Sunday, November 21, 2010

ഖനന ലൈസന്‍സിന് മക്കള്‍ക്ക് 21 കോടി രൂപ കൈക്കൂലി

കോടിക്കണക്കിനു രൂപയുടെ ഭൂമി കുംഭകോണത്തില്‍ കുടുങ്ങിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കുടുംബത്തിനെതിരെ കൂടുതല്‍ തെളിവ്. രണ്ടു കമ്പനിക്ക് ഖനന ലൈസന്‍സ് നല്‍കാന്‍ യെദ്യൂരപ്പയുടെ മക്കളും മരുമകനും 21 കോടി കൈക്കൂലി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ വ്യവസായമന്ത്രി മുരുകേഷ് നിരാനി, ബിജെപി എംഎല്‍എ സീമ മസൂതി എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ചിത്രദുര്‍ഗ ജില്ലയിലെ നിരോധിതമേഖലയില്‍ ഖനനം അനുവദിക്കുന്നതിനാണ് യെദ്യൂരപ്പയുടെ മക്കള്‍ 21 കോടി കൈക്കൂലി വാങ്ങിയത്. സൌത്ത് വെസ്റ് മൈനിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവരുടെ അക്കൌണ്ടില്‍ തുക നിക്ഷേപിച്ചത്. രാഘവേന്ദ്ര എംപിക്ക് 10 കോടിയും വിജയേന്ദ്രയ്ക്ക് അഞ്ചുകോടിയും മരുമകന്‍ സോഹന്‍കുമാറിന് 5.72 കോടിയുമാണ് നിക്ഷേപിച്ചത്.

2009 മാര്‍ച്ചിലാണ് ഇവര്‍ ഖനനാനുമതിക്കായി അപേക്ഷ നല്‍കിയത്. വിവാദത്തെത്തുടര്‍ന്ന് യെദ്യൂരപ്പയുടെ മക്കള്‍ തിരിച്ചുനല്‍കിയത് പാര്‍പ്പിടമേഖലയില്‍ സ്വന്തമാക്കിയ ഭൂമി മാത്രമാണെന്നും പുറത്തുവന്നു. വാണിജ്യാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കുമായി ലഭിച്ച ഭൂമി തിരികെ നല്‍കിയിട്ടില്ല. റെയ്ച്ചനഹള്ളി, ജിഗ്നി വ്യവസായമേഖല, ആര്‍എംവി സ്റേജ് എന്നിവിടങ്ങളില്‍ രാഘവേന്ദ്രയ്ക്ക് ലഭിച്ച നാലരയേക്കര്‍ ഭൂമി ഇനിയും കൈമാറിയിട്ടില്ല. 24 കോടിയോളം രൂപ വിലമതിക്കുന്നതാണിവ. ഇതിനൊപ്പം ശിവമോഗയില്‍ സഹ്യാദ്രി ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിന് അനുവദിച്ച അഞ്ചരയേക്കറും തിരിച്ചുനല്‍കിയില്ല. ധാര്‍വാഡില്‍ കെഐഎഡിബിഎ വ്യാവസായികാവശ്യത്തിനായി മാറ്റിവച്ച ഒന്നരയേക്കര്‍ ഭൂമിയാണ് ബിജെപി എംഎല്‍എ സീമ മസൂതിയുടെ സഹോദരന്‍ നാഗപ്പ അങ്കടിക്ക് കൈമാറിയത്. വ്യവസായമന്ത്രി മുരുകേഷ് നിരാനിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥലം അനുവദിച്ചത്. ഇതിനുപുറമെ മുരുകേഷ് നിരാനി മുന്‍കൈയെടുത്ത് 81 ഏക്കര്‍ നഗരപ്രാന്തത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന് അനുവദിച്ചു. 21 ലക്ഷം രൂപയ്ക്കാണ് ഇത്രയും സ്ഥലം അനുവദിച്ചത്. കാര്‍ഷികാവശ്യത്തിനും മറ്റുമായി നീക്കിവച്ച 200 ഏക്കറില്‍നിന്നാണ് 81 ഏക്കര്‍ കൈമാറിയത്.

ശിക്കാരിപുരയില്‍ രാഘവേന്ദ്ര നടത്തുന്ന സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണല്‍ ഇന്‍സ്റിറ്റ്യൂട്ടിനും 23 ഏക്കര്‍ അനധികൃതമായി അനുവദിച്ചതായും പുറത്തുവന്നു. സൌത്ത് വെസ്റ് മൈനിങ് കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെറ്റാണെന്ന് രാഘവേന്ദ്ര പ്രതികരിച്ചു. റെയ്ച്ചനഹള്ളിയിലുള്ള ഒരേക്കര്‍ സ്ഥലം പ്രസ്തുത കമ്പനിക്ക് വിറ്റിരുന്നെന്നും ഈ തുകയാണ് അക്കൌണ്ടില്‍ നിക്ഷേപിച്ചതെന്നും രാഘവേന്ദ്ര പറഞ്ഞു.ഭൂമി കുംഭകോണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കര്‍ണാടക ഐടി മന്ത്രിക്കെതിരെ കുറ്റപത്രം നല്‍കും

കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഡെവലപ്മെന്റ് ബോര്‍ഡ് വിവിധ വ്യാവസായിക പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവത്തില്‍ ഐടിമന്ത്രി കട്ട സുബ്രഹ്മണ്യനായിഡുവിനെതിരെ ലോകായുക്ത ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നഷ്ടപരിഹാരത്തുക കുടുംബാംഗങ്ങളുടെ പേരില്‍ തട്ടിയെടുത്ത കേസില്‍ മന്ത്രി സുബ്രഹ്മണ്യനായിഡുവിന് പുറമെ മകന്‍ കട്ട ജഗദീഷ്, ഭാര്യ എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കുന്നത്. 2007ല്‍ വ്യവസായമന്ത്രിയായിരിക്കെയാണ് കട്ട സുബ്രഹ്മണ്യനായിഡു ക്രമക്കേട് നടത്തിയത്. 2006ല്‍ ദേവനഹള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഇറ്റാസ്ക സോഫ്റ്റ്വെയര്‍ ആന്‍ഡ് യുണൈറ്റഡ് ടെലികോം എന്ന അമേരിക്കന്‍ കമ്പനിക്ക് പ്രത്യേക സാമ്പത്തികമേഖല സ്ഥാപിക്കാന്‍ 325 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിലാണ് കോടികളുടെ അഴിമതി നടത്തിയത്.

deshabhimani 211110

1 comment:

  1. കോടിക്കണക്കിനു രൂപയുടെ ഭൂമി കുംഭകോണത്തില്‍ കുടുങ്ങിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കുടുംബത്തിനെതിരെ കൂടുതല്‍ തെളിവ്. രണ്ടു കമ്പനിക്ക് ഖനന ലൈസന്‍സ് നല്‍കാന്‍ യെദ്യൂരപ്പയുടെ മക്കളും മരുമകനും 21 കോടി കൈക്കൂലി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ വ്യവസായമന്ത്രി മുരുകേഷ് നിരാനി, ബിജെപി എംഎല്‍എ സീമ മസൂതി എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ചിത്രദുര്‍ഗ ജില്ലയിലെ നിരോധിതമേഖലയില്‍ ഖനനം അനുവദിക്കുന്നതിനാണ് യെദ്യൂരപ്പയുടെ മക്കള്‍ 21 കോടി കൈക്കൂലി വാങ്ങിയത്. സൌത്ത് വെസ്റ് മൈനിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവരുടെ അക്കൌണ്ടില്‍ തുക നിക്ഷേപിച്ചത്. രാഘവേന്ദ്ര എംപിക്ക് 10 കോടിയും വിജയേന്ദ്രയ്ക്ക് അഞ്ചുകോടിയും മരുമകന്‍ സോഹന്‍കുമാറിന് 5.72 കോടിയുമാണ് നിക്ഷേപിച്ചത്.

    ReplyDelete