‍ പോലും വയ്യ"- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച വാര്‍ഡര്‍മാരുടെ ക്രൂരമര്‍ദനത്തിനിരയായി അവശനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിനീഫ്(32) പറഞ്ഞു. തലശേരി ധര്‍മടം വടയില്‍പറമ്പത്ത് റിനീഫ്, വാടാനപ്പള്ളി എരണേഴത്ത് നിര്‍മലന്‍(34), കാസര്‍കോട് പച്ചംപല വീട്ടില്‍ രവി(27) എന്നിവരാണ് മര്‍ദനത്തില്‍ പരിക്കേറ്റ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. രവി, നിര്‍മലന്‍ എന്നിവര്‍ അവശനിലയിലാണ്. നിര്‍മലന്റെ ചെവി പൊട്ടി. തല അനക്കാനാവാത്ത നിലയിലാണ് രവി.
റിനീഫിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതുകണ്ടാണ് താന്‍ ഓടിച്ചെന്നതെന്ന് നിര്‍മലന്‍ പറഞ്ഞു. റിനീഫ് അപസ്മാരരോഗിയാണെന്നും അടിക്കരുതെന്നും പറഞ്ഞപ്പോള്‍ പറയാന്‍ "നീ ആരാണെടാ" എന്നു ചോദിച്ചു വാര്‍ഡര്‍മാര്‍ അടിച്ചു. "ഓടിയെത്തിയ രവിക്ക് ഇഷ്ടിക കൊണ്ടാണ് അടിയേറ്റത്. നിര്‍മലനെ പൊതിരെത്തല്ലി. രവിയുടെ ദേഹത്തും തലയ്ക്കും അടിയേറ്റു. ജയില്‍ സൂപ്രണ്ട് എത്തിയതോടെയാണ് മര്‍ദനം നിര്‍ത്തിയത്"- ഇവര്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് നേരെ പ്രത്യേക മര്‍ദനമുറകളാണ് അരങ്ങേറുന്നതെന്നും സിപിഐ എം തടവുകാരെന്നും പറഞ്ഞ് കുറേ വാര്‍ഡര്‍മാര്‍ മര്‍ദിക്കുന്നതായും പരിക്കേറ്റവര്‍ ദേശാഭിമാനിയോട് പറഞ്ഞു. മോശപ്പെട്ട ഭക്ഷണം, പൊട്ടിയ പ്ലേറ്റുകള്‍, ഉറങ്ങാന്‍ കീറിയ പായകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. ഇതിനെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിരുന്നതായും പരിക്കേറ്റവര്‍ പറഞ്ഞു. വെള്ളിയാഴ്ച പകല്‍ ഒന്നിനാണ് വിയ്യൂര്‍ ജയിലില്‍ വാര്‍ഡര്‍മാര്‍ തടവുകാരെ മര്‍ദിച്ചത്. ഈയിടെ കണ്ണൂര്‍ ജയിലില്‍ നിന്ന് തൃശൂരിലേക്ക് മാറ്റിയ തടവുകാരില്‍പ്പെട്ടവരാണ് മര്‍ദനത്തിനിരയായത്.
deshabhimani 220712
No comments:
Post a Comment