Wednesday, July 11, 2012

റിപ്പോര്‍ട്ടില്‍ അപാകമെന്ന് മാനേജ്മെന്റുകള്‍


എന്‍ജിനിയറിങ് കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ അപാകമുണ്ടെന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നതായി സംശയിക്കുന്നുണ്ടെന്നും അസോസിയേഷന്‍ പ്രസിഡന്റ് എം യൂനുസ്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏകീകൃത മാനദണ്ഡം ഇല്ലാതെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയുടെ പരാമര്‍ശം മാറ്റിയെടുക്കാന്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. കോടതി പരാമര്‍ശത്തിനെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കും. അത് വിജയിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയശതമാനത്തെക്കുറിച്ച് സര്‍വകലാശാലകള്‍ കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോളേജുകള്‍ അസോസിയേഷനു നല്‍കിയ റിപ്പോര്‍ട്ടും വ്യത്യാസമുണ്ട്. ഇതു പരിശോധിക്കാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ അസോസിയേഷന്റെ കീഴിലുള്ള കോളേജുകളുടെ യോഗം വിളിച്ചിട്ടുണ്ട്. വിരമിച്ച പ്രൊഫസര്‍മാര്‍ അടക്കമുള്ളവരാണ് കോടതി നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതിയില്‍ ഉണ്ടായിരുന്നത്. 75 ശതമാനം വിജയമുള്ള കോളേജുകള്‍വരെ വിദഗ്ധ സമിതിയുടെ പട്ടികയില്‍ വന്നിട്ടുണ്ട്. അസോസിയേഷന്റെ 105 കോളേജുകളില്‍ 16 എണ്ണത്തിനാണ് നിലവാരമില്ലെന്ന് പറഞ്ഞിരിക്കുന്നത്.അഖിലേന്ത്യ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയെ സ്വാഗതം ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം സൗജന്യ സീറ്റുകള്‍ നല്‍കണമെന്ന നിര്‍ദേശത്തിലെ അപാകം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ടി എ വിജയന്‍, വൈസ് പ്രസിഡന്റുമാരായ പി ജെ പൗലോസ്, സി കെ അബ്ദുള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 110712

No comments:

Post a Comment