Monday, July 2, 2012

സഹകരണ വിജിലന്‍സ് ഇല്ലാതാക്കാന്‍ നീക്കം


സഹകരണവകുപ്പിലെ വിജിലന്‍സ് സംവിധാനം ഇല്ലാതാക്കുന്നു. വിജിലന്‍സ് സംവിധാനത്തിന് നേതൃത്വം നല്‍കുന്ന പൊലീസ്വകുപ്പില്‍നിന്നുള്ള ഡിഐജിയുടെ തസ്തികയില്‍ നിയമനം നടത്താതെ ഈ സംവിധാനം തകര്‍ത്ത് സഹകരണവകുപ്പില്‍ അഴിമതിക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ഒന്നേകാല്‍വര്‍ഷമായി ഡിജിപി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സഹകരണസ്ഥാപനങ്ങളിലെ അഴിമതി, ധനാപഹരണം, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി അന്വേഷിക്കാനാണ് വിജിലന്‍സ്വിഭാഗം രൂപീകരിച്ചത്. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടില്‍ രജിസ്ട്രാറാണ് തുടര്‍നടപടിയെടുക്കുക. ആവശ്യമെങ്കില്‍ രജിസ്ട്രാറുടെ അനുമതിയോടെ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍നടപടിയും എടുക്കാം.

2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് വിജിലന്‍സ് വിഭാഗം രൂപീകരിക്കാന്‍ സഹകരണനിയമം ഭേദഗതി വരുത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് ഡിഐജിയെ തലപ്പത്ത് നിയമിച്ച് സഹകരണ വിജിലന്‍സ് വിഭാഗം പ്രവര്‍ത്തനസജ്ജമാക്കി. തിരുവനന്തപുരത്ത് വിജിലന്‍സ് ആസ്ഥാന ഓഫീസിന്റെ ചുമതല ഡിഐജിക്ക് കൈമാറി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (വിജിലന്‍സ്) ഉള്‍പ്പെടെ 11 ജീവനക്കാരെയും നിയമിച്ചു. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസും ആരംഭിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ (വിജിലന്‍സ്) സേവനവും മേഖലാ ഓഫീസുകള്‍ക്ക് വിട്ടുനല്‍കി. ആലപ്പുഴയില്‍ 11ഉം, തൃശൂരിലും കണ്ണൂരിലും 12 വീതവും ജീവനക്കാരെയും അനുവദിച്ചു. എട്ട് വാഹനങ്ങളും ഈ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനു വിട്ടുനല്‍കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്ട്രാര്‍ക്ക് ലഭിച്ചിരുന്ന പരാതികള്‍ നേരിട്ട് വിജിലന്‍സിന് കൈമാറുകയായിരുന്നു. മികച്ച പ്രവര്‍ത്തനമാണ് വിജിലന്‍സ് വിഭാഗം നടത്തിയത്. പരാതികളില്‍ 54 എണ്ണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തി നടപടിക്ക് റിപ്പോര്‍ട്ട് നല്‍കി. 2011 ഫെബ്രുവരി ഒമ്പതിന് അന്നത്തെ ഡിഐജി ചുമതല ഒഴിഞ്ഞ് വിവരാവകാശ കമീഷന്‍ അംഗമായി പോയി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പകരം നിയമനം നടത്താനായില്ല. പിന്നീട് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ഡിഐജി നിയമനം മരവിപ്പിച്ചു. ഒപ്പം, ആസ്ഥാനത്ത് ഒഴിവുവന്ന മൂന്നും കണ്ണൂരില്‍ ഒഴിവുവന്ന ഒന്നും സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ തസ്തികയും നികത്താതെ വിജിലന്‍സ് വിഭാഗത്തെ ദുര്‍ബലപ്പെടുത്തി. ഒരു പ്രയോജനവുമില്ലാതെ 43 ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. യുഡിഎഫ് ഭരണത്തില്‍ സഹകരണസ്ഥാപനങ്ങളില്‍ പതിവായി നടക്കാറുള്ള തീവെട്ടിക്കൊള്ളയ്ക്ക് അവസരം ഇല്ലാതാകുമെന്ന ഭയമാണ് വിജിലന്‍സിനെ നിര്‍ജീവമാക്കിയതിനുപിന്നില്‍.
(ജി രാജേഷ്കുമാര്‍)

deshabhimani 020712

1 comment:

  1. സഹകരണവകുപ്പിലെ വിജിലന്‍സ് സംവിധാനം ഇല്ലാതാക്കുന്നു. വിജിലന്‍സ് സംവിധാനത്തിന് നേതൃത്വം നല്‍കുന്ന പൊലീസ്വകുപ്പില്‍നിന്നുള്ള ഡിഐജിയുടെ തസ്തികയില്‍ നിയമനം നടത്താതെ ഈ സംവിധാനം തകര്‍ത്ത് സഹകരണവകുപ്പില്‍ അഴിമതിക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ഒന്നേകാല്‍വര്‍ഷമായി ഡിജിപി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സഹകരണസ്ഥാപനങ്ങളിലെ അഴിമതി, ധനാപഹരണം, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി അന്വേഷിക്കാനാണ് വിജിലന്‍സ്വിഭാഗം രൂപീകരിച്ചത്. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടില്‍ രജിസ്ട്രാറാണ് തുടര്‍നടപടിയെടുക്കുക. ആവശ്യമെങ്കില്‍ രജിസ്ട്രാറുടെ അനുമതിയോടെ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍നടപടിയും എടുക്കാം.

    ReplyDelete