Monday, July 8, 2013

സരിതയുടെ വിശ്വസ്തന്‍ കോടികള്‍ വിദേശത്തേക്ക് കടത്തി

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ തട്ടിയെടുത്ത കോടികള്‍ വിദേശത്തേക്ക് കടത്തിയതായി സൂചന. സരിതയുടെ കമ്പനി ടീം സോളാറിന്റെ കൊച്ചി ബ്രാഞ്ചിലെ മുഖ്യചുമതലക്കാരനായ മോഹന്‍ദാസ് വഴി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

സോളാര്‍ തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനിയുടെ കൊച്ചി ചിറ്റൂര്‍ റോഡിലെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഓഫീസ് ജീവനക്കാര്‍ക്കൊപ്പം മോഹന്‍ദാസും മുങ്ങിയിരുന്നു. എറണാകുളം സ്വദേശിയായ മോഹന്‍ദാസ് സരിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നയാളാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സരിതയുമൊന്നിച്ച് മോഹന്‍ദാസ് ഡല്‍ഹിയിലേക്കടക്കം വിമാനയാത്ര നടത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ല. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്ന സമയത്തുതന്നെ ബിജു രാധാകൃഷ്ണന്റെ ബന്ധുകൂടിയായ മോഹന്‍ദാസ് ഖത്തറിലേക്ക് കടന്നതായാണ് വിവരം. ആഡംബരജീവിതത്തിന് സരിതയും ബിജുവും പണം ചെലവഴിച്ചെങ്കിലും ഇവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതലുകള്‍ മോഹന്‍ദാസിന്റെ നിയന്ത്രണത്തില്‍ നടന്നിരുന്നതായാണ് സൂചന.

ശാലു ജയിലിലും വിഐപി

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന് ജയിലിലും വിഐപി പരിഗണന. അട്ടക്കുളങ്ങര വനിതാ സബ്ജയിലില്‍ ഏഴാംനമ്പര്‍ സെല്ലില്‍ കഴിയുന്ന ശാലുവിന് കട്ടിലും ബെഡ്ഡും തലയണയും ഫാനുമടക്കമുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശാലുവിനെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്നാണ് വനിതാ സബ്ജയിലിലേക്ക് മാറ്റിയത്. ജയിലിലെ 3704-ാംനമ്പര്‍ തടവുപുള്ളിയാണ്. വൈകിട്ട് ചോറും മട്ടന്‍ കറിയുമായിരുന്നു ആഹാരം. ശനിയാഴ്ച വൈകിട്ട് ശാലുവിന്റെ അമ്മ ജയിലിലെത്തി വസ്ത്രങ്ങള്‍ കൈമാറിയിരുന്നു. ശാലുവിന്റെ ജാമ്യാപേക്ഷയും മൂന്നു ദിവസത്തേക്ക് വിട്ടുകിട്ടണമെന്ന പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും. പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ തിരുവനന്തപുരം കോടതിയില്‍ എത്തിച്ചശേഷം അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. ശാലുവിനെയും ബിജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

മന്ത്രിമാരുടെ സരിതയെ വിളി: കൂടുതല്‍ അന്വേഷണം വിലക്കി

ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സരിത നായരുമായുള്ള ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കേണ്ടെന്ന് എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരുമാനിച്ചു. നാല് മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖര്‍ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് വിലക്കിയത്. സോളാര്‍ തട്ടിപ്പുമായി ഫോണ്‍വിളിക്ക് ബന്ധമില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ നിലപാട്.

സരിതയ്ക്ക് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി അതിരു വിട്ട സൗഹൃദമുണ്ടെന്ന് വ്യക്തമായ തെളിവ് കിട്ടിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിക്കുകയുംചെയ്തു. എന്നാല്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വന്‍നിരതന്നെ സരിതയുടെ വലയിലുണ്ടെന്ന് തെളിഞ്ഞതോടെ എങ്ങനെയും അന്വേഷണം മുടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഫോണ്‍വിളിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നു പറഞ്ഞ് അന്വേഷണം വഴി തിരിച്ചത്. മന്ത്രിമാരും മറ്റും സരിതയുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പക്ഷം. സദാചാര പ്രശ്നമായിമാത്രം കണക്കിലെടുത്താല്‍ മതിയെന്നും ഇതൊക്കെ അന്വേഷിക്കാന്‍ പോയാല്‍ അതിനേ സമയമുണ്ടാകൂവെന്നുമാണ് ന്യായീകരണം. ഓരോരുത്തരുടെയും പിറകെ പോയാല്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്താകുമെന്നതും പൊലീസ് ഭയപ്പെടുന്നു. സരിതയെ എന്തിന് വിളിച്ചെന്നും എന്തൊക്കെ സംസാരിച്ചെന്നും ചോദിച്ചാല്‍ പലരും കുഴങ്ങും. ഇതെല്ലാം വിലയിരുത്തിയാണ് ഫോണ്‍വിളിക്കു പിറകെ പോകേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

deshabhimani

No comments:

Post a Comment