Thursday, April 7, 2011

'കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍...'

കുണ്ടറ:

'ശാന്തേ... സന്ധ്യാലക്ഷ്മീകീര്‍ത്തനം പോലെ ലളിതസുഭഗയായി എന്തെങ്കിലും നാലഞ്ച് വാക്കുകളോതി നിറയുക. കര്‍പ്പൂര ദീപങ്ങളാകട്ടെ കണ്ണുകള്‍, കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍...'

കടമ്മനിട്ടയുടെ പ്രശസ്ത കവിത 'ശാന്ത' ഈണത്തില്‍ ചൊല്ലി കടമ്മനിട്ടയുടെ പ്രിയസഖി ശാന്ത സദസ്സിനെ കവിതയുടെ നിറവിലാക്കി. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥയിലെ കവിയരങ്ങ് മുഖത്തല ഡീസന്റ് ജങ്ഷനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശാന്ത.

താന്‍ കടമ്മനിട്ടയുടെ ഭാര്യ ശാന്ത മാത്രമാണ്. വെറും വീട്ടമ്മ. അല്ലാതെ കവയിത്രിയല്ല. ഈ കവിത തന്നെക്കുറിച്ച് മാത്രം എഴുതിയതല്ല. 'പുക കുരുങ്ങി കലങ്ങിയ കണ്ണുകളില്‍ ചുടുനീര്‍ നിറയുന്നതും പാറിപ്പറക്കുന്ന മുടിനാരുകളില്‍ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടംകൊണ്ട് മൂക്ക് തുടച്ചപ്പോള്‍ പുരണ്ട കരിയുടെ പാടും കുനിഞ്ഞ തോളിനു താഴെ പുറത്ത് ചെളിയും വിയര്‍പ്പും...' ഇങ്ങനെ അടുക്കളയിലും തൊഴിലിടങ്ങളിലുമായി കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകളെക്കുറിച്ചുമാണ് ശാന്തയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, ഈ കവിത എഴുതിയ '75ലെ സാഹചര്യമല്ല ഇന്ന്. കേരളത്തിലെ സ്ത്രീകള്‍ക്ക് ഇന്ന് മാന്യമായ സ്ഥാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാരംഗത്തും നല്‍കുന്നത്. സ്ത്രീകളെ അംഗീകരിക്കുന്ന എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കുണ്ടറയില്‍നിന്ന് എം എ ബേബി വിജയിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് കടമ്മനിട്ട സ്മരണയില്‍ കവിത ചൊല്ലിയതെന്നും ശാന്തേട്ടത്തി പറഞ്ഞു.

മുഖത്തലയിലെ സാഹിത്യപ്രവര്‍ത്തനും അധ്യാപകനും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ചക്രപാണി മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് കവിയരങ്ങ് തുടങ്ങിയത്. ആര്‍ പ്രസന്നന്‍ അധ്യക്ഷനായി. കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍, വിനോദ് വൈശാഖി, പവിത്രന്‍ തീക്കുനി, നൌഷാദ് പത്തനാപുരം, സുരേഷ് വാക്കനാട്, കെ സജീവ്കുമാര്‍ എന്നിവര്‍ കവിത ചൊല്ലി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ കവിയരങ്ങിനും കലാജാഥയ്ക്കും പ്രൊഫ. ഹാഷിംകുട്ടി, തേവര്‍തോട്ടം സുകുമാരന്‍, കെ ബി മുരളീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശാഭിമാനി 070411

1 comment:

  1. 'ശാന്തേ... സന്ധ്യാലക്ഷ്മീകീര്‍ത്തനം പോലെ ലളിതസുഭഗയായി എന്തെങ്കിലും നാലഞ്ച് വാക്കുകളോതി നിറയുക. കര്‍പ്പൂര ദീപങ്ങളാകട്ടെ കണ്ണുകള്‍, കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍...'

    കടമ്മനിട്ടയുടെ പ്രശസ്ത കവിത 'ശാന്ത' ഈണത്തില്‍ ചൊല്ലി കടമ്മനിട്ടയുടെ പ്രിയസഖി ശാന്ത സദസ്സിനെ കവിതയുടെ നിറവിലാക്കി. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥയിലെ കവിയരങ്ങ് മുഖത്തല ഡീസന്റ് ജങ്ഷനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശാന്ത.

    ReplyDelete