Saturday, July 7, 2012

പുതിയ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍: മാണി


സംസ്ഥാനത്ത് ഇനി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇപ്പോള്‍ സര്‍വീസിലിരിക്കുന്നവരെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിട്ടില്ലെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാണി പറഞ്ഞു.

കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങള്‍ മാത്രമാണ് ഇനി പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ളത്. പെന്‍ഷന്‍കാരുടെ എണ്ണം ജീവനക്കാരുടെ എണ്ണത്തേക്കാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി ആവര്‍ത്തിച്ച് കത്തെഴുതുന്നു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്തു വരികയാണ്. ആവശ്യത്തിനുള്ള എണ്ണത്തേക്കള്‍ കൂടുതല്‍ തസ്തികകള്‍ പല വകുപ്പുകളിലുമുണ്ട്. പ്രത്യേക ജോലികള്‍ക്കായി എടുക്കുന്നവര്‍ പണി തീര്‍ന്നശേഷവും അതേ തസ്തികയില്‍ തുടരുന്ന സാഹചര്യമാണുള്ളത്. ഇത് അധിക ചെലവിനിടയാക്കുന്നു. ഈ സാഹചര്യത്തില്‍ അധികജീവനക്കാരെ പുനര്‍വിന്യസിപ്പിക്കേണ്ടി വരും. ഇതു സംബന്ധിച്ച് മന്ത്രിസഭ പഠിച്ചുവരികയാണ്. എന്നാല്‍, അധിക ജീവനക്കാരുടെ എണ്ണം കണ്ടെത്താന്‍ നിയോഗിച്ച പി രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മലബാറിലെ വിവാദമായ 33 സ്കൂളിന് എയ്്ഡഡ് പദവി നല്‍കുന്ന തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. ഇക്കാര്യത്തില്‍ ധനവകുപ്പിന്റെ അഭിപ്രായം മന്ത്രിസഭയ്ക്ക് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. കൂടുതല്‍ ഫണ്ട് ലഭിക്കുന്നത് അവരുടെ മണ്ഡലത്തിലാണ്- മന്ത്രി പറഞ്ഞു.

deshabhimani 070712

No comments:

Post a Comment