Sunday, November 21, 2010

മീന്‍ കുറഞ്ഞു; പലതും അപ്രത്യക്ഷമായി

ഞായറാഴ്ച ലോകം വീണ്ടുമൊരു മത്സ്യത്തൊഴിലാളിദിനം ആചരിക്കുമ്പോള്‍ അമിത ചൂഷണവും അശാസ്ത്രീയ മീന്‍പിടുത്തവും കേരളതീരത്ത് ആശങ്കയേറ്റുന്നു. കാലാവസ്ഥാവ്യതിയാനം സമുദ്രത്തിന്റെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റവും മത്സ്യങ്ങളുടെ വന്‍തോതിലുള്ള വംശനാശഭീഷണിക്കു വഴിയൊരുക്കുന്നുണ്ട്. എണ്‍പതുകളില്‍ ഒരാള്‍ക്ക് മീന്‍പിടിക്കാന്‍ കടലില്‍ 16 ഏക്കര്‍ സ്ഥലം ലഭിച്ചിരുന്നെങ്കില്‍ മത്സ്യബന്ധന ഉരുക്കളുടെയും വള്ളങ്ങളുടെയും വര്‍ധനമൂലം ഇപ്പോഴിത് നാലിലൊന്നായി ചുരുങ്ങി. മീന്‍പിടുത്തച്ചെലവ് മൂന്നിരട്ടി വര്‍ധിച്ചു. എന്നാല്‍, ആളോഹരി ഉല്‍പാദനം നാലിലൊന്നായി ചുരുങ്ങിയതായി സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവ് ഡോ. ബി മധുസൂദനക്കുറുപ്പ് പറഞ്ഞു.

നേരത്തെ ഇന്ത്യയിലെ 80 ശതമാനത്തോളം നെയ്ചാള കേരളത്തിന്റെ സമ്പത്തായിരുന്നെങ്കില്‍ ഇപ്പോഴവ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് ഭാഗങ്ങളിലേക്കു വഴിമാറി. തീരക്കടലില്‍ ലഭിച്ച അയലയാകട്ടെ ഉള്‍ക്കടലിലെത്തി. പല ഇനങ്ങളും വംശനാശഭീഷണി നേരിടുന്നതായി കേന്ദ്ര സമുദ്രോല്‍പ്പന്ന ഗവേഷണകേന്ദ്രത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണക്ക് വ്യക്തമാക്കുന്നു. വര്‍ഷത്തില്‍ 10,000 ടവരെ ലഭിച്ചിരുന്ന ഏട്ട 500 ടണ്ണായി കുറഞ്ഞു. ആയിരംപല്ലി 2000 ടണ്ണില്‍നിന്ന് 200ആയും ആവോലി 5000ല്‍നിന്ന് 1000 ടണ്ണായും ഇടിഞ്ഞു. മുള്ളന്‍ 2000ല്‍നിന്ന് 500ആയും സ്രാവ്, തെരണ്ടി തുടങ്ങിയവ 10,000ത്തില്‍നിന്ന് 2000 ടണ്ണായും കുറഞ്ഞതായാണ് കണക്ക്.

സംസ്ഥാനത്ത് അനുവദിക്കാവുന്ന ട്രോളറുകള്‍ 2940 മാത്രമാണെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച മധുസൂദനക്കുറുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇപ്പോള്‍ മൂവായിരത്തെണ്ണൂറോളം ട്രോളറുണ്ട്. റിങ്വല ഉപയോഗിക്കുന്ന ബോട്ടുകള്‍ മൂവായിരത്തോളമുണ്ട്. അനുവദനീയമായത് 1178 എണ്ണംമാത്രം. 72 ഗില്‍നെറ്റ് ബോട്ട് വേണ്ടിടത്ത് നിലവിലുള്ളത്രണ്ടായിരത്തോളം. ട്രോള്‍നെറ്റ് വലക്കണ്ണികള്‍ക്ക് കുറഞ്ഞത് 35 മില്ലിമീറ്റര്‍ വലുപ്പം വേണമെന്നാണ് നിഷ്കര്‍ഷയെങ്കിലും ഭൂരിപക്ഷം ബോട്ടുിലും ഉപയോഗിക്കുന്ന വലകളുടെ കണ്ണിവലുപ്പം 12 മുതല്‍ 18 വരെ മില്ലിമീറ്റര്‍മാത്രമാണ്. ഇതുമൂലം ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളാണ് നശിക്കുന്നത്. ഇതര സംസ്ഥാനങ്ങള്‍ 60 ശതമാനം മത്സ്യസമ്പത്തിനും മത്സ്യ ക്കൃഷിയെ ആശ്രയിക്കുമ്പോള്‍ കേരളത്തിലെ മത്സ്യക്കൃഷി കേവലം 15 ശതമാനത്തോളംമാത്രമാണ്. പത്തു ശതമാനംമാത്രം കടല്‍ ത്തീരമുള്ള കേരളം രാജ്യത്തിന്റെ മത്സ്യസമ്പത്തിന്റെ 25 ശതമാനത്തോളം  ഭാവനചെയ്യുന്നു.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 211110

3 comments:

  1. ഞായറാഴ്ച ലോകം വീണ്ടുമൊരു മത്സ്യത്തൊഴിലാളിദിനം ആചരിക്കുമ്പോള്‍ അമിത ചൂഷണവും അശാസ്ത്രീയ മീന്‍പിടുത്തവും കേരളതീരത്ത് ആശങ്കയേറ്റുന്നു. കാലാവസ്ഥാവ്യതിയാനം സമുദ്രത്തിന്റെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റവും മത്സ്യങ്ങളുടെ വന്‍തോതിലുള്ള വംശനാശഭീഷണിക്കു വഴിയൊരുക്കുന്നുണ്ട്. എണ്‍പതുകളില്‍ ഒരാള്‍ക്ക് മീന്‍പിടിക്കാന്‍ കടലില്‍ 16 ഏക്കര്‍ സ്ഥലം ലഭിച്ചിരുന്നെങ്കില്‍ മത്സ്യബന്ധന ഉരുക്കളുടെയും വള്ളങ്ങളുടെയും വര്‍ധനമൂലം ഇപ്പോഴിത് നാലിലൊന്നായി ചുരുങ്ങി. മീന്‍പിടുത്തച്ചെലവ് മൂന്നിരട്ടി വര്‍ധിച്ചു. എന്നാല്‍, ആളോഹരി ഉല്‍പാദനം നാലിലൊന്നായി ചുരുങ്ങിയതായി സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവ് ഡോ. ബി മധുസൂദനക്കുറുപ്പ് പറഞ്ഞു.

    ReplyDelete
  2. നമ്മള്‍ തന്നെയാണ് നമ്മുടെ ഘാതകര്‍
    നാമറിയാതെ തന്നെ നശിപ്പിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ തന്നെ നമ്മളെ തിരിഞ്ഞു കൊത്തും .

    ReplyDelete
  3. കൂടുതല്‍ ട്രോളറുകള്‍ക്ക് കടലില്‍ പോകേണ്ടി വന്നില്ലെങ്കില്‍ വളരെ അധികം തൊഴിലാളികള്‍ക്ക് പണി ഉണ്ടാകില്ല എന്നത് മറന്നു കൂടാ.

    ReplyDelete