Tuesday, December 17, 2013

റബര്‍ ഉല്‍പ്പന്ന ഇറക്കുമതി നട്ടെല്ലൊടിക്കും

ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാത്തതടക്കം കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യം മൂലമുള്ള റബര്‍ മേഖലയിലെ പ്രതിസന്ധി ചെറുകിട വ്യവസായ മേഖലയിലേക്കും തൊഴില്‍ മേഖലയിലേക്കും നീളുന്നു. 2007ല്‍ രാജ്യം ഒപ്പിട്ട ആസിയന്‍ കരാറിലൂടെ റബര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ജനുവരിയില്‍ പൂജ്യം തീരുവയാകും. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ചെറുകിട റബര്‍ ഉല്‍പ്പന്നങ്ങളും തീരുവ ഇല്ലാതെ രാജ്യത്തേക്ക് ഒഴുകും. ബലൂണ്‍, ഗ്ലൗസ്, കോണ്ടം, റബര്‍ ബാന്‍ഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങളെല്ലാം നിര്‍ബാധം ഇറക്കുമതി ചെയ്യും.

മുമ്പ് പത്തു ശതമാനം തീരുവ അടച്ചായിരുന്നു ഇവ ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതി തീരുവ കിലോയ്ക്ക് വിലയുടെ 20 ശതമാനമാക്കുമെന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്ര്യഖ്യാപനംവന്ന് പത്തു മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. തീരുവ ഉയര്‍ത്തിയാലും ചുരുങ്ങിയത് ആറുമാസത്തേക്ക് റബറിന് വില ഉയരില്ലെന്നാണ് സൂചന. ടയര്‍ വ്യവസായികള്‍ കിലോയ്ക്ക് കേവലം ഇരുപത് രൂപ മാത്രം ഇറക്കുമതി തീരുവ നല്‍കി രണ്ടര ലക്ഷം ടണ്ണോളം റബര്‍ ഗോഡൗണില്‍ ശേഖരിച്ചുകഴിഞ്ഞു. പല ടയര്‍ കമ്പനികള്‍ക്കും മാസങ്ങളോളം ഉല്‍പ്പാദനം നടത്താനുള്ള സ്വാഭാവിക റബര്‍ ഇറക്കുമതി ശേഖരത്തിലുണ്ട്. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാത്തതുമൂലം റബര്‍ കര്‍ഷകര്‍ക്ക് നഷ്ടമായത് ഈ സീസണില്‍ ലഭ്യമാകേണ്ടിയിരുന്ന മികച്ച വിലയാണ്. 2008ല്‍ കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന വില അടുത്ത വര്‍ഷം 247 രൂപ വരെയെത്തി. കഴിഞ്ഞ മൂന്നു വര്‍ഷമമായി വില താഴാന്‍ തുടങ്ങി. ഇപ്പോള്‍ നൂറു രൂപയിലധികം കുറഞ്ഞ് നൂറ്റി നാല്‍പതിലേക്ക് എത്തുന്നു. ഫലത്തില്‍ ഈ സീസണിലെ വരുമാനത്തിന്റെ സിംഹഭാഗവും റബര്‍ കര്‍ഷകര്‍ക്ക് നഷ്മായി. ഏതാണ്ട് നാല്‍പതു ദിവസം കൂടിയെ ഇനി ടാപ്പിങ് നടക്കാനിടയുള്ളൂ. അപ്പോഴേക്കും ഇലകൊഴിഞ്ഞ് പല തോട്ടങ്ങളിലും ഉല്‍പ്പാദനം കുറയും. കാലാവസ്ഥാ വ്യതിയാനം മൂലം പാലിന്റെ അളവില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ കുറവുണ്ട്.

കേന്ദ്രധനമന്ത്രി പി ചിദംബരവും ടയര്‍ വ്യവസായികളും തമ്മിലുള്ള ധാരണയിലാണ് തീരുവ വര്‍ധനയ്ക്ക് തടയിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനും വരുന്ന പാര്‍ലമെന്റ്് തെരഞ്ഞഞ്ഞെടുപ്പിലേക്കുമായി വന്‍ തുക കൈമാറി ഹൈക്കാമന്‍ഡിനെയും വ്യവസായികള്‍ വശത്താക്കിയെന്നാണ് കര്‍ഷകരുടെ ആക്ഷേപം. അസംഘടിത കര്‍ഷകരുടെ ശബ്ദം മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കനത്ത ഉല്‍പ്പാദന സീസണില്‍ തന്നെ റബര്‍ ഇറക്കുതി റെക്കാഡിലേക്കെത്തിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്്. ഡിസംബര്‍ ആദ്യ ആഴ്ച വരെയയുള്ള കണക്കില്‍ 2,40,000 ടണ്‍ റബര്‍ ആണ് രാജ്യത്തേക്ക് ഒഴുകിയത്. വിപണിയില്‍ വേണ്ടത്ര റബര്‍ കിട്ടാനില്ലാതെ വരുമ്പോഴായിരുന്നു മുന്‍ കാലങ്ങളില്‍ ഇറക്കുമതിയെങ്കില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇറക്കുമതി നിര്‍ബാധം നടക്കുകയായിരുന്നു. ഇക്കാര്യങ്ങളുടെ എല്ലാം നിയന്ത്രണം ടയര്‍ ലോബിക്കായതാണ് കാരണം.
(എസ് മനോജ്)

deshabhimani

No comments:

Post a Comment