പ്രധാനമന്ത്രിയായതോടെ ഒരു പരീക്ഷയില്‍ നിന്ന് അടുത്ത പരീക്ഷയിലേക്ക് നീങ്ങുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിക്ക് സമാനമാണ് തന്റെ അവസ്ഥയെന്ന് മന്‍മോഹന്‍സിങ്. പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം സംഘടിപ്പിച്ച നേതൃസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ സുപ്രീം കോടതിയുടെ വിമര്‍ശം നേരിടുമ്പോഴാണ് പരീക്ഷണഘട്ടങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
"ഇന്ത്യയില്‍ നാം എപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്ന തോന്നലാണ് തനിക്കുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകുമ്പോഴും ഒരു രാജ്യം എന്ന നിലയില്‍ വിജയം കൈവരിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ചില കാര്യമെങ്കിലും ശരിയായ ദിശയില്‍ ചെയ്യാനാകുന്നു. അഴിമതിയെയും ദുര്‍ഭരണത്തെയുമൊക്കെ മറികടന്നാണ് ഇന്ത്യ മുന്നോട്ടുനീങ്ങുന്നത്''- പ്രധാനമന്ത്രി അവകാശപ്പെട്ടു.
സ്പെക്ട്രം അഴിമതിയടക്കം എല്ലാ വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളില്‍ സര്‍ക്കാരിന് ഭയമില്ല. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ടികളും സഹകരിക്കണം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമയമായതിനാല്‍ സ്പെക്ട്രം അഴിമതിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇക്കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, ഇതെല്ലാം സംഭവിക്കണമെങ്കില്‍ പാര്‍ലമെന്റ് സുഗമമായി നടത്താന്‍ അനുവദിക്കണം-പ്രധാനമന്ത്രി പറഞ്ഞു.
കാലതാമസത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി
സ്പെക്ട്രം അഴിമതിയില്‍ നിലപാട് വിശദീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അയച്ച കത്തിനോട് പ്രതികരിക്കാന്‍ വൈകിയെന്ന കോടതിയുടെ ആക്ഷേപം ശരിയല്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രികാര്യാലയത്തിലെ ഡയറക്ടര്‍ വി വിദ്യാവതിയാണ് മന്‍മോഹന്‍സിങ്ങിനുവേണ്ടി 11 പേജ് വരുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി അയച്ച കത്തിന്റെ കാര്യത്തില്‍ നടപടി എടുത്തിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, 2008 നവംബറില്‍ ആദ്യ കത്ത് ലഭിച്ചശേഷം മറുപടി അയക്കാന്‍ 16 മാസത്തോളം സമയമെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ല.
2008 നവംബര്‍ മുതല്‍ 2010 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിക്ക് അഞ്ചു കത്ത് സുബ്രഹ്മണ്യന്‍ സ്വാമി അയച്ചിരുന്നു. ആദ്യ കത്തയച്ചത് 2008 നവംബര്‍ ഇരുപതിനാണെങ്കിലും പ്രധാനമന്ത്രികാര്യാലയം നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത് 2009 മേയിലാണ്. പ്രോസിക്യൂഷന്‍ വശം പരിശോധിച്ച നിയമമന്ത്രാലയം കേസ് സിബിഐ അന്വേഷിക്കുന്നതിനാല്‍ ഇപ്പോള്‍ അനുമതിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് എത്തിയത്. ഇക്കാര്യം 2010 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രികാര്യാലയത്തെ അറിയിക്കുന്നത്. വീണ്ടും ഒരു മാസംകൂടി കഴിഞ്ഞാണ് മറുപടി സുബ്രഹ്മണ്യന്‍ സ്വാമിക്ക് ലഭിച്ചത്. ഓരോ ഘട്ടത്തിലും നീണ്ട ഇടവേള സംഭവിച്ചതിന് സത്യവാങ്മൂലത്തില്‍ കാരണം ബോധിപ്പിച്ചിട്ടില്ല. സ്പെക്ട്രം വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സത്യവാങ്മൂലമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജയുടെ പ്രോസിക്യൂഷന് അനുമതി തേടി തനിക്ക് ഇനി കീഴ്കോടതിയെ സമീപിക്കാമെന്നും സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ രണ്ടുദിവസമാണ് സുപ്രീംകോടതി സുബ്രഹ്മണ്യന്‍ സ്വാമിക്ക് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സ്പെക്ട്രം: രാജയുടെ ഇടപെടലിന് കൂടുതല്‍ തെളിവ്
രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തില്‍ താല്‍പ്പര്യമുള്ള കമ്പനികളെ സഹായിക്കാന്‍ മുന്‍ മന്ത്രി എ രാജ താല്‍പ്പര്യമെടുത്തതിന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകള്‍. 2007 സെപ്തംബര്‍ 25 വരെ സ്പെക്ട്രം ലൈസന്‍സിനായി അപേക്ഷിച്ച അര്‍ഹരായ എല്ലാവര്‍ക്കും താല്‍പ്പര്യക്കത്ത് അയക്കാന്‍ തീരുമാനം അറിയിച്ചുള്ള ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സ്വന്തം കൈപ്പടയില്‍ വരുത്തിയ തിരുത്താണ് രാജയുടെ നേരിട്ടുള്ള ഇടപെടലിന് വ്യക്തമായ തെളിവാകുന്നത്. 2007 നവംബര്‍ രണ്ടിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് തിരുത്തിയത്. 2007 ഒക്ടോബര്‍ ഒന്നുവരെ സ്പെക്ട്രം അപേക്ഷ സമര്‍പ്പിക്കാമെന്നായിരുന്നു ടെലികോംമന്ത്രാലയം ആദ്യം അറിയിച്ചത്. പിന്നീട് ഈ തീയതി സെപ്തംബര്‍ 25 വരെയായി ചുരുക്കിയെന്നും ഇതിനുശേഷമുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്നും കാണിച്ചാണ് നവംബര്‍ രണ്ടിന്റെ വാര്‍ത്താക്കുറിപ്പ്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത കമ്പനികളെ മത്സരത്തില്‍നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപേക്ഷ തീയതിയില്‍ ഒരാഴ്ചത്തെ മാറ്റം ടെലികോംവകുപ്പ് വരുത്തിയത്.
അര്‍ഹരായ എല്ലാ കമ്പനിക്കും താല്‍പ്പര്യക്കത്ത് അയക്കുമെന്ന് അറിയിക്കുന്ന കുറിപ്പില്‍ താല്‍പ്പര്യക്കത്തിലെ നിബന്ധന ആദ്യം പാലിക്കുന്ന കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും പറയുന്നു. ഒരേസമയം ഒന്നിലേറെ കമ്പനി താല്‍പ്പര്യക്കത്തിലെ നിബന്ധനകള്‍ പാലിക്കുന്ന സാഹചര്യമുണ്ടായാല്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഈ ഭാഗം പേനകൊണ്ട് വെട്ടി ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയാണ് രാജ ചെയ്തത്. താല്‍പ്പര്യമില്ലാത്ത കമ്പനികളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതും. പിന്നീട് താല്‍പ്പര്യക്കത്ത് നല്‍കുന്ന കാര്യത്തിലും രാജ ക്രമക്കേട് കാട്ടി. 2008 ജനുവരി പത്തിന് ഒരേ ദിവസം എല്ലാവര്‍ക്കും താല്‍പ്പര്യക്കത്ത് നല്‍കുകയായിരുന്നു. നിബന്ധനകള്‍ പാലിച്ച് കത്ത് വാങ്ങുന്നതിന് ഒരു മണിക്കൂര്‍ സമയംമാത്രമാണ് അനുവദിച്ചത്. താല്‍പ്പര്യമുള്ള കമ്പനികളെ നേരത്തെ അറിയിച്ചുകൊണ്ടായിരുന്നു ഈ നടപടി.
സ്പെക്ട്രം: വഴിവിട്ട നടപടികളുണ്ടായിട്ടില്ല- ദയാനിധി മാരന്‍
രണ്ടാംതലമുറ സ്പെക്ട്രം അനുവദിക്കാന്‍ താന്‍ ടെലികോം മന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഡിഎംകെ നേതാവും കേന്ദ്ര ടെക്സ്റൈല്‍ മന്ത്രിയുമായ ദയാനിധിമാരന്‍. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ആശയവിനിമയം ചോര്‍ന്നതാണ് ഇന്നത്തെ വിവാദങ്ങള്‍ക്ക് ആധാരം. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെക്ട്രത്തിന് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് 2006ല്‍ പ്രധാനമന്ത്രിക്കെഴുതിയ കത്ത് പര്‍വതീകരിച്ചാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ അധീനതയിലായിരുന്ന സ്പെക്ട്രം ടെലികോംമന്ത്രാലയത്തിനു കീഴിലാക്കുന്നതിന് മുന്‍കൈയെടുത്തത് താനാണെന്ന് ദയാനിധിമാരന്‍ അവകാശപ്പെട്ടു.
ദേശാഭിമാനി 211110
പ്രധാനമന്ത്രിയായതോടെ ഒരു പരീക്ഷയില്‍ നിന്ന് അടുത്ത പരീക്ഷയിലേക്ക് നീങ്ങുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിക്ക് സമാനമാണ് തന്റെ അവസ്ഥയെന്ന് മന്‍മോഹന്‍സിങ്. പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം സംഘടിപ്പിച്ച നേതൃസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ സുപ്രീം കോടതിയുടെ വിമര്‍ശം നേരിടുമ്പോഴാണ് പരീക്ഷണഘട്ടങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ReplyDelete