Tuesday, December 17, 2013

കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് നീക്കം

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് നീക്കം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇതിന് മുന്നോടിയായാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിനെന്ന് പറഞ്ഞ് ബിജെപി നടത്തുന്ന കൂട്ടയോട്ടം കോട്ടയത്ത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇത് ബോധപൂര്‍വ്വമായ നടപടിയാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടാന്‍ പോകുന്ന കനത്ത തിരിച്ചടിയെക്കുറിച്ച് ബോധവാനായ ഉമ്മന്‍ചാണ്ടിയും എഗ്രൂപ്പുകാരും ആര്‍എസ്എസിനെ സമീപിച്ചു. അതിന്റെ ഭാഗമായാണ് കൂട്ടയോട്ടം ചീഫ് വിപ്പ് ഫ്ളാഗ് ഓഫ് ചെയ്തത്. 1991ലെ തെരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ കോ-ലീ-ബി സഖ്യം ഉണ്ടാക്കിയപോലെ കോണ്‍ഗ്രസ്-ബിജെപി സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം.

പ്രതിമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നിന്നും വന്ന സംഘം ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. ഗുജറാത്ത് കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗവണ്‍മെന്റ് തല ചര്‍ച്ചയല്ല ഉമ്മന്‍ചാണ്ടിയുമായി നടത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് ഈ സംഘത്തെ ആനയിച്ച് കൊണ്ടുനടന്നത്. പ്രതിമനിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്ന് എത്ര രൂപ കൊടുക്കാന്‍ തീരുമാനിച്ചു എന്നകാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിമനിര്‍മ്മാണവുമയി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ ഗുജറാത്ത് സംഘത്തിന് ടൂറിസം വകുപ്പ് ഒരുക്കിയ വിരുന്നില്‍ ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി പറഞ്ഞയച്ചു. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും നടപടി കോണ്‍ഗ്രസ് നിലപാടാണോ എന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണം.

സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ആര്‍എസ്എസിന് ഒരു ബന്ധവുമില്ല. നാട്ടുരാജ്യങ്ങളെ ഇന്ത്യ യൂണിയനില്‍ ലയിപ്പിക്കാന്‍ പട്ടേല്‍ ശ്രമിച്ചപ്പോള്‍ നാട്ടുരാജാക്കന്‍മാരുടെ കൂടെയായിരുന്നു ആര്‍എസ്എസ്. ഇന്ത്യ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച കാശ്മീര്‍ രാജാവിന്റെ കൂടെ നിന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ 48 മണിക്കൂറിനകം ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ പറഞ്ഞത്. ആര്‍എസ്എസിന് പട്ടേലുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയ്ക്കെതിരെ നിലപാടെടുത്ത നേതാവായിരുന്നു പട്ടേല്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് നരേന്ദ്ര മോഡി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയത്. പട്ടേലിനെ കോണ്‍ഗ്രസ് മറന്നതിനാല്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നു എന്ന പ്രചരണത്തിലൂടെ ജനങ്ങളെ ഉത്തേജിപ്പിച്ച് കൂടെ നിര്‍ത്താനാണ് മോഡിയുടെ ശ്രമം.

മറ്റൊരു സംസ്ഥാനത്തും കൂട്ടയോട്ട പരിപാടിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളോ കോണ്‍ഗ്രസ് മുന്നണിയിലെ പ്രതിനിധികളോ പങ്കെടുത്തിട്ടില്ല. എന്നാല്‍ കൂട്ടയോട്ട പരിപാടിയില്‍ പങ്കെടുത്ത ചീഫ് വിപ്പിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി മടിച്ചുനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയ്ക്കും ഇതില്‍ പങ്കുള്ളതുകൊണ്ടാണ്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നേരത്തെ ഗുജറാത്തില്‍ പോയി മോഡിയെ പ്രശംസിച്ചതാണ്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ എംഎല്‍എയും മുസ്ലീം ലീഗിന്റെ അഴീക്കോട് എംഎല്‍എയും മോഡിയെ പ്രശംസിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ യുഡിഎഫിനോ കഴിഞ്ഞിട്ടില്ല.

ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളി രഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാനുള്ള കരുത്ത് യുഡിഎഫിനില്ല. കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത ബിജെപി കോണ്‍ഗ്രസിന്റെ കൂട്ടുകൂടി ഒന്നോ രണ്ടോ സീറ്റില്‍ ജയിക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മുന്നില്‍ കണ്ട് ബിജെപിയെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു.

ചൊവ്വാഴ്ച കണ്ണൂരില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയോടെ 14 ജില്ലകളിലേയും ജനസമ്പര്‍ക്ക പരിപാടി അവസാനിക്കുകയാണ്. 13 ജില്ലകളിലായി 17 കോടി 81 ലക്ഷം രൂപയുടെ സഹായമാണ് വിതരണം ചെയ്തതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രണ്ട് ലക്ഷത്തി പതിനാറായിരത്തിലധികം പരാതി ലഭിച്ചതില്‍ കൂടുതലും എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കണമെന്ന പരാതിയാണ്. അതിനാല്‍ രണ്ട് തരം കാര്‍ഡ് സംവിധാനം വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ 24.5 കോടി രൂപ വിതരണം ചെയ്തെന്നും പരിപാടി സംഘടിപ്പിക്കാന്‍ അഞ്ചരക്കോടി രൂപയോളം ചെലവ് വന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാന്‍ എത്ര കോടി ചെലവായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിട്ടും പരാതി പരിഹരിക്കപ്പെടാത്തതിന്റെ മനോവിഷമത്തില്‍ കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ ധനസഹായം നല്‍കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട്പിടിക്കാനുള്ള ഒരു പരിപാടി മാത്രമാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment