Wednesday, September 16, 2020

അറുപത്‌ ദിവസം കഴിഞ്ഞിട്ടും കസ്‌റ്റംസ്‌ കുറ്റപത്രം നൽകിയില്ല; റമീസിന്‌ ജാമ്യം ലഭിച്ചത്‌ അനധികൃത ഇടപെടലിൽ

 കൊച്ചി > സ്വർണക്കടത്ത്‌ കേസിൽ പ്രധാനി (കിങ് പിൻ) എന്ന്‌ അന്വേഷണ ഏജൻസികൾ ആവർത്തിച്ച്‌ വ്യക്തമാക്കിയ അഞ്ചാംപ്രതി കെ ടി റമീസിന്‌ ജാമ്യം ലഭിച്ചത്‌ കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ. അറസ്‌റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ കസ്‌റ്റംസിന്‌ കഴിയാത്തതാണ്‌ ജാമ്യം കിട്ടാൻ കാരണം. ആദ്യഘട്ടത്തിൽ അതിവേഗം അന്വേഷണം മുന്നോട്ടുനീക്കിയ കസ്‌റ്റംസിൽ അടിക്കടിയുണ്ടായ അഴിച്ചുപണിയും അനധികൃത ഇടപെടലുമാണ്‌ കുറ്റപത്രം വൈകിപ്പിച്ചത്‌.

കേസിൽ ആദ്യം പിടിയിലായ സരിത്തും സ്വപ്‌ന സുരേഷും സന്ദീപ്‌ നായരും നൽകിയ മൊഴിയിലൂടെയാണ്‌ കസ്‌റ്റംസിന്‌ പെരിന്തൽമണ്ണ സ്വദേശി റമീസിനെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്‌. കുറ്റവാളികൾ ഉൾപ്പെട്ട വലിയ സംഘം എപ്പോഴും റമീസിനൊപ്പം ഉണ്ടായിരുന്നെന്നും കള്ളക്കടത്ത്‌ ആസൂത്രണം ചെയ്യാനും നയതന്ത്ര ബാഗേജിൽ എത്തുന്ന സ്വർണം  ആവശ്യക്കാർക്ക്‌ കൈമാറാനും നേതൃത്വം നൽകിയത്‌ റമീസാണെന്നുമാണ്‌ മറ്റു പ്രതികൾ മൊഴിനൽകിയത്‌. വിദേശത്തും ഇയാൾക്ക്‌ അധോലോകബന്ധങ്ങൾ ഉള്ളതായും മറ്റു പ്രതികൾ പറഞ്ഞു.

ലോക്ക്‌ഡൗൺ മുതലാക്കി കൂടുതൽ സ്വർണം എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും റമീസാണെന്ന്‌ മറ്റു പ്രതികൾ മൊഴിനൽകി. തുടർന്ന്‌ ജൂലൈ 12നാണ്‌ കസ്‌റ്റംസ്‌ റമീസിനെ അറസ്‌റ്റ് ചെയ്‌തത്‌. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്‌ റമീസാണെന്ന്‌ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു. കസ്‌റ്റംസ്‌ സ്വർണം പിടികൂടുമ്പോൾ റമീസ്‌ തിരുവനന്തപുരത്തുണ്ടായിരുന്നു. സരിത്തും സ്വപ്‌നയും സന്ദീപ്‌ നായരുമായി കൂടിക്കാഴ്‌ച നടത്തി ബാഗേജ്‌ വിട്ടുകിട്ടാനുള്ള നീക്കങ്ങൾ നടത്തിയത്‌ റമീസാണ്‌. എൻഐഎ കേസെടുത്തതിനെ തുടർന്ന്‌ ജൂലൈ 27ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി.

തുടർന്ന്‌ അവർ കസ്‌റ്റഡിയിൽ ചോദ്യംചെയ്‌തശേഷം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കള്ളക്കടത്ത്‌  കേസിലെ പ്രധാനിയെന്നാണ്‌ റമീസിനെ വിശേഷിപ്പിച്ചത്‌. 2015ൽ കോഴിക്കോട്‌ വിമാനത്താവളത്തിലൂടെ 17 കിലോ സ്വർണം കടത്തിയതുൾപ്പെടെ വേറെയും നിരവധി കേസുകളിൽ പ്രതിയാണ്‌ റമീസ്‌. 2014ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 3.5 കിലോ സ്വർണവുമായും പിടിയിലായി. തോക്ക്‌ ഉപയോഗിച്ച്‌ വന്യമൃഗങ്ങളെ വേട്ടയാടിയതിന്‌ കഴിഞ്ഞവർഷം വാളയാർ വനംവകുപ്പിന്റെ കേസിലും പ്രതിയാണ്‌.

സ്വർണക്കടത്ത്‌ കേസിലെ അന്വേഷണം അതിവേഗം പൂർത്തിയാകുന്നതിന്റെ സൂചനകളാണ്‌ ആദ്യഘട്ടത്തിൽ കസ്‌റ്റംസ്‌ നൽകിയിരുന്നത്‌. വിദേശത്തുള്ള പ്രതികളെക്കൂടി ചോദ്യംചെയ്‌താൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും കസ്‌റ്റംസ്‌ അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നൽകിയ ജോയിന്റ്‌ കമീഷണറെ അകാരണമായി നാഗ്‌പുരിലേക്ക്‌ സ്ഥലംമാറ്റിയത്‌.

തുടർന്ന്‌ അന്വേഷണസംഘത്തിലെ രണ്ട്‌ സൂപ്രണ്ടുമാർ ഉൾപ്പെടെ പ്രിവന്റീവ്‌ വിഭാഗത്തിലെ എട്ടുപേരെ സ്ഥലംമാറ്റി. ഏറ്റവും ഒടുവിൽ അസിസ്‌റ്റന്റ്‌ കമീഷണറെ മറ്റൊരു വിഭാഗത്തിലേക്കും മാറ്റിനിയോഗിച്ചു. ജോയിന്റ്‌ കമീഷണറുടെ സ്ഥലംമാറ്റത്തോടെതന്നെ അതൃപ്‌തിയിലായിരുന്നു കസ്‌റ്റംസ്‌ സംഘം. സ്വപ്‌നയുടെ മൊഴി ചോർന്നതിന്റെ പേരിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്‌തതോടെ അന്വേഷണസംഘം കടുത്തസമ്മർദത്തിലായി. അന്വേഷണസംഘത്തിലെ പ്രധാനികൾ പലരും ഇപ്പോഴും സ്ഥലംമാറ്റ ഭീഷണിയിലാണെന്നത്‌ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്‌.

സ്വർണക്കടത്ത്‌ കേസിൽ കെ ടി റമീസിന്‌ ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊച്ചി > തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ കെ ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, സ്വർണക്കടത്തിൽ എന്‍ഐഎ കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.

കസ്റ്റംസ് കേസുകളിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഇത് പരിഗണിച്ചാണ് കോടതി റമീസിന് ജാമ്യം നൽകിയതെന്നാണ് വിവരം.

മുസ്ലീംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ചാക്കീരി അഹമ്മദ്‌ കുട്ടിയുടെ കൊച്ചു മകനുമാണ്‌ റമീസ്‌. രാജ്യത്തിനകത്തും പുറത്തും റമീസിനുപിന്നിൽ വൻ സംഘമുണ്ട്‌.

No comments:

Post a Comment