Wednesday, October 6, 2010

ഭക്ഷ്യസുരക്ഷ: എഫ് എ ഒയുടെ മുന്നറിയിപ്പ്

ആഗോളതലത്തില്‍ ഭക്ഷ്യരംഗത്ത് സ്ഥിതി മോശമായിവരികയണെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ് എ ഒ) മുന്നറിയിപ്പു നല്‍കുന്നത്. കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടായതല്ല, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതെന്നും എഫ് എ ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണം. ഊഹക്കച്ചവടവും കരിഞ്ചന്തയും വഴി ഭക്ഷ്യധാന്യങ്ങളുടെ വില കമ്പോളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് നിയന്ത്രിക്കാനും ആവശ്യക്കാര്‍ക്കെല്ലാം ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികളെടുത്തില്ലെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഇല്ലാതാകും.

ഭക്ഷ്യസുരക്ഷയെകുറിച്ച് എഫ് എ ഒ ചൂണ്ടിക്കാണിച്ചതെല്ലാം ശരിവെയ്ക്കുന്നതാണ് ഇന്ത്യയുടെ അനുഭവം. ഇന്ത്യയില്‍ ഭക്ഷ്യവിലവര്‍ധന കഴിഞ്ഞ ആഴ്ച 16.44 ശതമാനമായി ഉയര്‍ന്നുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ചില്ലറ വില്‍പനവിലയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യവിലവര്‍ധന ഇതിലും കൂടുതലാണ്. നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിലക്കയറ്റത്തിനു കാരണമായത് കാലവര്‍ഷം ചതിച്ചതിനെ തുടര്‍ന്നു ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറഞ്ഞതാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇത്തവണ ആ സ്ഥിതിയാകെ മാറിയിരിക്കുന്നു. കാലവര്‍ഷം മെച്ചപ്പെട്ടു. അരിയുടെയും ഗോതമ്പിന്റെയും മറ്റു ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനം ഗണ്യമായി കൂടി. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ച ഗോതമ്പും അരിയും സൂക്ഷിച്ചുവെയ്ക്കാന്‍ ഫുഡ് കോര്‍പ്പറേഷനു കഴിയുന്നില്ല. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞു നശിക്കുന്നു.

ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് ലഭ്യമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

അതേസമയം അമ്പതു ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. അതിന്റെ അര്‍ഥം മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ് ജനസംഖ്യയില്‍ പകുതിയോളമെന്നാണ്. കമ്പോളത്തില്‍ അരിയും ഗോതമ്പുമുണ്ടെങ്കിലും അതു വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തവരാണിവര്‍. അവര്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. എഫ് എ ഒ ചൂണ്ടിക്കാണിക്കുന്നതും ഇതാണ്.

ആവശ്യക്കാര്‍ക്കെല്ലാം ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതകളെല്ലാം ഇന്ന് ഇന്ത്യയിലുണ്ട്. ആവശ്യമായത്ര ഭക്ഷ്യധാന്യമുണ്ട്. കുറഞ്ഞ വിലയ്ക്ക് അതു ജനങ്ങള്‍ക്ക് വിതരണം ചെയ്യാനാവശ്യമായ സാമ്പത്തികശേഷിയും രാജ്യത്തിനുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് 850 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന അമ്പതു ശതമാനത്തോളം പേര്‍ക്ക് നല്‍കാനാവശ്യമായി വരുന്നത്. റേഷന്‍ വിലയ്ക്ക് ഇതു നല്‍കാന്‍ വേണ്ടിവരുന്ന അധിക ചെലവ് എഴുപതിനായിരം കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ വ്യവസായികള്‍ക്ക് നികുതി ഇളവുനല്‍കാന്‍ മാറ്റിവെച്ചത് 65,000 കോടി രൂപയാണ്.

വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകളിലും സൗജന്യങ്ങളിലും കുറവുവരുത്തി പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര യു പി എ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനില്ല എന്ന് അനുഭവം തെളിയിക്കുന്നു.
സാമ്പത്തിക വളര്‍ച്ചയുണ്ടായാല്‍, അതിന്റെ നേട്ടം അരിച്ചിറങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ വരെ എത്തുമെന്നും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും എല്ലാം താനെ പരിഹരിക്കപ്പെടുമെന്നുമാണ് യു പി എ നേതൃത്വത്തിന്റെ സിദ്ധാന്തം. ഓഹരി വിലയെയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചികയായി ഭരണാധികാരികള്‍ കരുതുന്നത്. ബോംബെ ഓഹരി സൂചിക ഇരുപതിനായിരം പോയിന്റ് കടന്നപ്പോള്‍, അത് ഇന്ത്യയുടെ കുതിച്ചുകയറ്റമായി അവര്‍ വിശേഷിപ്പിച്ചു. ഉപഭോക്തൃ വിലസൂചികയിലെ വര്‍ധനവും ഭക്ഷ്യവിലവര്‍ധനവുമൊന്നും അവര്‍ കാണുന്നില്ല. അതൊന്നും അവരെ അലട്ടുന്ന പ്രശ്‌നവുമല്ല.

യു പി എയെയും അതിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷയും വിലക്കയറ്റം തടയലുമെല്ലാം വാഗ്ദാനങ്ങളിലും പ്രചരണങ്ങളിലും ഒതുങ്ങുന്നവയാണ്. എഫ് എ ഒ ചൂണ്ടിക്കാണിക്കുന്ന അപകടങ്ങള്‍ ഗൗരവമായി കാണാന്‍ യു പി എ നേതൃത്വം തയ്യാറല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.

ജനയുഗം മുഖപ്രസംഗം 06102010

1 comment:

  1. വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകളിലും സൗജന്യങ്ങളിലും കുറവുവരുത്തി പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര യു പി എ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനില്ല എന്ന് അനുഭവം തെളിയിക്കുന്നു.

    ReplyDelete