മണിക്കിണറിലെ വെള്ളംകൊണ്ട് തുലാഭാരം തൂക്കിയാണ് തിരിച്ചുവരവ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കണ്ണീരുകൊണ്ടോ ചെന്നിത്തല ആശ്വാസംകൊണ്ടോ തുലാഭാരം തൂക്കി പകരംചെയ്യാന്‍ നോക്കിയിട്ടു ഫലമില്ല. വിത്തുഗുണം പത്തുഗുണം എന്നത് നേരാണ്. അന്ന് കിങ്ങിണിക്കുട്ടന്‍ എന്ന് വിളിച്ച് കളിയാക്കി. ഏറെക്കാലം കഴിയുംമുമ്പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി എന്ന് തിരുത്തിപ്പറയേണ്ടിവന്നു. കെപിസിസിക്ക് ഒരു പ്രസിഡന്റ് ഉണ്ടെന്ന് തോന്നിച്ചത് മുരളീധരനാണ്. ചാണ്ടി ഉമ്മനെപ്പോലെ ഒളിച്ചും പതുങ്ങിയുമായിരുന്നില്ല ഒന്നും. തുറന്ന മനസ്സും തുറന്ന പ്രവൃത്തിയുമായതുകൊണ്ട് കിങ്ങിണിക്കുട്ടനായി.
കരുണാകരന്‍ കള്ളം പറയുമ്പോഴും കണ്ണിറുക്കും. ഉമ്മന്‍ചാണ്ടി ഒളിവിലും മറവിലും എന്തുംചെയ്യും; പുറത്ത് മാന്യന്റെ കുപ്പായമിടും. അതാണ് വ്യത്യാസം. ചാണ്ടി ഉമ്മന്‍ അമേരിക്കയിലും ദുബായിലും പോയപ്പോള്‍ കൂടെ ആരായിരുന്നു എന്ന് ആരും തിരക്കില്ല-അഥവാ തിരക്കിയാല്‍ ജോപ്പന്‍ ഇറക്കുമതിചെയ്ത സിംഗിള്‍ മാള്‍ട്ട് വിസ്കികൊണ്ട് മറുപടി പറയും. ഉമ്മന്‍ ചാണ്ടിയും കുടുംബവും പ്രൊഫഷണല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു; കരുണാകരനും കുടുംബവും പരമ്പരാഗത കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. ആദ്യത്തേതിന് കാപട്യത്തിന്റെ അളവ് കൂടും. അതുകൊണ്ടാണ്, ഉമ്മന്‍ ചാണ്ടി എന്നും ആരുമറിയാതെ കളിച്ചതും ലീഡര്‍ എല്ലാം സഹിച്ചതും. അതൊക്കെ കണ്ടുവളര്‍ന്ന മുരളിക്ക്, അവസരം നോക്കി ആഞ്ഞടിക്കാനറിയാം. മുഖത്തുനോക്കി അനിഷ്ടം പറയാനും അഹിതമായത് തിരസ്കരിക്കാനുമറിയാം. പ്രസിഡന്റ് പദംവേണോ മന്ത്രിയാകണോ എന്ന് ചോദ്യം വന്നപ്പോള്‍ ഒരു നിമിഷം പതറിപ്പോയതിന്റെ ദുരന്തമാണ് ഇന്നലെവരെ അനുഭവിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമൊപ്പം സ്വന്തം പിതാവുകൂടി മറുപക്ഷത്തായപ്പോള്‍ നടുക്കടലില്‍ പെട്ടുപോയി. അനുഭവംകൊണ്ട് പലതും പഠിച്ചു-വട്ടിയൂര്‍ക്കാവില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തിയപ്പോള്‍ മന്ത്രിസ്ഥാനം വിലക്കിയിട്ടും മിണ്ടിയില്ല. പഴയ ശിഷ്യന്മാര്‍ മന്ത്രിപദത്തിലിരുന്ന് അധികാരഗര്‍വ് കാട്ടുമ്പോള്‍ അടക്കിപ്പിടിച്ച് ചിരിച്ചതേയുള്ളൂ. ആന മെലിഞ്ഞാലും തൊഴുത്ത് ചേരില്ല.
സേവാദളിന്റെയും പാര്‍ലമെന്റ് ഹൗസിന്റെയും കെപിസിസി ആസ്ഥാനത്തിന്റെയും ഓര്‍മകള്‍ മാത്രമല്ല സമ്പാദ്യം. തന്റെ വീടിന്റെ അടുക്കളയിലും ഉമ്മറപ്പടിയിലും പാടുകിടന്നവരും കരുണാകരന് പാദസേവ നടത്തിയവരും ഇന്നിരിക്കുന്ന സ്ഥാനവും കാട്ടുന്ന വിക്രിയകളും മനസ്സില്‍ പരിഹാസവും നിറയ്ക്കുന്നുണ്ട്. ശാശ്വതമായ ശത്രുത ആരോടുമില്ല. ഇതുവരെ മന്ത്രിയാക്കാതിരിക്കാന്‍ മുന്നില്‍ നിന്നത് ചെന്നിത്തലയായിരുന്നു. ആ ചെന്നിത്തല ആപത്തില്‍പെട്ടപ്പോള്‍ ആപദ്ബാന്ധവനായി മുരളീധരനെത്തി.
അവസരം ഒരിക്കല്‍ വിട്ടുപോയാല്‍ പിന്നെ തിരികെ വരില്ല എന്ന് നന്നായറിയാം. കണക്കുകള്‍ തീരാന്‍ നിരവധിയുണ്ട്. കുടുംബത്തെ കടിച്ചുകീറിയതിന്റെ; പുകച്ച് പുറത്തുചാടിച്ചതിന്റെ; അപമാനത്തിന്റെ പടുകുഴിയില്‍ തള്ളിയതിന്റെ; രാഷ്ട്രീയ വനവാസം കല്‍പ്പിച്ചതിന്റെ; അടുക്കളപ്പുറത്ത് നിര്‍ത്തിയതിന്റെ. അന്നെല്ലാം ആന്റണിയുടെ ചരടും ഉമ്മന്‍ചാണ്ടിയുടെ കൈയിലായിരുന്നു. കരുണാകരനെ ചാരനെന്നും കള്ളനെന്നും വിളിച്ച് ചവിട്ടിത്തേച്ചപ്പോള്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തില്‍ എല്ലാ പ്രതിരോധവും ഇല്ലാതായിപ്പോയി. കോണ്‍ഗ്രസായാല്‍ അഴിമതിയാവാം; കള്ളത്തരവും തട്ടിപ്പുമാവാം. അത് നാട്ടുനടപ്പാണ്. പൊലീസിനെ അരഞ്ഞാണച്ചരടില്‍ കോര്‍ക്കുന്ന പരിപാടിയും കോണ്‍ഗ്രസിന് നിഷിദ്ധമല്ല. കള്ളം പറയുന്നത് ഒരു കോണ്‍ഗ്രസുകാരന്റെ ജന്മാവകാശമാണ്. കരുണാകരന്‍ അതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിന്റെ പാരമ്പര്യം ബാക്കിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി തുടങ്ങിയത് വിമോചന സമരത്തിലാണ്. ബിരുദമെടുത്തത് ഉപജാപത്തിലാണ്. ആ വ്യത്യാസം കാണാതെപോയതാണ് കരുണാകരന് പറ്റിയ അപകടം. തനിക്കും അതിന്റെ കൂലി കിട്ടി. ഇനിയതുണ്ടാകില്ല.
മീനമാസത്തിലെ മഴപോലെയാണ് ചെന്നിത്തലയ്ക്ക് മുരളീധരന്റെ പിന്തുണ. ബാക്കിയുള്ള ഐ ഗ്രൂപ്പിന് ആശ്വാസമായിട്ടുണ്ട്. ഇനി മുരളി കളിക്കും; ചെന്നിത്തല കണ്ടു നില്‍ക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ ഏതാനും സമയത്തെ ചര്‍ച്ച കഴിഞ്ഞപ്പോള്‍ ചെന്നിത്തലയെ ലീഗിന്റെ കരണക്കുറ്റിക്കടിക്കാന്‍ പ്രാപ്തനാക്കിയ മുരളിയുടെ ബുദ്ധിവൈഭവം ചെറുതല്ല. വട്ടിയൂര്‍ക്കാവിലും ഹരിപ്പാട്ടും ലീഗ് വോട്ട് വേണ്ട. ഉമ്മന്‍ചാണ്ടിക്ക് മധ്യകേരളംകടക്കണമെങ്കില്‍ ഊന്നുവടി പാണക്കാട്ടുനിന്ന് എത്തിക്കണം. അത് മുരളിക്കേ അറിയൂ. മുരളി തിരിച്ചെത്തിക്കഴിഞ്ഞു. ഭിക്ഷാംദേഹിയായല്ല-ചെന്നിത്തലയ്ക്ക് ഭിക്ഷ കൊടുക്കുന്നവനായി. എല്ലാ ദിവസവേതനക്കാരും പേടിക്കണം. ചാണ്ടി ഉമ്മന്‍ പാസ്പോര്‍ട്ടുതന്നെ നശിപ്പിച്ച് നല്ല കുട്ടിയായാല്‍ ഒരുപക്ഷേ രക്ഷപ്പെടാം.
സൂക്ഷ്മന്‍ deshabhimani varanthapathipp
No comments:
Post a Comment