തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായ തിരിച്ചടിയെതുടര്‍ന്ന് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു എന്ന പ്രചാരണം കുത്തക മാധ്യമങ്ങളും വലതുപക്ഷ പാര്‍ടികളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. മുമ്പ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെതുടര്‍ന്ന് സിപിഐ (എം) പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ പത്രങ്ങള്‍വരെയുണ്ടായിരുന്നു. മാര്‍ക്സിസം-ലെനിനിസം അപ്രസക്തമായിയിരിക്കുന്നുവെന്നും ചരിത്രത്തിലെ അവസാനത്തെ വ്യവസ്ഥ മുതലാളിത്തമാണെന്നുമൊക്കെ അന്ന് പ്രചരിപ്പിക്കപ്പെട്ടു.
സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്കുശേഷം നടന്ന സിപിഐ (എം)ന്റെ പതിനാലാം കോണ്‍ഗ്രസ് മാര്‍ക്സിസം-ലെനിനിസത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ആ പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് 1993ല്‍ കല്‍ക്കത്തയില്‍വെച്ച് 'സമകാലിക ലോക പരിത:സ്ഥിതിയും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തെക്കുറിച്ച് സിപിഐ (എം)ന്റെ നേതൃത്വത്തില്‍ ഒരു സാര്‍വ്വദേശീയ സെമിനാര്‍ നടത്തിയത്. ആ സെമിനാറില്‍ 31 കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ പ്രാതിനിധ്യമാണുണ്ടായിരുന്നത്. തിരിച്ചടിക്കുശേഷമുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ തിരിച്ചുവരവായിരുന്നു അത്. ഇത്തരത്തിലുള്ള തിരിച്ചടികളുടെയും തിരിച്ചുവരവുകളുടെയും ചരിത്രമാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.
കമ്യൂണിസ്റ്റ് ലീഗും മൂന്ന് ഇന്റര്‍നാഷണലുകളും
ഇന്ന് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത് കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയാണ്. 1847ല്‍ ആണത് സ്ഥാപിതമായത്. കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യ പ്രഖ്യാപനമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ഈ സംഘടനയ്ക്ക് അധികകാലം നിലനില്‍ക്കാനായില്ല. 1857 നവംബര്‍ 7ന് കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടപ്പെട്ടു.
1857ല്‍ ലോകമുതലാളിത്ത വ്യവസ്ഥയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടര്‍ന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും പിന്നീട് ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ (ഒന്നാം ഇന്റര്‍ നാഷണല്‍) എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. 1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ടിന്‍സ് ഹാളില്‍വെച്ചാണ് ആ സംഘടന രൂപീകരിക്കപ്പെട്ടത്. ഏറെക്കുറെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും അതിന് ബഹുജന പിന്തുണയാര്‍ജിക്കുവാന്‍ കഴിഞ്ഞിരുന്നു. അന്തര്‍ദേശീയ തൊഴിലാളിവര്‍ഗത്തെ മുതലാളിത്ത വ്യവസ്ഥക്കെതിരെ ഒരു ഏകീകൃത ശക്തിയാക്കി അണിനിരത്തുന്നതിന് ഒന്നാം ഇന്റര്‍നാഷണലിന് കഴിഞ്ഞു.
1866, 1867, 1868, 1869 വര്‍ഷങ്ങളില്‍ ഇന്റര്‍ നാഷണലിന്റെ വാര്‍ഷിക കോണ്‍ഗ്രസുകള്‍ നടന്നു. പാരീസ് കമ്യൂണ്‍, ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള യുദ്ധം എന്നിവമൂലം 1871ല്‍ ഒരു അനൌപചാരിക സമ്മേളനമാണ് നടന്നത്. 1872ല്‍ ഹേഗില്‍വെച്ച് ഒന്നാം ഇന്റര്‍നാഷണലിന്റെ അവസാന കോണ്‍ഗ്രസ് നടന്നു. 1876ല്‍ അത് ഔപചാരികമായി പിരിച്ചുവിടപ്പെട്ടു.
1889ലാണ് രണ്ടാം ഇന്റര്‍നാഷണല്‍ രൂപീകൃതമാവുന്നത്. രണ്ടാം ഇന്റര്‍നാഷണലിന്റെ തീരുമാനപ്രകാരമാണ് സാര്‍വ്വദേശീയ തൊഴിലാളിദിനമായി മെയ് 1 ആചരിക്കപ്പെടാന്‍ തുടങ്ങിയത്. രണ്ടാം ഇന്റര്‍നാഷണല്‍ പതിനൊന്ന് കോണ്‍ഗ്രസ്സുകള്‍ നടത്തി. പന്ത്രണ്ടാം കോണ്‍ഗ്രസ് വിയന്നയില്‍ വെച്ച് 1914ല്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ഒന്നാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അത് നടന്നില്ല. യുദ്ധകാലത്ത് രണ്ടാം ഇന്റര്‍നാഷണലിന്റെ യുദ്ധവിരുദ്ധ നിലപാടില്‍നിന്ന് വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളായ പല നേതാക്കളും പിറകോട്ടുപോവുകയും സ്വന്തം രാജ്യത്തെ ഭരണകൂടങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ രണ്ടാം ഇന്റര്‍നാഷണല്‍ ശിഥിലമായി.
1919 മാര്‍ച്ചില്‍ മോസ്കോവില്‍ വെച്ചാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ (മൂന്നാം ഇന്റര്‍ നാഷണല്‍) രൂപീകരിക്കപ്പെട്ടത്. സായുധശക്തിയടക്കം എല്ലാ വിധ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് സാര്‍വ്വദേശീയ മുതലാളിത്തത്തെ അധികാരഭ്രഷ്ടമാക്കി ഭരണകൂടത്തെ തീര്‍ത്തും ഇല്ലാതാക്കുന്നതിനിടയിലുള്ള ഒരു സാര്‍വ്വദേശീയ സോവിയറ്റ് റിപ്പബ്ളിക് സ്ഥാപിക്കുക'' എന്ന ലക്ഷ്യത്തിനുവേണ്ടി പോരാടാനാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ രൂപീകരിക്കപ്പെട്ടത്. 1919നും 1935നും ഇടയില്‍ ഇന്റര്‍നാഷണലിന്റെ ഏഴ് കോണ്‍ഗ്രസുകളും 13 വിശാല പ്ളീനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 34 പാര്‍ട്ടികളില്‍നിന്നായി 52 പ്രതിനിധികളാണ് മൂന്നാം ഇന്റര്‍ നാഷണല്‍ രൂപീകരണത്തില്‍ പങ്കെടുത്തിരുന്നത്.
മൂന്നാം ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസില്‍വെച്ചാണ് ഇന്റര്‍ നാഷണലില്‍ അംഗമാകുന്നതിനുള്ള കമ്യൂണിസ്റ്റ് - തൊഴിലാളി പാര്‍ടികളുടെ യോഗ്യത നിശ്ചയിച്ചത്. ഫാസിസത്തിനെതിരായ ഐക്യമുന്നണിയുടെ അടവുകള്‍ രൂപപ്പെടുത്താനും കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന് കഴിഞ്ഞു. 1943 മെയ് 15ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പിരിച്ചുവിടപ്പെട്ടു. വിവിധ ദേശീയ രാഷ്ട്രങ്ങളിലെ മൂര്‍ത്ത സാഹചര്യങ്ങള്‍ വിലയിരുത്തി വിപ്ളവതന്ത്രവും അടവുകളും രൂപീകരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ പ്രാപ്തമായിരിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ പിരിച്ചുവിടപ്പെട്ടത്.
അതിനുശേഷം 1957ലും 1960ലും ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ സമ്മേളനങ്ങള്‍ നടത്തി. 1960ലെ മോസ്ക്കോ സമ്മേളനം അംഗീകരിച്ചതാണ് മോസ്കോ പ്രഖ്യാപനം. അതില്‍ 80 കമ്യൂണിസ്റ്റ് പാര്‍ടികള്‍ പങ്കെടുത്തിരുന്നു. സോഷ്യലിസ്റ്റ് ചേരിയുടെ കരുത്ത് പര്‍വ്വതീകരിച്ച് കണ്ടും മുതലാളിത്തത്തിന്റെ അതിജീവനത്തിനുള്ള കഴിവുകളെ നിസ്സാരവല്‍ക്കരിച്ചുമാണ് മോസ്കോ പ്രഖ്യാപനം പുറത്തുവന്നതെന്ന് അനന്തരകാല സംഭവവികാസങ്ങള്‍ തെളിയിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു വിഭാഗം സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്ത പുനഃസ്ഥാപനം നടന്നു.
ഈ തിരിച്ചടിക്കുശേഷം വിളിച്ചുചേര്‍ത്തതാണ് കല്‍ക്കത്ത സെമിനാര്‍. ഈ സെമിനാറില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് 1998-ല്‍ ഗ്രീസിലെ കമ്യൂണിസ്റ്റുപാര്‍ടി കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. അതിന്റെ തുടര്‍ച്ചയായി എല്ലാവര്‍ഷവും കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ സമ്മേളനങ്ങള്‍ നടന്നുവരുന്നുണ്ട്. അതില്‍ ഏഴു സമ്മേളനങ്ങള്‍ക്ക് തുടര്‍ച്ചയായി ആതിഥേയത്വംവഹിച്ചത് ഗ്രീസിലെ കമ്യൂണിസ്റ്റു പാര്‍ടിയായിരുന്നു. എട്ടാം സമ്മേളനം പോര്‍ച്ചുഗലിലെ ലിസ്ബനിലും ഒമ്പതാം സമ്മേളനം മോസ്കോവിലും ബെലാറസിലും പത്താം സമ്മേളനം ബ്രസീലിലെ സാവോപോളോയിലും പതിനൊന്നാം സമ്മേളനം കഴിഞ്ഞവര്‍ഷം നവംബര്‍ 21 മുതല്‍ 23 വരെ ദല്‍ഹിയിലും നടന്നു.
12-ാം സാര്‍വ്വദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടിയാണ്. 2010- ഡിസംബര്‍ 3-5 തീയതികളില്‍ ദക്ഷിണാഫ്രിക്കയിലെ ഷ്വെയ്വന്‍ പട്ടണത്തിലെ സ്വാന്‍ലേക് കോണ്‍ഫറന്‍സ് സെന്ററില്‍വെച്ചാണ് ഈ സമ്മേളനം നടന്നത്. 'മുതലാളിത്തത്തില്‍ ആഴമേറിവരുന്ന വ്യവസ്ഥാ പ്രതിസന്ധി, പരമാധികാര സംരക്ഷണം, തീവ്രമാകുന്ന സാമൂഹ്യസഖ്യങ്ങള്‍, സമാധാനത്തിനും പുരോഗതിക്കും സോഷ്യലിസത്തിനുംവേണ്ടിയുള്ള പോരാട്ടത്തിലും സാമ്രാജ്യത്വവിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിലും 'കമ്യൂണിസ്റ്റുകാരുടെ കടമകള്‍' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളന ചര്‍ച്ചകള്‍ നടന്നത്.
2008ലും 2009ലും നടന്ന സമ്മേളനങ്ങള്‍ ചൂണ്ടിക്കാണിച്ചതുപോലെ മുതലാളിത്ത പ്രതിസന്ധി രൂക്ഷമായി വരികയാണ്. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നത്. അതിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ ഫലമായ പുരോഗമനശക്തികള്‍ വളരുന്നുണ്ട്. എന്നാല്‍ അതിനോടൊപ്പംതന്നെ പ്രതിഷേധങ്ങളെ മുതലെടുക്കാന്‍ വലതുപക്ഷ ശക്തികളും ശ്രമിക്കുന്നുണ്ട്.
ഈ സ്ഥിതിവിശേഷത്തെമുറിച്ച് കടക്കുന്നതിന് മുഖ്യമായും ആവശ്യമായിരിക്കുന്നത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗപരമായ സംഘാടനംതന്നെയാണ്. തൊളിലാളിവര്‍ഗ്ഗ ഐക്യത്തിലൂടെ മാത്രമെ കര്‍ഷകരും നഗര-ഗ്രാമീണ ദരിദ്രജനവിഭാഗങ്ങളും, നഗരത്തിലെ ഇടത്തരക്കാരും ബുദ്ധിജീവികളുമൊക്കെയായി ശക്തമായ സഖ്യം രൂപപ്പെടുത്താന്‍ കഴിയൂ. അത്തരമൊരു ഐക്യ പ്രസ്ഥാനത്തിന് മാത്രമെ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവൂ. ഇതോടൊപ്പംതന്നെ കുത്തക വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ലോകത്തിലെ കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ സ്വതന്ത്രമായ മേല്‍ക്കൈയും ഐക്യവും ശക്തിപ്പെടുത്തിക്കൊണ്ടേ വിശാലമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കാനാവൂ.
വര്‍ഗസമരത്തെ തള്ളിക്കളയുന്നതും ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തി അംഗീകരിക്കാത്തതുമായ തെറ്റായ പ്രത്യയശാസ്ത്ര പ്രവണതകളെയും സോഷ്യല്‍ ഡെമോക്രാറ്റിക് ധാരണകളെയും തുറന്നുകാണിക്കണം എന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
സാര്‍വ്വദേശീയാടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍പോലെ ഒരു സംഘടന നിലവിലില്ലെങ്കിലും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ ദിശാബോധം നല്‍കുന്ന ഒന്നായി കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ അഖിലലോക സമ്മേളനങ്ങള്‍ മാറിയിരിക്കുന്നു.
കെ എ വേണുഗോപാലന്‍ ചിന്ത 171210
വര്‍ഗസമരത്തെ തള്ളിക്കളയുന്നതും ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തി അംഗീകരിക്കാത്തതുമായ തെറ്റായ പ്രത്യയശാസ്ത്ര പ്രവണതകളെയും സോഷ്യല്‍ ഡെമോക്രാറ്റിക് ധാരണകളെയും തുറന്നുകാണിക്കണം എന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ReplyDeleteസാര്‍വ്വദേശീയാടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍പോലെ ഒരു സംഘടന നിലവിലില്ലെങ്കിലും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ ദിശാബോധം നല്‍കുന്ന ഒന്നായി കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ അഖിലലോക സമ്മേളനങ്ങള്‍ മാറിയിരിക്കുന്നു.