ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരും എംഎല്‍എമാരും പൂവാലന്മാരെപ്പോലെയാണ് പെരുമാറുന്നതെന്ന് സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ ആരോപണം. ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് യുഡിഎഫ് പാര്‍ടിയുടെ യുവജനവിഭാഗം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സലി മടവൂരാണ് പ്രമേയം അവതരിപ്പിച്ചത്. സോളാര്‍ തട്ടിപ്പും സരിത എസ് നായരും യുഡിഎഫ് സര്‍ക്കാരിന്റെ ഉറക്കംകെടുത്തുന്നു. മന്ത്രിമാരും എംഎല്‍എമാരും പൂവാലന്മാരെപ്പോലെ പാതിരാത്രിയിലും മറ്റും സ്ത്രീകളോട് സംസാരിച്ച് നേരംപോക്കുകയാണ്. കോണ്‍ഗ്രസിലെ ഭിന്നിപ്പ് പ്രശ്നത്തെ കൂടുതല്‍ കലുഷിതമാക്കി. സര്‍ക്കാരിന്റെ വിശ്വാസം നഷ്ടപ്പെട്ടതായും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായയ്ക്ക് കളങ്കംവരുത്തിയെന്ന് സമ്മേളനത്തില്‍ സംസാരിച്ച മന്ത്രി കെ പി മോഹനന് പറഞ്ഞു.
സംസ്ഥാനത്ത് ഭരണസ്തംഭനം: വി എം സുധീരന്
തിരു: പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതൊന്നും ചര്‍ച്ചചെയ്യാത്ത ഭരണസ്തംഭനമാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച സി കേശവന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, പകര്‍ച്ചപ്പനി, മഴക്കെടുതി, പ്രകൃതിക്ഷോഭം, മാലിന്യം, കൊതുകുശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല. കുട്ടനാട്ടില്‍ ഇപ്പോഴും ദുരിതം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, അതൊന്നും ചര്‍ച്ച ചെയ്യാനാകാത്ത നിലയില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും സുധീരന് പറഞ്ഞു.
deshabhimani
No comments:
Post a Comment