അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി അധഃപതിച്ച പി ജെ ജോസഫിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ നടപടിയിലൂടെ രാഷ്ട്രീയസദാചാരമാണ് ഇടതുപക്ഷ മുന്നണി ഉയര്‍ത്തിപ്പിടിച്ചത്. നാലുവര്‍ഷം അധികാരത്തിന്റെ ഭാഗമായിരുന്ന ജോസഫ് കേരളകോണ്‍ഗ്രസ് മുന്നണിയിലിരുന്നുതന്നെയാണ് തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി യുഡിഎഫുമായി ചര്‍ച്ച നടത്തി അതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്. മാന്യതയുള്ള ഒരാള്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയല്ല അത്. ഒരു തരത്തിലുള്ള രാഷ്ട്രീയ, ആശയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒന്നുംതന്നെ ഇപ്പോഴത്തെ തീരുമാനത്തിനു പുറകിലില്ല. മുന്നണിക്കകത്തിരുന്ന് തൊരപ്പന്‍പണി ചെയ്യുന്നതിനു പ്രേരിപ്പിച്ച കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അത്തരക്കാരെ കൈക്കില കൂടാതെ എടുത്തുകളഞ്ഞ് ചാണകം തളിച്ച് ശുദ്ധീകരിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കം വര്‍ധിച്ചു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാരിന് കളങ്കമുണ്ടാക്കി രാജിവയ്ക്കേണ്ടിവന്ന രണ്ടു മന്ത്രിമാരും ഈ പാര്‍ടിയില്‍നിന്നായിരുന്നു. വിമാനത്തില്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി വന്നപ്പോള്‍ ജോസഫിനു രാജിവയ്ക്കേണ്ടിവന്നു. അതിനുശേഷം കുരുവിള മന്ത്രിയായി. അദ്ദേഹത്തിനെതിരെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. അപ്പോഴെല്ലാം ആ പാര്‍ടിയെ മുന്നണിയില്‍ നിലനിര്‍ത്തി എല്ലാ ആരോപണങ്ങളെയും നേരിട്ട മുന്നണിയോട് വഞ്ചന കാണിച്ച യൂദാസുകളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.
ന്യൂനപക്ഷ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ നിലപാട് എടുത്തതെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. സമ്പന്ന ന്യൂനപക്ഷ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്ന ഒരു വിഭാഗം മതമേധാവികളുടെ താളത്തിനൊത്ത് തുള്ളുകയാണ് ജോസഫും കുട്ടരും. ജോസഫ് മന്ത്രിയായിരിക്കുമ്പോഴാണ് ഇപ്പോള്‍ കുറ്റം പറയുന്ന സ്വാശ്രയമേഖലയിലെ നിയമം പാസാക്കുന്നത്. അന്നു രാജിവച്ചിരുന്നെങ്കില്‍ ആളുകള്‍ ന്യൂനപക്ഷപ്രേമം തിരിച്ചറിഞ്ഞേനെ! അതിനുശേഷം കേരളത്തിലെ പുഴകളിലൂടെ എത്ര വെള്ളം ഒഴുകിപ്പോയി. ന്യൂനപക്ഷസമുദായം നടത്തുന്നതുള്‍പ്പെടെയുള്ള സ്വാശ്രയകോളേജുകള്‍ ഒരു കുഴപ്പവുമില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിമാനാപവാദക്കേസില്‍പ്പെട്ട് പുറത്തുപോയി തിരിച്ചുവന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍പോലും ജോസഫിന് ഒരു ന്യൂനപക്ഷ വികാരം ഉണ്ടായിരുന്നില്ല. അന്നില്ലാത്ത ഒരു പുതിയ സാഹചര്യവും ഇപ്പോഴില്ല. ജോസഫ് എല്‍ഡിഎഫിലേക്ക് വന്നപ്പോഴുള്ള സ്ഥിതിയും കേരളീയര്‍ മറന്നിട്ടില്ല. ഒറ്റയ്ക്ക് ബലപരീക്ഷണം നടത്തി പാര്‍ലമെന്റ് മോഹം അവസാനിച്ച് അലഞ്ഞ് ഇടതുമുന്നണിയുടെ വാതില്‍ക്കല്‍ മുട്ടി. പള്ളിമേധാവികളുടെ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയെ തള്ളിപ്പറഞ്ഞ് വന്നാല്‍ പരിഗണിക്കാമെന്ന് ഇ എം എസ് പറഞ്ഞപ്പോള്‍ പള്ളിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് തങ്ങളുടെ പാര്‍ടി എന്ന ധാരണ കളയത്തക്കവിധം പള്ളി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ജോസഫും കൂട്ടരും അന്നു പ്രമേയം പാസാക്കി. 'ദൈവത്തിനുള്ളത് ദൈവത്തിന്, രാജാവിനുള്ളത് രാജാവിന്' എന്ന സുപ്രസിദ്ധ ബൈബിള്‍ വാചകം ഉദ്ധരിച്ചുകൊണ്ട് പള്ളിമേധാവികള്‍ ആത്മീയകാര്യങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ പാര്‍ടികള്‍ക്ക് വിടണമെന്നു പ്രഖ്യാപിച്ച ജോസഫ് അതു മറന്നെങ്കിലും അതു മറക്കാത്തവരാണ് ഭൂരിപക്ഷം മലയാളികളും.
മതവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുംവിധം വിവാദം സൃഷ്ടിക്കുകയും അതിന്റെ പേരില്‍ ചിലര്‍ പുതിയ ബാന്ധവം തേടുകയും ചെയ്തപ്പോഴും ജോസഫിന് ഒരു ചാഞ്ചാട്ടവും ഉണ്ടായില്ല. ഇതെല്ലാം സജീവമായി നില്‍ക്കുമ്പോള്‍ മുന്നണിയില്‍നിന്നുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുംചെയ്തു.
യഥാര്‍ഥത്തില്‍ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷമായ കുടിയേറ്റ കര്‍ഷകരുടെ ജീവിതത്തിനു പുതിയ വെളിച്ചം നല്‍കി കര്‍ഷകരുടെ കടം എഴുതിത്തള്ളിയതാണോ ന്യൂനപക്ഷ വിരുദ്ധം? ലത്തീന്‍ കര്‍ഷകരില്‍ നല്ലൊരു വിഭാഗം ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന മത്സ്യമേഖലയിലും കടം എഴുതിത്തള്ളിയതാണോ കുറ്റം. പ്ളസ് ടു മേഖലയില്‍ ഈ വിഭാഗത്തിന് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയതാണോ കുറ്റം? ഇങ്ങനെ എണ്ണിയെണ്ണി പറയാവുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍, സമുദായത്തിന്റെ പേരു പറഞ്ഞ് കച്ചവടം നടത്തുന്ന വന്‍കിട ശക്തികളുടെ താളത്തിനൊത്ത് തുള്ളാന്‍ ഇടതുമുന്നണിയെ കിട്ടില്ല. രാഷ്ട്രീയത്തില്‍ ഇടപെടുന്ന, തങ്ങള്‍ പറയുന്നത് അനുസരിക്കുന്നവരെമാത്രമേ നാട് ഭരിക്കാന്‍ അനുവദിക്കുകയുള്ളെന്ന് ധിക്കാരത്തോടെ പള്ളിമേടകളിലിരുന്ന് അട്ടഹസിക്കുന്ന, ഒരു വിഭാഗം മതമേധാവികളുടെ താളത്തിനൊത്ത് തുള്ളാന്‍ എല്‍ഡിഎഫിനെ കിട്ടില്ല. യഥാര്‍ഥ വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ ഈ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കാറുമില്ല.
കേരളം ഏതെങ്കിലും ചില വിഭാഗങ്ങള്‍മാത്രം ജീവിക്കുന്ന നാടല്ല. എല്ലാ വിഭാഗങ്ങളുടെയും ന്യായമായ താല്‍പ്പര്യം സംരക്ഷിക്കാന്‍ മുന്നണി പ്രതിജ്ഞാബദ്ധമാണ്. ആസിയന്‍ കരാറിലൂടെ കാര്‍ഷിക വിളകളുടെ വിലയിടിക്കുകയും പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്രഭരണം നയിക്കുന്ന പാര്‍ടിയുടെ കൂടാരത്തില്‍ അഭയം തേടി ഏതു കര്‍ഷക താല്‍പ്പര്യമാണ് ജോസഫ് സംരക്ഷിക്കുന്നതെന്ന് ആ പാര്‍ടിയുടെ യഥാര്‍ഥ പ്രവര്‍ത്തകര്‍ തിരിച്ചറിയും. യുഡിഎഫ് ഭരിക്കുമ്പോള്‍ പള്ളിമേടയില്‍ കയറി പുരോഹിതന്മാരെവരെ തല്ലിച്ചതച്ചപ്പോഴുണ്ടായ വികാരം ജോസഫ് മറന്നുപോയിട്ടുണ്ടാകുമെങ്കിലും കൂടെയുള്ള കുരുവിള മറന്നിട്ടുണ്ടാവില്ല. അന്ന് അതെല്ലാം കണ്ട് ആഹ്ളാദിച്ചവരുടെ കൂടെയുള്ള സഹവാസം കൊള്ളാം. ജോസഫും ഒരു സംഘവും പുറത്തുപോയതോടെ മുന്നണിക്ക് ഒരു ക്ഷീണവുമില്ല. ഇത്തരം ചിലരുടെ സാന്നിധ്യംകൊണ്ട് മുന്നണിയോട് അടുക്കാന്‍ തയ്യാറാകാതിരുന്ന ജനവിഭാഗങ്ങള്‍കൂടി എല്‍ഡിഎഫിനോട് അടുക്കുന്നതിന് ഇത് സഹായകരമായിരിക്കും. രാഷ്ട്രീയ വഞ്ചകരുടെ തനിനിറം കൂടുതല്‍ തിരിച്ചറിയാന്‍ ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും.
(ദേശാഭിമാനി മുഖപ്രസംഗം 01052010)
ലയനം: ക്ഷീണം യുഡിഎഫിന്
ജോസഫ്-മാണി ലയനം കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുകയോ യുഡിഎഫിനെ ശക്തിപ്പെടുത്തുകയോ ചെയ്യില്ല. വരും തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റുവിതയ്ക്കാന്‍ ഇതൊരു ഘടകമായി വളരും. രണ്ടു മുന്നണി മുഖാമുഖം നേരിടുന്ന സംസ്ഥാനത്ത് ലയനം യുഡിഎഫിന് ബാധ്യതയും വിനയും പൊട്ടിത്തെറിയുമായി. അതാണ് ലയനത്തോടു രൂക്ഷമായ എതിര്‍പ്പുമായി കെപിസിസി നേതൃയോഗം രംഗത്തുവന്നതില്‍ തെളിഞ്ഞത്. അടുത്തകാലത്തൊന്നും ഇത്രമാത്രം യോജിപ്പ് കോണ്‍ഗ്രസില്‍ ഒരു വിഷയത്തില്‍ ഉണ്ടായിട്ടില്ല. ഘടക കക്ഷികള്‍ക്കും ലയനത്തോട് എതിര്‍പ്പാണ്. എന്നാല്‍, അണികളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം തണുപ്പിച്ചശേഷം ലയനത്തിന് സമ്മതംമൂളുന്ന തന്ത്രം കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചുകൂടെന്നില്ല. കൂടുതല്‍ നിയമസഭാ സീറ്റ് നല്‍കില്ലെന്ന ഉപാധിയും വയ്ക്കാം. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ഉമ്മന്‍ചാണ്ടി മാണിയെ അറിയിച്ചെങ്കിലും മാണി നിലപാടു മാറ്റാന്‍ സാധ്യതയില്ല. യുഡിഎഫിനെ അറിയിച്ചശേഷം ലയനതീയതി നിശ്ചയിച്ചേക്കും.
കേരള കോണ്‍ഗ്രസിന് പിളര്‍പ്പും ലയനവും പുത്തരിയല്ല. എന്നാല്‍, ഇതുപോല കുഴഞ്ഞ ലയനപ്രഖ്യാപനം ഉണ്ടായിട്ടില്ല. 21 വര്‍ഷം മുമ്പാണ് ജോസഫിന്റെ പാര്‍ടി യുഡിഎഫ് വിട്ടത്. മൂവാറ്റുപുഴ ലോക്സഭാ സീറ്റ് ജോസഫിന്റെ പാര്‍ടിയില്‍ നിന്നെടുത്ത് മാണിഗ്രൂപ്പിന് കെ കരുണാകരന്‍ നല്‍കിയതിനെ തുടര്‍ന്ന് 1989 ഒക്ടോബര്‍ 31നായിരുന്നു അത്. 'പള്ളിയുടെയും പട്ടക്കാരുടെയും പാര്‍ടി എന്ന പേരുദോഷം മാറ്റി കര്‍ഷകരുടെയും മതനിരപേക്ഷ വാദികളുടെയും പാര്‍ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ജോസഫിനോട് അന്ന് ഇ എം എസ് അഭ്യര്‍ഥിച്ചു. ആ പാതയിലൂടെ ജോസഫിന്റെ പാര്‍ടി വരികയും എല്‍ഡിഎഫ് സഹകരിക്കുകയും പിന്നീട് ഘടക കക്ഷിയാക്കുകയും ചെയ്തു. എന്നാല്‍, ഇന്ന് ആ പ്രതിച്ഛായ നഷ്ടപ്പെടുത്തിയാണ് ജോസഫ് യുഡിഎഫ് പാളയത്തില്‍ ചേക്കേറുന്നത്. ജോസഫിന്റെയും മാണിയുടെയും പാര്‍ടികളുടെ സംസ്ഥാന കമ്മിറ്റികള്‍ പോലും അറിയാതെയാണ് ലയനതീരുമാനം നേരത്തെ കൈക്കൊണ്ടത്. ചില മതമേലധ്യക്ഷന്മാരുടെ ആശീര്‍വാദവും നേതൃത്വവും ഇതിനുണ്ട്.
കേരള കോണ്‍ഗ്രസും മുസ്ളിം ലീഗും ഇല്ലാതെ കേരളത്തില്‍ ഭരണമില്ലെന്ന അഹങ്കാര സിദ്ധാന്തത്തെ കേരളം 1987ല്‍ നിരാകരിച്ചിരുന്നു. അതിന്റെ പുതിയ രൂപത്തിലേക്കാണ് കേരള രാഷ്ട്രീയം പോകുന്നത്. ന്യൂനപക്ഷങ്ങളുമായി സിപിഐ എമ്മിനു ബന്ധപ്പെടാനുള്ള നൂല്‍പ്പാലം എന്നാണ് ജോസഫിന്റെ പാര്‍ടിയെ രണ്ടു പതിറ്റാണ്ടുമുമ്പ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. ആ കാലം കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലും സഭാവിശ്വാസികളിലും നല്ലൊരു പങ്കിന് സിപിഐ എമ്മിനോട് സൌഹൃദമുണ്ട്. ജോസഫിനെയും കൂട്ടരെയും സ്വന്തം പാര്‍ടിയില്‍ ചേര്‍ക്കുന്നതിലൂടെ മാണി യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്യാനുള്ള ദൌത്യത്തിലാണ്. രാജ്യസഭാ സീറ്റ്, കേന്ദ്രമന്ത്രിസ്ഥാനം തുടങ്ങിയവ നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വരച്ചവരയില്‍ കൊണ്ടുവരിക എന്ന ആഗ്രഹമാണ്. അത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. നിലവിലുള്ള പാര്‍ടിയിലും എല്‍ഡിഎഫിലും തുടരാനുള്ള സുരേന്ദ്രന്‍പിള്ള എംഎല്‍എയുടെ തീരുമാനം കൂറുമാറ്റ നിരോധന നിയമത്തിന് എതിരല്ല. നാല് എംഎല്‍എമാരില്‍ മൂന്നുപേര്‍ യുഡിഎഫിലേക്ക് പോകുമെങ്കിലും ലയനത്തെ അംഗീകരിക്കാത്ത ന്യൂനപക്ഷത്തിന് സ്വന്തം പാര്‍ടിയില്‍ തുടരാന്‍ നിയമം അനുവദിക്കുന്നു.
(ആര്‍ എസ് ബാബു)
ദേശാഭിമാനി 01052010
അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി അധഃപതിച്ച പി ജെ ജോസഫിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ നടപടിയിലൂടെ രാഷ്ട്രീയസദാചാരമാണ് ഇടതുപക്ഷ മുന്നണി ഉയര്‍ത്തിപ്പിടിച്ചത്.
ReplyDeleteഎല്ലാവര്‍ക്കും മേയ് ദിന ആശംസകള്‍.