Thursday, July 12, 2012

പ്രസിദ്ധീകരിച്ചതെല്ലാം പൊലീസുമായി ആലോചിച്ച്


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതെല്ലാം പൊലീസുമായി ആലോചിച്ചാണെന്ന് മാധ്യമങ്ങള്‍. സിപിഐ എമ്മിനെതിരെ രൂപംകൊണ്ട പൊലീസ്-മാധ്യമ കൂട്ടുകെട്ട് നടത്തിയ മൊബൈല്‍ സംഭാഷണം അടക്കമുള്ള കൂടിയാലോചന പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റുപറച്ചില്‍. അന്വേഷണസംഘത്തിലെ പ്രധാനി ഡിവൈഎസ്പി ജോസി ചെറിയാനുമായുള്ള ഫോണ്‍ സംഭാഷണവും സന്ദേശം കൈമാറലും സംബന്ധിച്ചവിവരം "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നതോടെ ഇന്റലിജന്‍സ് അന്വേഷണമെന്ന ഭീഷണിയും ചില മാധ്യമങ്ങള്‍ ഉയര്‍ത്തി. അന്വേഷണസംഘത്തിലെ പ്രധാനിയുടെ കോള്‍ ചോര്‍ത്തിയെന്നും ഇത് വിവാദമായെന്നും ഏഷ്യാനെറ്റാണ് ആദ്യം വാര്‍ത്ത പടച്ചത്. കോഴിക്കോട്ടെ ഏഷ്യാനെറ്റ് ലേഖകനാണ് ഈ പൊലീസ് ഉദ്യോഗസ്ഥനുമായി കൂടുതല്‍ തവണ ബന്ധപ്പെട്ടതും വ്യാജവാര്‍ത്തകള്‍ ഏകോപിപ്പിച്ചതും. അത് പുറത്തായതിന്റെ ജാള്യം മറയ്ക്കാനാണ് പൊലീസ് മേധാവിയുടെ ഫോണ്‍ വിളി "ചോര്‍ന്നത്" വിവാദമാകുന്നുവെന്ന വാര്‍ത്ത. പതിവുപോലെ ചില പത്രങ്ങളുടെ ഇന്റര്‍നെറ്റ് എഡിഷനും ഈ വാര്‍ത്ത ആവര്‍ത്തിച്ചു.

ഡിവൈഎസ്പിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചത് ന്യായീകരിച്ച മാധ്യമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വാര്‍ത്ത മെനഞ്ഞതെന്ന് സ്വയം വെളിപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് ഒരു വിവരവും കൊടുത്തിട്ടില്ലെന്നായിരുന്നു പൊലീസിന്റെയും അവകാശവാദം. കേസില്‍ അറസ്റ്റ് ചെയ്തവരുടെ കുറ്റസമ്മതമൊഴി എന്ന നിലയില്‍ മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി വന്നപ്പോഴാണ് മാധ്യമങ്ങളുമായി സംസാരിക്കാറേയില്ലെന്ന് പൊലീസ് അവകാശപ്പെട്ടത്. ഈ വാദം കോടതിയിലും ആവര്‍ത്തിച്ചു. ഉന്നത തല ഗൂഢാലോചനയില്‍ രൂപംകൊള്ളുന്ന വ്യാജമൊഴികളും "കുറ്റസമ്മതവും" "നേതാക്കളുടെ പ്രേരണയും" മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയായി പുറത്തുവിട്ടു. കസ്റ്റഡിയിലായിരുന്നവര്‍ ഇതൊന്നും അറിഞ്ഞില്ല. ബന്ധുക്കളോടും സിപിഐ എം നേതാക്കളോടും അഭിഭാഷകരോടും സംസാരിക്കാനായപ്പോള്‍ മാത്രമാണ് കെട്ടുകഥകളും ഇല്ലാമൊഴികളും അവരറിഞ്ഞത്. ഇതോടെ കള്ളക്കഥ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജികളും വന്നു. ഈ ഘട്ടത്തില്‍ തലയൂരാനുള്ള പൊലീസ്ശ്രമങ്ങളാണ് കള്ളങ്ങള്‍ മത്സരിച്ചു പ്രചരിപ്പിച്ച മാധ്യമങ്ങള്‍തന്നെ പൊളിച്ചത്. ഒപ്പം അവര്‍ സ്വയം തുറന്നുകാട്ടപ്പെടുകയും ചെയ്തു.

പൊലീസുദ്യോഗസ്ഥരെ വിളിക്കുന്നതില്‍ ഒട്ടും തെറ്റില്ലെന്നാണ് ന്യായീകരണം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട മൊഴികളും ചോദ്യംചെയ്യലിന്റെ വിശദാംശങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനുള്ള കോടതിവിലക്കാണ് മാധ്യമങ്ങള്‍ ലംഘിച്ചത്. കള്ള കുറ്റസമ്മതമൊഴികള്‍ നല്‍കാന്‍ മത്സരിച്ച മാധ്യമങ്ങള്‍ പിന്നീട് വസ്തുത പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് ഒരിക്കല്‍ പോലും വാര്‍ത്തനല്‍കിയില്ല. മാധ്യമസ്വാതന്ത്ര്യമെന്ന് വിളിച്ചുകൂവി കള്ളവാര്‍ത്തകളെ നിര്‍ലജ്ജം ന്യായീകരിച്ചു.

deshabhimani 120712

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതെല്ലാം പൊലീസുമായി ആലോചിച്ചാണെന്ന് മാധ്യമങ്ങള്‍. സിപിഐ എമ്മിനെതിരെ രൂപംകൊണ്ട പൊലീസ്-മാധ്യമ കൂട്ടുകെട്ട് നടത്തിയ മൊബൈല്‍ സംഭാഷണം അടക്കമുള്ള കൂടിയാലോചന പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റുപറച്ചില്‍.

    ReplyDelete