Friday, April 8, 2011

സോണിയയുടെ പര്യടനം പൊളിഞ്ഞതിന് ഹൈക്കമാന്‍ഡ് വിശദീകരണം തേടി

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ആളില്ലാതെ ശുഷ്കമായതിന് ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചു. കെപിസിസി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച ഫാക്സ് സന്ദേശം ലഭിച്ചത്. ജനപങ്കാളിത്തം ഇത്രയും കുറഞ്ഞതെന്തുകൊണ്ടാണെന്ന് 24 മണിക്കൂറിനകം അറിയിക്കണമെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി ആവശ്യപ്പെട്ടു. പ്രചാരണരംഗത്ത് യുഡിഎഫ് പിന്നിലായതിന്റെ കാരണവും ചോദിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് ഹരിപ്പാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സോണിയ ഗാന്ധി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. ഇതിനുമാത്രമായി കാല്‍കോടി വീതം ഓരോ കേന്ദ്രത്തിലേക്കും എഐസിസി നല്‍കിയിരുന്നു. എന്നാല്‍,ഒരിടത്തും ആകര്‍ഷകമായ പരിപാടി സംഘടിപ്പിക്കാനായില്ലെന്ന് മാത്രമല്ല, ശുഷ്കമായ ജനപങ്കാളിത്തം കണ്ട് സോണിയതന്നെ അമ്പരന്നു. കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന നേതൃത്വം എഐസിസിയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വാങ്ങിയത്. എന്നാല്‍, ഇങ്ങനെ പണം ഒഴുക്കിയതിന്റെ നേട്ടം പ്രചാരണയോഗങ്ങളില്‍പോലും കാണാനില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. പൊതുവെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണ പൊതുയോഗങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രസംഗിക്കാറുള്ളത്. എന്നാല്‍, രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അദ്ദേഹം മത്സരിക്കുന്ന ഹരിപ്പാട്ട് സോണിയ എത്തിയത്. ഇവിടെയും ജനക്കൂട്ടം തീരെ കുറവായിരുന്നു.

തൃശൂരിലും കോഴിക്കോട്ടും നടന്ന പൊതുയോഗങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ജില്ലയുടെ പല ഭാഗത്തുനിന്നും ആളുകളെ കൊണ്ടുവന്നിട്ടും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വന്നത് മുവായിരം പേരാണ്. സോണിയ വന്ന ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാല് കേന്ദ്രത്തിലാണ് പ്രസംഗിച്ചത്. പുറമേരി, തിരുവമ്പാടി, പയ്യോളി, കോഴിക്കോട് എന്നിവിടങ്ങളില്‍. ഓരോ കേന്ദ്രത്തിലും സോണിയ ഗാന്ധിയുടെ പരിപാടിയിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് ജനക്കൂട്ടമുണ്ടായത് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തുള്ള എഐസിസി നിരീക്ഷകര്‍ വി എസിന്റെ പരിപാടിയിലെ ജനപങ്കാളിത്തവും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും യുഡിഎഫിന്റെ പ്രചാരണം തീരെ മോശമാണെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്ന മധ്യ തിരുവിതാംകൂറില്‍പോലും സ്ഥിതി തൃപ്തികരമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതും ഹൈക്കമാന്‍ഡിനെ അസ്വസ്ഥമാക്കുന്നു.

സോണിയയുടെ പരിപാടികൂടി ശുഷ്കമായതോടെ നിരീക്ഷകരുടെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കെപിസിസിയോട് വിശദീകരണം ചോദിച്ചത്. ജനക്കൂട്ടം ശുഷ്കമായതിനാല്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ ചിത്രം കൊടുത്തില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് കേരളത്തിലെത്തിയാല്‍ മനോരമ ചുരുങ്ങിയത് ഒരു പേജ് കളര്‍ചിത്രം കൊടുക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല.

സോണിയാഗാന്ധിയുടെ പര്യടനം കഴിഞ്ഞു; സ്റ്റേഡിയം കളിയോഗ്യമല്ലാതായി

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞതോടെ കോര്‍പറേഷന്‍ സ്റ്റേഡിയം കളിയോഗ്യമല്ലാതായി. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച സോണിയാഗാന്ധി സ്റ്റേഡിയത്തിലെത്തി ചടങ്ങില്‍ പങ്കെടുത്തത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ നൂറുകണക്കിന് മുളകളും മരക്കഷ്ണങ്ങളുമാണ് മൈതാനത്ത് കുഴിച്ചിട്ടത്. പരിപാടികള്‍ കഴിഞ്ഞ് ബാരിക്കേഡുകള്‍ മാറ്റിയതോടെ മൈതാനം കുണ്ടുംകുഴികളുമായി. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച സ്റ്റേഡിയത്തിന്റെ ടര്‍ഫിങ് ഇതോടെ തകര്‍ന്നു. കോര്‍പറേഷന്റെ അനുമതിയില്ലാതെ സ്റ്റേഡിയം പ്രചാരണത്തിന് വിട്ടുകൊടുത്തത് വിവാദമായിരുന്നു. സ്റ്റേഡിയം ഗ്രൌണ്ട് കൈയേറി പൊതുമുതല്‍ നശിപ്പിച്ചതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍, ജില്ലാ വരണാധികാരിയായ കലക്ടര്‍ പി ബി സലീം, കമീഷണര്‍ അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ക്ക് മേയര്‍ എ കെ പ്രേമജം പരാതിയും നല്‍കിയിട്ടുണ്ട്.

അടുത്തിടെ ചാനലിനും പ്രമുഖ പത്രമാസികയ്ക്കും പരിപാടി അവതരിപ്പിക്കാന്‍ സ്റ്റേഡിയം വിട്ടുകൊടുത്തത് കൌണ്‍സില്‍ യോഗത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജില്ലയിലെ ഫുട്ബോള്‍ താരങ്ങളെ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കളിക്കളം മറ്റ് പൊതുപരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് അന്ന് യുഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചത്. കൌണ്‍സിലിന്റെ അനുമതിയില്ലാതെ സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്ന തീരുമാനവും അന്ന് കൈക്കൊണ്ടു. എന്നാല്‍, ഇതേ യുഡിഎഫ് നേതൃത്വമാണ് മൈതാനം കൈയേറി നശിപ്പിച്ചത്. ഇതിനെതിരെ ജില്ലയിലെ ഫുട്ബോള്‍ അസോസിയേഷനുകളും മറ്റ് കായിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിപാടിക്കുശേഷം ചില ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തി തടിതപ്പുകയാണ് സംഘാടകര്‍ ചെയ്തത്. കുഴി മൂടിയിട്ടുണ്ടെങ്കിലും പൂര്‍ണമായും കളിയോഗ്യമാകണമെങ്കില്‍ ഇനിയും പുല്ല് വെച്ചുപിടിക്കണം. ഫുട്ബോള്‍ മത്സരത്തിനായി മൈതാനം ഒരുക്കാന്‍ ഇനിയും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും.

ദേശാഭിമാനി 080411

1 comment:

  1. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ആളില്ലാതെ ശുഷ്കമായതിന് ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചു. കെപിസിസി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച ഫാക്സ് സന്ദേശം ലഭിച്ചത്. ജനപങ്കാളിത്തം ഇത്രയും കുറഞ്ഞതെന്തുകൊണ്ടാണെന്ന് 24 മണിക്കൂറിനകം അറിയിക്കണമെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി ആവശ്യപ്പെട്ടു. പ്രചാരണരംഗത്ത് യുഡിഎഫ് പിന്നിലായതിന്റെ കാരണവും ചോദിച്ചിട്ടുണ്ട്.

    ReplyDelete