Saturday, July 7, 2012

സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാര്‍ക്ക് അവഗണന; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം


സര്‍ക്കാര്‍ പരിപാടികളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ നിയമസഭയില്‍ പ്രതിഷേധം. ഇതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള പത്തു മിനിറ്റോളം തടസ്സപ്പെട്ടു. പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും അമര്‍ഷം രേഖപ്പെടുത്തി. പൊന്മുടിയില്‍ ടൂറിസംവകുപ്പിന്റെ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സ്ഥലം എംഎല്‍എ ആയ തന്നെ അവഗണിച്ച കാര്യം ചോദ്യോത്തരവേളയില്‍ കോലിയക്കോട് കൃഷ്ണന്‍ നായരാണ് ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴല്ല പറയേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഈ കാര്യത്തില്‍ ശക്തമായ നിലപാട് വേണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ബഹളവുമായി ഭരണകക്ഷിയംഗങ്ങള്‍ എഴുന്നേറ്റതോടെ ചോദ്യോത്താരവേള തടസ്സപ്പെട്ടു. ആലപ്പുഴയില്‍ നടക്കാന്‍പോകുന്ന സര്‍ക്കാര്‍ പരിപാടിയില്‍നിന്ന് തന്നെയും ഒഴിവാക്കിയ കാര്യം ജി സുധാകരന്‍ വെളിപ്പെടുത്തിയതോടെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ സംസാരിക്കാന്‍ അനുവിദിക്കാതിരുന്ന നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു.

ജനപ്രതിനിധികള്‍ക്ക് പരിഗണന നല്‍കാതിരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വകുപ്പുമന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ തന്റെ റൂളിങ് നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. എങ്കില്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നത് ആരെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചശേഷം മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കുമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം ശമിച്ചത്.

ചില്ലറവില്‍പ്പന: വിദേശനിക്ഷേപം അനുവദിക്കരുത്- നിയമസഭ

കേരളത്തില്‍ റീട്ടെയില്‍ മാര്‍ക്കറ്റിങ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കരുതെന്ന് നിയമസഭ ആവശ്യപ്പെട്ടു. തേറമ്പില്‍ രാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയ അനൗദ്യോഗിക പ്രമേയം സഭ ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കേരളം എതിരാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിദേശനിക്ഷേപത്തിന് കേരളം അനുകൂലമാണെന്ന് അറിയിച്ചിട്ടില്ല. കേന്ദ്രമന്ത്രി ആനന്ദ്ശര്‍മയുടെ പ്രസ്താവന തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. വിദേശനിക്ഷേപം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശനിക്ഷേപം ഇഷ്ടമുള്ള സംസ്ഥാനം നടപ്പാക്കിയാല്‍ മതിയെന്ന് പറയുന്നത് ചതിയാണെന്ന് എം ചന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കേരളം അനുകൂലിച്ചില്ലെന്ന് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില്ലറവില്‍പ്പന രംഗത്ത് വന്‍കിട ഭീമന്മാര്‍ കടന്നുവരുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിദേശനിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തയച്ചിട്ടില്ല. കേന്ദ്രമന്ത്രിയുമായി ഇക്കാര്യം താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അബ്ദുറഹ്മാന്‍ രണ്ടത്താണി, വി എസ് സുനില്‍കുമാര്‍, പ്രൊഫ. എന്‍ ജയരാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 070712

No comments:

Post a Comment