Tuesday, December 17, 2013

പോഷകാഹാരക്കുറവ് മൂലം ആദിവാസി കുട്ടികള്‍ മരിച്ചു വീഴുന്ന മണ്ണില്‍ വീണ്ടും പൈതൃകോത്സവ ധൂര്‍ത്ത്

കല്‍പ്പറ്റ: ആദിവാസികുട്ടികള്‍ പോഷകാഹാരകുറവ് മൂലം മരിച്ച് വീഴുന്ന മണ്ണില്‍ സംസ്ഥാന സര്‍കാരിന്റെ പൈതൃകോത്സവ ധൂര്‍ത്ത്. രണ്ട് വര്‍ഷം മുമ്പ് ഗോത്രായനം നടത്തി കോടികള്‍ മുടിച്ച സംഭവത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും ലക്ഷങ്ങള്‍ വെള്ളത്തിലാക്കി പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. പട്ടിക ജാതി പട്ടികവര്‍ഗ വകുപ്പുകള്‍ കിര്‍ത്താഡ്സ്, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 21 മുതല്‍ 29 വരെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൈതൃകോത്സവം നടത്തുന്നത്.സംസ്ഥാനത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അന്യം നിന്ന് പോകുന്ന പൈതൃക കലകളും ഗോത്രകലകളും വംശീയ വൈദ്യം വംശീയ ഭക്ഷണം എന്നിവ സംരക്ഷിക്കുന്നതിനുമാണ് പരിപാടി നടത്തുന്നതന്ന് മന്ത്രി പികെ ജയലക്ഷ്മി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

21ന് വൈകീട്ട് നാല് മണിക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.22 മുതല്‍ ദിവസവും രാവിലെ പത്ത് മണിമുതല്‍ രാത്രി ഒമ്പത് വരെ പ്രദര്‍ശനവും നടക്കും.പട്ടിക വിഭാഗങ്ങളുടെ പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വംശീയ വൈദ്യം വംശീയ ഭക്ഷണം, ആവി കുളി തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാകും. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഉണ്ടാകും. ദിവസവും വൈകീട്ട് നാല് മണി മുതല്‍ പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനറുകള്‍ നടക്കും. 21ന് ഉച്ചക്ക് 12.30ന് മാനന്തവാടി പഴശി കുടീരത്തില്‍ നിന്നും പൈതൃകോത്സവ ഗ്രാമത്തിലേക്കുള്ള ദീപ ശിഖ ഐ സി ബാലകൃഷ്ണന്‍ എം എല്‍എ തെളിയിക്കും. ഉച്ചക്ക് രണ്ടരക്ക് ദീപശിഖ പ്രയാണം കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ എത്തും. തുടര്‍ന്ന് വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്ര വിവിധ നാടന്‍ കലാപരിപാടികളുടെ അകമ്പടിയോടെ തലയ്ക്കല്‍ ചന്തു പൈതൃകോത്സവഗ്രാമത്തില്‍ മൂന്നരയോടെ എത്തും. മന്ത്രി പി കെ അനില്‍കുമാര്‍ ദീപ ശിഖ ഏറ്റുവാങ്ങി തലയ്ക്കല്‍ ചന്തു സ്മൃതി മണ്ഡപത്തില്‍ സ്ഥാപിക്കും.തുടര്‍ന്ന് മന്ത്രി പി കെ ജയലക്ഷ്മി പതാക ഉയര്‍ത്തും. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രദര്‍ശനം മന്ത്രി പി കെ അനില്‍കുമാറും കലാപരിപാടികള്‍ എം ഐ ഷാനവാസ് എം പിയും നിര്‍വഹിക്കും. പട്ടിക ജാതി വിഭാഗത്തിലുള്ള വ്യക്തികള്‍, സൊസൈറ്റികള്‍,തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന തനത് വിവഭവങ്ങളായ പായ, കുട്ട, മുറം, മരത്തവികള്‍, കരകൗശല ഉത്പന്നങ്ങള്‍, അച്ചാര്‍, ജാം .റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍,സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ വൈവിധ്യമേറിയ വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. ഗോത്ര വര്‍ഗ സമുദായങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും വാദ്യോപകരണങ്ങളും കാര്‍ഷികോപകരണങ്ങള്‍, എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. അട്ടപ്പാടി മേഖലയിലെ ഇരുളര്‍, വയനാട്ടിലെ വേട്ടുക്കുറുമര്‍, എന്നീ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വംശീയ ഭക്ഷണം, എന്നിവയും പ്രദര്‍ശനത്തിലുണ്ടാകും. മേള നടക്കുന്ന എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ സാംസ്കാരിക സായാഹ്നവും ആറ് മണി മുതല്‍ ഗോത്രവര്‍ഗ നാടന്‍ കലാമേളയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി രൂപയാണ് പരിപാടിക്ക് ചെലവഴിക്കുന്നത്. ജില്ലയിലെ ആദിവാസികള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ ലക്ഷങ്ങള്‍ പൊടിച്ച് പൈതൃകോത്സവം സംഘടിപ്പിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ആദിവാസികളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ നേട്ടം സംഘാടകരുടേതായിരിക്കും്. വയനാട്ടില്‍ 38000 ആദിവാസികളുടെ ഭൂ പ്രശ്നം പരിഹരിക്കാനുണ്ട്. ഇതില്‍ 8000 ആദിവാസികള്‍ ഒരു സെന്റ് പോലും ഭൂമിയില്ലാത്തവരാണ്.ക്യാന്‍സര്‍, ബീഡി രോഗം തുടങ്ങി മാരകമായ രോഗം ബാധിച്ച നിരവധി പേര്‍ വിവിധ ആദിവാസി കോളനികളിലുണ്ട്. ഇവര്‍ക്ക് ചികിത്സ നല്‍കാനോ മറ്റ് സഹായങ്ങള്‍ നല്‍കാനോ അധികൃതര്‍ നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പോലും ആദിവാസികളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. കിടപ്പാടം പോലുമില്ലാതെ ആദിവാസികള്‍ ദുരിതം പേറുമ്പോള്‍ നടത്തുന്ന പൈതൃകോത്സവ ധൂര്‍ത്തിനെതിരെ ആദിവാസികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട നിരവധി കലാകാരന്മാര്‍ പ്രോത്സാഹനം കിട്ടാതെ വളര്‍ച്ച മുരടിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ സംഘാടനത്തിനായുള്ള പരിപാടിയാണ് പൈതൃകോത്സവം എന്നാണ് ആക്ഷേപം.

deshabhimani

No comments:

Post a Comment