Monday, July 2, 2012

സി എച്ച് അശോകന് ഹൈക്കോടതിയുടെ ജാമ്യം


ടി പി വധക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടച്ച സിപിഐ എം ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റുള്ളവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ കോടതി തള്ളി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകാന്‍ അശോകന് അനുവാദമില്ല.

പൊലീസ് കഥകള്‍ കോടതിയും തള്ളി:പിണറായി

കാസര്‍കോട്:  സി എച്ച്  അശോകനു ഹൈക്കോടതി ജാമ്യം  അനുവദിച്ചതോടേ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് കെട്ടിപ്പൊക്കിയ കള്ളകഥകള്‍ പൊളിഞ്ഞിരിക്കുകയാണെന്നു സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊലിസിന്റെ കഥകള്‍ കോടതി വിശ്വസിക്കുന്നില്ലെന്നു വ്യക്തമായി. തുടക്കം മുതല്‍ വിശ്വസനീയമായ രീതിയില്‍  കള്ളകഥകള്‍ കെട്ടിയുണ്ടാക്കുകയാണു പൊലിസ്  ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത് സിപിഐ എം നയമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. വടകരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് സംഘര്‍ഷമുണ്ടാക്കിയിട്ടില്ല. പൊലീസ് അവിടെ ആര്‍എംപിക്കാരെ കൊണ്ടുവന്ന് നിര്‍ത്തിയതാണ് പ്രശ്നത്തിനു കാരണം. സിപിഐ എം പ്രവര്‍ത്തകര്‍ കോടതിക്കു നേരെ ആക്രമണം നടത്തിയെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് എവിടെ നിന്നും കിട്ടിയ വിവരമാണെന്ന് വെളിപ്പെടുത്തണം. ഇടക്കിടെ സിപിഐ എമ്മിനെ കുത്തിക്കൊണ്ടിരിക്കുന്നത് ചിലരുടെ നിലപാട് ശരിയല്ലെന്നും പിണറായി പറഞ്ഞു. കുണ്ടംകുഴിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശരിയായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. സിപിഐക്കാര്‍ വിട്ടു നില്‍ക്കുന്നത് അവരുടെ തീരുമാനം. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ല. സിപിഐ എം സ്വീകരിച്ച നിലപാടിനെതിരെ സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായം പറഞ്ഞു കണ്ടു. ഇതിനു മുന്‍പുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇടതുപക്ഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിട്ടുണ്ട്. കെ ആര്‍ നാരായണനും ശങ്കര്‍ദയാല്‍ ശര്‍മ്മയും കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു. കലാം ബിജെപിയുടെ സ്ഥാനാര്‍ഥിയായി മുന്നോട്ടുവന്നപ്പോഴാണ് ഇടതുപക്ഷം വേറെ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചത്. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല. അന്ന് ഇടതുപക്ഷത്തോടൊപ്പം നിന്ന പല കക്ഷികളും ഇന്ന് പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കി. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെന്ന നിലക്കാണ് സിപിഐ എം പ്രണബിനെ പിന്തുണക്കുന്നത്. അതൊരു രാഷ്ട്രീയ തീരുമാനമാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ഇടതുപക്ഷം എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മാറിനില്‍ക്കുന്ന സാഹചര്യവും പാര്‍ട്ടി കാണുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഇടതുപക്ഷ ഐക്യത്തില്‍ തകരാറുണ്ടാക്കില്ല. ഇതിന്റെ പേരില്‍ ഇടതുപക്ഷത്ത് വിള്ളലുണ്ടാക്കാമെന്ന് ആരും കരുതണ്ട. കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകും. കോണ്‍ഗ്രസിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചുവെന്നത് കൊണ്ട് ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തില്‍ ടി അപ്പ അധ്യക്ഷനായി

deshabhimani news

1 comment:

  1. സി എച്ച് അശോകനു ഹൈക്കോടതി ജാമ്യം അനുവദിച്ചതോടേ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് കെട്ടിപ്പൊക്കിയ കള്ളകഥകള്‍ പൊളിഞ്ഞിരിക്കുകയാണെന്നു സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊലിസിന്റെ കഥകള്‍ കോടതി വിശ്വസിക്കുന്നില്ലെന്നു വ്യക്തമായി. തുടക്കം മുതല്‍ വിശ്വസനീയമായ രീതിയില്‍ കള്ളകഥകള്‍ കെട്ടിയുണ്ടാക്കുകയാണു പൊലിസ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete